ഓഹരി സൂചികകൾക്കും കരുതൽ തടങ്കൽ
Mail This Article
ഏറെ താഴോട്ടുപോകാൻ കഴിയില്ലെന്നുറച്ചും എന്നാൽ വലിയൊരു മുന്നേറ്റത്തിനു സാധ്യതയില്ലെന്നു നിനച്ചും ഏതാനും ആഴ്‌ചകളായി ഒരേ പരിധിക്കുള്ളിൽ ഒതുങ്ങിയിരിക്കുകയാണ് ഓഹരി വിപണി. തീർത്തും അനിശ്‌ചിതമായ അവസ്‌ഥ. ഇതിനൊരു മാറ്റം പ്രതീക്ഷിക്കാനാകാത്തവിധമുള്ള കരുതലിന്റെ വാരത്തിനാണ് ഇന്നും തുടക്കമാകുന്നത്. ഇന്ന് ആരംഭിക്കുന്ന വ്യാപാരവാരത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്; 26ലെ റിപ്പബ്ലിക് ദിന അവധി മൂലം ഇടപാടുകൾ നാലു ദിവസം മാത്രം. അതിനാൽ കൂടുതൽ കരുതൽ പ്രകടമാകാനുള്ള സാധ്യതയാണുള്ളത്.
വിപണിയിലെ അനിശ്‌ചിതത്വത്തിനു പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്. കേന്ദ്ര ബജറ്റ് സംബന്ധിച്ച ആശങ്കയാണ് ഒന്ന്. പരോക്ഷ നികുതികൾ പരിഗണനാവിഷയം അല്ലാതായതോടെ കേന്ദ്ര ബജറ്റിന്റെ പ്രാധാന്യത്തിന് ഇടിവുണ്ടായിട്ടുണ്ടെങ്കിലും ആദായ നികുതി, മൂലധന വർധന നികുതി, വളം സബ്‌സിഡി, തൊഴിലവസരസൃഷ്‌ടി, അടിസ്‌ഥാനസൗകര്യ വികസനം തുടങ്ങിയവയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന നിർദേശങ്ങൾ വിപണിക്കു വളരെ വിലപ്പെട്ടതായിരിക്കും.
അനിശ്‌ചിതത്വത്തിനുള്ള അടുത്ത കാരണം ബജറ്റ് അവതരിപ്പിക്കപ്പെടുന്ന ഫെബ്രുവരി ഒന്നിനുതന്നെയാണു യുഎസ് ഫെഡറൽ റിസർവിന്റെ പലിശ സംബന്ധമായ തീരുമാനം പുറത്തുവരുന്നത് എന്നതാണ്. ഇന്ത്യൻ വിപണിയിൽ വിദേശ ധനസ്‌ഥാപനങ്ങളുടെ വൻതോതിലുള്ള ഓഹരി വിൽപന നടന്നുവരുന്ന സാഹചര്യത്തിൽ ഫെഡ് റിസർവിന്റെ തീരുമാനത്തിനു വലിയ പ്രസക്‌തിയാണുള്ളത്. 20,000 കോടിയോളം രൂപയ്‌ക്കുള്ള ഓഹരികൾ വിദേശ ധനസ്‌ഥാപനങ്ങൾ ഈ മാസംതന്നെ വിറ്റുമാറിക്കഴിഞ്ഞു. 2022 ജൂണിൽ 50,203 കോടിയുടെ ഓഹരികൾ വിറ്റുമാറിയശേഷം ഇത്ര വിലയ പ്രതിമാസ വിൽപന ആദ്യമാണ്.
അതിനിടെ, വിദേശ ധനസ്‌ഥാപനങ്ങളുടെ ഓഹരി വിൽപന ഇന്ത്യൻ വിപണിയെ ദുർബലപ്പെടുത്തുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്നു സൂചിപ്പിക്കുന്ന നിരീക്ഷണമാണു ധനസേവന രംഗത്തെ പ്രമുഖരായ എച്ച്‌എസ്‌ബിസിയിൽനിന്നു പുറത്തുവന്നിരിക്കുന്നത്. ആഗോള സൂചികകളിൽ ഇന്ത്യയ്‌ക്കുള്ള പ്രാതിനിധ്യം വർധിച്ചിരിക്കെ വിദേശത്തുനിന്നു മുമ്പത്തെ തോതിൽ പണപ്രവാഹത്തിനു സാധ്യതയുണ്ടെന്ന അനുമാനമാണ് എച്ച്‌എസ്‌ബിസിയുടേത്.
കടന്നുപോയ ആഴ്‌ച 18,027.65 പോയിന്റിൽ അവസാനിച്ച നിഫ്‌റ്റിക്ക് ഈ ആഴ്‌ചയിലും 17,750 പോയിന്റ് നിലവാരത്തിൽ ശക്‌തമായ പിന്തുണ പ്രതീക്ഷിക്കുന്നു. 18,250 – 18,350 പോയിന്റിൽ പ്രതിരോധവും ശക്‌തമായിരിക്കും. വിരസമായേക്കാവുന്ന ഈ ദിനങ്ങൾ പിന്നിട്ടാൽ വിപണിയെ കാത്തിരിക്കുന്നതു വലിയ വാർത്തകളുടെ വാരം.