ADVERTISEMENT

മുംബൈ/വാഷിങ്ടൻ∙ വിമാന നിർമാണക്കമ്പനികളായ എയർബസ്, ബോയിങ് എന്നിവയിൽനിന്നായി 470 വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ കരാർ ഒപ്പിട്ടു. ഇന്ത്യൻ വ്യോമയാനചരിത്രത്തിലെ വലിയ ഒറ്റത്തവണ വിമാനക്കരാറാണിത്. ടാറ്റ ഏറ്റെടുത്ത ശേഷമുള്ള എയർ ഇന്ത്യയുടെ ആദ്യ വിമാന ഓർഡറും. 17 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് എയർ ഇന്ത്യ വിമാന ഓർഡർ നൽകുന്നതെന്ന പ്രത്യേകതയുമുണ്ട്.  ഫ്രഞ്ച് വിമാനനിർമാണക്കമ്പനി എയർബസിൽനിന്ന് 40 വമ്പൻ വിമാനങ്ങളുൾപ്പെടെ 250 എയർക്രാഫ്റ്റുകൾ വാങ്ങും. 

40 എണ്ണം എ350 വിമാനങ്ങളാണ്. 16 മണിക്കൂറിലേറെ പറക്കുന്ന റൂട്ടിലാകും ഇവ മുഖ്യമായും ഉപയോഗിക്കുക. ഈ ട്വിൻ എൻജിൻ ജെറ്റ് വിമാനം രണ്ടു വകഭേദങ്ങളിലാണ് വരുന്നത്. എ350–900 മോഡൽ 350 യാത്രക്കാരെ വഹിക്കും. എ350–1000ന് 410 യാത്രക്കാരെ കൊണ്ടുപോകാൻ സാധിക്കും. എ320 നിയോ നാരോബോഡി എയർക്രാഫ്റ്റ് ആണ് ബാക്കി 210 എണ്ണം. 194 യാത്രക്കാരെ വഹിക്കാനാകും. യുഎസ് കമ്പനിയായ ബോയിങ്ങിൽനിന്ന് 220 വിമാനങ്ങളാണ് വാങ്ങുക. 3400 കോടി ഡോളറിന്റെ കരാറിനെ ചരിത്രപരമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചു. 

flight-2

കരാറിന്റെ ഫലമായി അമേരിക്കയിലെ 44 സ്റ്റേറ്റുകളിലായി 10 ലക്ഷം തൊഴിൽ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 190 ബി737 മാക്സ്, 20 ബി787, 10 ബി777–9എക്സ് എന്നീ വിമാനങ്ങളാണ് വാങ്ങുക. അധികമായി 50 വിമാനങ്ങൾ വാങ്ങാനുള്ള ഓപ്ഷനും കരാറിലുണ്ട്. ഇതുൾപ്പെടെ 4590 കോടി ഡോളറിന്റേതാണ് ഇടപാട്. ബോയിങ്ങിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ വിമാന ഇടപാടാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ എന്നിവർ പങ്കെടുത്ത വെർച്വൽ കോൺഫറൻസിലാണ് ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ എയർബസുമായുള്ള കരാർ വിവരം പ്രഖ്യാപിച്ചത്. 

കരാർ ഇന്ത്യൻ വ്യോമയാനമേഖലയിലെ സുപ്രധാന ചുവടുവയ്പ്പാണെന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യ–ഫ്രഞ്ച് ബന്ധം ഇതിലൂടെ കൂടുതൽ ദൃഢമാകുമെന്നും പറഞ്ഞു. വ്യോമയാനമേഖലയിലെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയായി ഇന്ത്യ മാറും. 15 വർഷത്തിനുള്ളിൽ 2000 വിമാനങ്ങൾ കൂടുതലായി വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 

ടാറ്റ ചെയർമാൻ രത്തൻ ടാറ്റ, എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസൻ, എയർബസ് സിഇഒ ഗില്ലോമെ ഫൗരി എന്നിവരും സന്നിഹിതരായിരുന്നു. എയർക്രാഫ്റ്റ് എൻജിൻ സർവീസിനുള്ള കേന്ദ്രം ഇന്ത്യയിൽ തുടങ്ങാനുള്ള ഫ്രഞ്ച് കമ്പനി സാഫ്രന്റെ തീരുമാനത്തെയും മോദി പ്രകീർത്തിച്ചു. ആദ്യവിമാനം ഈ വർഷം അവസാനത്തോടെ ലഭിക്കും. ഇതിനുമുൻപ്  2005ലാണ് 111 വിമാനങ്ങൾക്ക് എയർ ഇന്ത്യ ഓർഡർ നൽകിയത്. 

flight-1

വിമാനഭാഗം കയറ്റിയയച്ച് ടാറ്റ ബോയിങ് എയറോസ്പേസ്

മുംബൈ∙ ടാറ്റ ബോയിങ് എയറോസ്പേസ് ഹൈദരാബാദിലെ കേന്ദ്രത്തിൽ ഉൽപാദിപ്പിച്ച വിമാനനിർമാണ ഘടകമായ വെർട്ടിക്കൽ ഫിൻ ആദ്യമായി കയറ്റി അയച്ചു. ബോയിങ്ങിന്റെ വാഷിങ്ടനിലെ പ്ലാന്റിൽ ബോയിങ് 737 വിമാനത്തിന്റെ നിർമാണത്തിനാണ് ഇത് ഉപയോഗിക്കുക. ടാറ്റയും ബോയിങ്ങും തമ്മിലുള്ള സംയുക്ത സംരംഭമാണ് ടാറ്റ ബോയിങ് എയറോസ്പേസ്. വായുചലനം നിയന്ത്രിക്കാൻ വിമാനത്തിന്റെ ബോഡിക്കു പുറത്ത് പിന്നിൽ ഘടിപ്പിക്കുന്ന ഭാഗമാണ് വെർട്ടിക്കൽ ഫിൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com