ADVERTISEMENT

കൊച്ചി ∙ 2022 – 23 സാമ്പത്തിക വർഷം മാർച്ച് 31ന് അവസാനിക്കാനിരിക്കെ പല നികുതി, നിയമ വ്യവസ്ഥകളും പാലിച്ചെന്ന് ഉറപ്പാക്കേണ്ട സമയമാണിത്. പല ആനുകൂല്യങ്ങളും ഇളവുകളും നേടിയെടുക്കാനുള്ള ഈ വർഷത്തെ അവസാന അവസരവും ഇതാണ്. 

പാൻ – ആധാർ ലിങ്ക് 

 പാൻ – ആധാർ ലിങ്ക് ചെയ്യേണ്ട അവസാന ദിനം 31. അതിനു ശേഷവും ലിങ്ക് ചെയ്യാൻ സാധിക്കുമെങ്കിലും പിഴ ഈടാക്കും. ലിങ്ക് ചെയ്യാത്തവർക്കും ആദായ നികുതി റിട്ടേൺ സമർപ്പിക്കാം. എന്നാൽ അത്തരം റിട്ടേണുകൾ പ്രോസസ് ചെയ്യുന്നതല്ലെന്ന് ആദായ നികുതി വകുപ്പിന്റെ അറിയിപ്പുണ്ട്.

മ്യൂച്വൽ ഫണ്ട്

 മ്യൂച്വൽ ഫണ്ടുകളുടെ വിവിധ നിക്ഷേപ പദ്ധതികളിൽ അംഗങ്ങളായിട്ടുള്ളവർ 31 നു മുൻപ് അവകാശിയെ നാമനിർദേശം ചെയ്യണം. നാമനിർദേശം ചെയ്യാത്തവർക്കു യൂണിറ്റുകളുടെ ക്രയവിക്രയം സാധ്യമാകില്ല.

ഓഹരി നിക്ഷേപം

 ഓഹരി നിക്ഷേപകർ ഡീമാറ്റ് അക്കൗണ്ടിൽ നോമിനിയുടെ പേരു നിർദേശിക്കേണ്ട അവസാന ദിനവും 31. 

‘അമൃത് കലശ്’ പദ്ധതി

 സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘അമൃത് കലശ്’ എന്ന പേരിലുള്ള 400 ദിവസ സ്‌ഥിര നിക്ഷേപ പദ്ധതിയിൽ 31 വരെ മാത്രമേ ചേരാനാകൂ. 7.10% പലിശ വാഗ്‌ദാനം ചെയ്യുന്ന പ്രത്യേക പദ്ധതിയാണിത്. മുതിർന്ന പൗരന്മാർക്ക് 7.60% പലിശ ലഭിക്കും.

എസ്‌ബിഐ ക്രെഡിറ്റ് കാർഡ്‌സ്

 എസ്‌ബിഐ ക്രെഡിറ്റ് കാർഡ്‌സ് ആൻഡ് പേയ്‌മെന്റ് സർവീസസ് ലിമിറ്റഡിൽനിന്നുള്ള ഇടക്കാല ലാഭവീതത്തിന് അർഹതയുള്ളവരെ നിർണയിക്കുന്ന റെക്കോർഡ് തീയതി 29. 

നികുതി ആനുകൂല്യം

 ആദായ നികുതി നിയമത്തിലെ 80 സി വകുപ്പു പ്രകാരമുള്ള ആനുകൂല്യം ലഭിക്കാൻ പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, ഓഹരി അധിഷ്ഠിത സമ്പാദ്യ പദ്ധതി (ഇഎൽഎസ്എസ്) തുടങ്ങിയവയിൽ നിക്ഷേപം നടത്തേണ്ട അവസാന തീയതി 31.

പ്രധാൻ മന്ത്രി വയ വന്ദന യോജന

 ഇൻഷുറൻസ് – കം – പെൻഷൻ പദ്ധതിയായ പ്രധാൻ മന്ത്രി വയ വന്ദന യോജനയിൽ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. മുതിർന്ന പൗരന്മാർക്കു സ്ഥിരവരുമാനം വാഗ്ദാനം ചെയ്യുന്ന പദ്ധതിയുടെ നിലവിലെ പലിശ നിരക്ക് 7.40 ശതമാനം. മാർച്ച് 31 വരെ പദ്ധതിയിൽ ചേരാം.

ഇൻഷുറൻസ് പോളിസി

 അഞ്ചു ലക്ഷം രൂപയിൽ കൂടുതൽ തുകയുടെ ഹൈ പ്രീമിയം ലൈഫ് ഇൻഷുറൻസ് പോളിസിയിന്മേൽ ആദായ നികുതി ഇളവു ലഭിക്കണമെങ്കിൽ മാർച്ച് 31നു മുൻപു പോളിസി വാങ്ങിയിരിക്കണം.

പഴയ റിട്ടേൺ സ്വീകരിക്കും

 2019 – 2020ലെ ആദായത്തിന്റെ അടിസ്ഥാനത്തിലുള്ള പരിഷ്കരിച്ച റിട്ടേൺ നിബന്ധനകൾക്കു വിധേയമായി 31 വരെ സ്വീകരിക്കും. റിട്ടേൺ നൽകാതിരുന്നവർക്കും ഏതെങ്കിലും വരുമാനം റിപ്പോർട്ട് ചെയ്യാൻ വിട്ടുപോയവർക്കുമാണ് അവസരം.

മുൻകൂർ നികുതി

 ആദായ നികുതി നിയമ പ്രകാരം മുൻകൂർ നികുതിയുടെ അവസാന തവണ അടയ്ക്കേണ്ടിയിരുന്ന അവസാന തീയതി 15 ആയിരുന്നു. മുടക്കം വരുത്തിയവർ അടയ്ക്കേണ്ടിയിരുന്ന തവണത്തുകയുടെ ഒരു ശതമാനം എന്ന കണക്കിൽ പിഴ അടയ്ക്കാൻ ബാധ്യസ്ഥരാണ്.

നികുതി കിഴിവ്

 നികുതി വിധേയമായ പരിധിയിൽ താഴെ മാത്രമാണു നടപ്പു സാമ്പത്തിക വർഷത്തെ പലിശ വരുമാനമെങ്കിൽ സ്രോതസ്സിൽനിന്നു നികുതി കിഴിവു ചെയ്യരുതെന്നു ബാങ്കിനോട് അഭ്യർഥിക്കാം. ഫോം 15 ജി / 15 എച്ച് സമർപ്പിക്കുകയാണു വേണ്ടത്. സമർപ്പിക്കുന്ന ഫോം നടപ്പു സാമ്പത്തിക വർഷത്തേക്കു മാത്രമാണ്. അതായതു 31 വരെ മാത്രം. 

എൽയുടി സമർപ്പിക്കണം

 റജിസ്റ്റർ ചെയ്തിട്ടുള്ള നികുതിദായകർ ഐജിഎസ്ടി അടയ്ക്കാതെയുള്ള കയറ്റുമതിക്കു ജിഎസ്ടി പോർട്ടലിൽ ജിഎസ്ടി ആർഎഫ്ഡി – 11 ഫോമിൽ ലെറ്റർ ഓഫ് അണ്ടർടേക്കിങ് (എൽയുടി) സമർപ്പിക്കണം. എൽയുടിയുടെ സാധുത 31 വരെ മാത്രം.

ജിഎസ്ടി കോമ്പൊസിഷൻ സ്കീം

 ജിഎസ്ടി നിയമ പ്രകാരം അർഹരായവർക്കു കോമ്പൊസിഷൻ സ്കീം തിരഞ്ഞെടുക്കാൻ 31 വരെ മാത്രമാണ് അർഹത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com