മൊത്തവിപണിയിൽ വിലക്കയറ്റം കുറഞ്ഞു
Mail This Article
ന്യൂഡൽഹി∙ ചെറുകിട വിപണിയിൽ വിലക്കയറ്റം കൂടിയപ്പോഴും മൊത്തവിപണിയിലെ വിലക്കയറ്റത്തിൽ കുറവ്. മൊത്ത വില അടിസ്ഥാനമാക്കിയുള്ള (ഡബ്ല്യുപിഐ) നാണ്യപ്പെരുപ്പ നിരക്ക് കഴിഞ്ഞ 24 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 4.73 ശതമാനത്തിലെത്തി. ഡിസംബറിൽ ഇത് 4.95% ആയിരുന്നു.
രാസവസ്തുക്കൾ, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, തുണിത്തരങ്ങൾ എന്നിവയിലെ കുറവാണ് നിരക്കിൽ പ്രതിഫലിച്ചത്. ഭക്ഷ്യവസ്തുക്കളുടെ നിരക്ക് ഉയർന്നു. 19 മാസമായി രണ്ടക്കസംഖ്യയായിരുന്ന ഡബ്ല്യുപിഐ നിരക്ക് ഒക്ടോബറിലാണ് 8.39ലേക്ക് കുറഞ്ഞത്.
കമ്പനികൾ തമ്മിലുള്ള ചരക്ക് കൈമാറ്റം വിലയിരുത്തി ഉൽപാദനവുമായി ബന്ധപ്പെട്ട വിലക്കയറ്റ തോതാണ് ഡബ്ല്യുപിഐ. ജനങ്ങൾ നേരിട്ട് വാങ്ങുന്ന ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വിലക്കയറ്റ തോതാണ് സിപിഐ. പലിശനിരക്ക് വർധനയ്ക്ക് സിപിഐ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോതാണ് പരിഗണിക്കുന്നത്. ഡബ്ല്യുപിഐ കുറഞ്ഞാലും സിപിഐ ഉയർന്നു നിൽക്കുന്നതിനാൽ ഏപ്രിലിലും പലിശവർധന പ്രതീക്ഷിക്കാം.