ADVERTISEMENT

കോഴിക്കോട്∙ ക്രേസ് ബിസ്കറ്റ്സ് കേരളത്തിൻറെ വ്യവസായ മേഖലയ്ക്ക് നൽകുന്നത് പുത്തൻ ഊർജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് കിനാലൂർ കെഎസ്ഐഡിസി ഇൻഡസ്ട്രിയൽ പാർക്കിലെ ക്രേസ് ബിസ്ക്കറ്റ് ഫാക്ടറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഒരു ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള ക്രേസ് ഫാക്ടറി, കേരളത്തിലെ ഏറ്റവു വലിയ ഫുഡ് ആൻഡ് കൺഫക്ഷണറി ഫാക്ടറിയാണ്. കേരളത്തിൽ നിന്നും ആഗോള നിലവാരത്തിലുള്ള ഒരു ബ്രാൻഡ് ഉൽപാദിപ്പിക്കപ്പെടുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. കേരളം വലിയ തോതിൽ മാറി എന്നത് വസ്തുതാപരമായ കാര്യമാണെന്നതിന്റെ തെളിവാണ് ക്രേസ് ബിസ്കറ്റ്സെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ നല്ല നിലയിൽ പ്രവർത്തിച്ച ബിസ്കറ്റ് കമ്പനിയാണ് ക്രേസ് ബിസ്കറ്റ്സ്. ആളുകൾക്ക് പ്രിയപ്പെട്ട ഒന്നായിരുന്നു. അതാണിപ്പോൾ ഒരിടവേളയ്ക്ക് ശേഷം തിരിച്ചു വരുന്നത്. തീർച്ചയായും സന്തോഷകരമായ കാര്യമാണിത്. ക്രേസ് ബിസ്കറ്റ്സിനെ മെയ്ഡ് ഇൻ കേരള എന്ന നിലയ്ക്കാണ് ദേശീയ-രാജ്യാന്തര വിപണിയിൽ മാർക്കറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നത് ശ്ലാഘനീയമാണ്. എല്ലാമുണ്ടായിട്ടും, കേരളത്തിലേയ്ക്ക് വലിയ തോതിൽ പാക്ക് ചെയ്ത പുറത്തുനിന്നുള്ള ഉൽപന്നങ്ങൾ വരുന്ന അവസ്ഥയുണ്ടായി. ആ വരവിൽ അവരോട് മത്സരിച്ച ചില സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയിലെത്തി.

craze
കോഴിക്കോട് കിനാലൂർ കെഎസ്ഐഡിസി ഇൻഡസ്ട്രിയൽ പാർക്കിലെ ക്രേസ് ബിസ്കറ്റ്സ് ഫാക്ടറി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ പി.രാജീവ്, പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, എം.കെ.രാഘവൻ എംപി, കെ.എം.സച്ചിൻ ദേവ് എംഎൽഎ, കെ.സുരേന്ദ്രൻ, എ.പി.എം.മുഹമ്മദ് ഹനീഷ്, എസ്.ഹരികിഷോർ, അബ്ദുൾ അസീസ് ചൊവ്വഞ്ചേരി, വി.എ.ശ്രീകുമാർ, അഹമ്മദ് കോയ ഹാജി, ഫസീല അസീസ്, അലി സിയാൻ തുടങ്ങിയവർ സമീപം.

വ്യവസായത്തിന് അനുകൂലമായ ഘടകങ്ങൾ പ്രത്യേകമെടുത്ത് പരിശോധിച്ചാൽ അതിലെല്ലാം നമ്മുടെ നാട് ഇപ്പോൾ എത്രയോ മുന്നിലാണ്. ആരോഗ്യമുള്ള ജനത, മെച്ചപ്പെട്ട കൂലി, ഉന്നതവിദ്യാഭ്യാസം ലഭിച്ച മനുഷ്യവിഭവശേഷി, ജലസമൃദ്ധമായ പുഴകളും ജലാശയങ്ങളും- ഏത് ഘടകം പരിശോധിച്ചാലും ഏതൊരു സംസ്ഥാനത്തെ അപേക്ഷിച്ചും നാം നമ്മുടെ രാജ്യത്ത് മുന്നിലാണ്. പക്ഷേ ഭൂമി കൂടുതലായില്ല. പശ്ചാത്തല സൗകര്യം അടക്കമുള്ള വികസന പദ്ധതികളെല്ലാം കൃത്യമായ ദിശാബോധത്തോടെയാണ് സർക്കാർ നടപ്പാക്കി വരുന്നത്. വ്യവസായ സംരംഭങ്ങൾ, ചെറുകിട- ഇടത്തരം വ്യവസായങ്ങളെല്ലാം പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് നമ്മുടെ സംസ്ഥാനം സ്വീകരിക്കുന്നത്. നാടിന്റെ ഭാവി മുന്നിൽ കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് നമ്മുടെ സംസ്ഥാനത്ത് നടക്കുന്നത്. രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ നാമിപ്പോൾ പതിനഞ്ചാമതാണ്. അത് കൂടുതൽ മുന്നേറാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് അന്തരീക്ഷമാണ് കേരളത്തിൽ നിലനിൽക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

വേഗത്തിൽ വളരുന്ന വ്യവസായമാണ് ബിസ്ക്കറ്റ് വിപണി. അമേരിക്കയും ചൈനയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ബിസ്ക്കറ്റ് കഴിക്കുന്നവരുടെ നാട് ഇന്ത്യയാണെന്ന് അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇന്ന് കേരളത്തിൽ 50 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായമാണെങ്കിൽ മൂന്നു വർഷത്തേക്ക് ഒരു അനുമതിയുമില്ലാതെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന നിയമം കേരളം പാസാക്കിയിട്ടുണ്ട്. എല്ലാ രേഖകളുമായി അപേക്ഷ സമർപ്പിച്ചാൽ ഏതൊക്കെ വകുപ്പുകളുടെയും അനുമതി ഒരാഴ്ചയ്ക്കുള്ളിൽ ഉറപ്പു വരുത്തുന്ന നിയമവും കേരളം പാസാക്കിയിട്ടുണ്ട്. ഇത്തരത്തിൽ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാവാത്ത നിയമനിർമാണങ്ങൾ കേരളം നടത്തി. 1,06,380 പുതിയ സംരംഭങ്ങൾ എട്ടു മാസത്തിനുള്ളിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്- പി. രാജീവ് പറഞ്ഞു.

craze-inaguration
കോഴിക്കോട് കിനാലൂർ കെഎസ്ഐഡിസി ഇൻഡസ്ട്രിയൽ പാർക്കിലെ ക്രേസ് ബിസ്കറ്റ്സ് ഫാക്ടറി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

ആഗോള ബ്രാൻഡ് കേരളത്തിൽ നിന്നുണ്ടാകുന്നത് വലിയ അംഗീകാരമാണെന്ന് ക്രേസ് ബിസ്ക്കറ്റ്സിന്റെ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

വനം മന്ത്രി എ.കെ.ശശീന്ദ്രൻ ആസ്‌കോ ഗ്ലോബൽ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു. തുറമുഖം-മ്യൂസിയം-പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ഉദ്ഘാടനം ചെയ്തു. എം.കെ.രാഘവൻ എംപി, കെ.എം.സച്ചിൻ ദേവ് എംഎൽഎ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, വ്യവസായ-വിദ്യാഭ്യാസ-റവന്യൂ (വഖഫ്) പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ്.ഹരികിഷോർ, ക്രേസ് ബിസ്കറ്റ്സ് ചെയർമാൻ അബ്ദുൾ അസീസ് ചൊവ്വഞ്ചേരി, ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ് വി.എ.ശ്രീകുമാർ, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടിക്കൃഷ്ണൻ, വാർഡ് അംഗം റംല വെട്ടത്ത്, അഹമ്മദ് കോയ ഹാജി, ക്രേസ് ബിസ്ക്കറ്റ്സ് ഡയറക്ടർമാരായ ഫസീല അസീസ്, അലി സിയാൻ, സമിൻ അബ്ദുൾ അസീസ്, ആമിന സില്ല, സിഎഫ്ഒ പ്രശാന്ത് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

ജിസിസി, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന ബിസിനസ് ശൃംഖലകളുള്ള ആസ്‌കോ ഗ്ലോബൽ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ നിർമ്മാണ സംരംഭമാണ് ക്രേസ് ബിസ്‌ക്കറ്റ്‌സ് ഫാക്ടറി. അതിനൂതന സാങ്കേതിക വിദ്യയും രാജ്യാന്തര പ്രശസ്തി നേടിയ ഫുഡ് ടെക്നോളജിസ്റ്റുകൾ നേരിട്ടു തയ്യാറാക്കുന്ന രുചിക്കൂട്ടുകളും ക്രേസ് ബിസ്‌ക്കറ്റുകളുടെ പ്രത്യേകതകളാണ്.

ഇരുപത്തി രണ്ടോളം രുചിഭേദങ്ങളുമായി ക്രേസ്, കേരളത്തിന്റെ പുതിയ ക്രേസായി കഴിഞ്ഞു. കാരമൽ ഫിംഗേഴ്‌സ്, കാർഡമം ഫ്രഷ്, കോഫി മാരി, തിൻ ആരോറൂട്ട്, മിൽക്ക് ക്രഞ്ച്, കാഷ്യൂ കുക്കി, ബട്ടർ കുക്കി, പെറ്റിറ്റ് ബുറോ, ചോക്കോ ഷോർട്ട് കേക്ക്, ഫിറ്റ് ബൈറ്റ് തുടങ്ങി 22ഓളം വൈവിധ്യമാർന്ന ബിസ്‌കറ്റ് ഇനങ്ങളാണ് ക്രേസ് വിപണിയിലിറക്കിയിരിക്കുന്നത്.

 

English Summary: Craze biscuits factory inauguration at Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com