പൊതുമേഖലയ്ക്ക് അഭിമാനം : ബംഗാൾ ഊർജ കോർപറേഷൻ വീരഗാഥ
Mail This Article
കൊൽക്കത്ത∙ മൂന്നര വർഷം മുൻപു വരെ നഷ്ടത്തിലായിരുന്ന ബംഗാൾ ഊർജവികസന കോർപറേഷൻ ലിമിറ്റഡ് (ഡബ്ല്യുബിപിഡിസിഎൽ) ഇന്നു രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മുഴുവൻ മാതൃകയായി തലയുയർത്തി നിൽക്കുന്നു. റിലയൻസ്, ടാറ്റ, അദാനി തുടങ്ങിയവരുടെ ആധുനിക വൈദ്യുതോൽപാദന പ്ലാന്റുകളെ പിന്തള്ളിയാണ് ബംഗാൾ സർക്കാരിനു കീഴിലുള്ള കോർപറേഷൻ താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തന മികവിനുള്ള ദേശീയ പുരസ്കാരം നേടിയത്. രാജ്യത്തെ 205 താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനമികവിന്റെ കണക്കെടുപ്പിൽ ഡബ്ല്യുബിപിഡിസിഎല്ലിന് കീഴിലുള്ള ബക്രേശ്വർ താപനിലയം ഒന്നാമതെത്തി. കോർപറേഷനു കീഴിലുള്ള സന്താൽദിഹി താപനിലയം രണ്ടാമതെത്തിയപ്പോൾ ബംഗാളിൽ തന്നെയുള്ള സാഗർദിഗി നിലയം അഞ്ചാമതാണ്.
മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ.പി.ബി.സലിം മൂന്നരവർഷം മുൻപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായി സ്ഥാനമേറ്റതിനു ശേഷമാണ് കോർപറേഷന്റെ പ്രവർത്തനത്തിൽ മാറ്റമുണ്ടായത്. ജീവനക്കാരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തിയും അവരെ വിശ്വാസത്തിലെടുത്തുമാണ് കോർപറേഷൻ പ്രകടനം മെച്ചപ്പെടുത്തിയതെന്ന് ഡോ.സലിം പറഞ്ഞു.
27000 ജീവനക്കാർ ജോലി ചെയ്യുന്ന ഡബ്ല്യുബിപിഡിസിഎൽ ബംഗാളിലെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളിൽ ഒന്നാണ്. വൻകിട വൈദ്യുതോൽപാദനനിലയങ്ങളിലും ടൗൺഷിപ്പുകളിലും ജീവനക്കാരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ കോർപറേഷൻ ആവിഷ്കരിച്ചു. മികച്ച സ്കൂളുകൾ, ആശുപത്രി സൗകര്യങ്ങൾ, സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രികളുമായുള്ള സഹകരണം, ജീവനക്കാർക്കിടയിൽ മികവുള്ളവരെ അംഗീകരിക്കൽ തുടങ്ങിയ വിവിധ പദ്ധതികൾ നടപ്പിലാക്കി. ലാഭം നേടിയ ആദ്യ വർഷം താൽക്കാലിക ജീവനക്കാർ ഉൾപ്പെടെ മുഴുവൻ പേർക്കും ഒരു മാസത്തെ ശമ്പളം ബോണസായി നൽകി.
പ്ലാന്റുകൾ ചോർച്ച മൂലം അടയ്ക്കുന്നത് ഉൾപ്പെടെയുള്ളവ മുൻകൂട്ടി കണ്ട് തടയാൻ കഴിഞ്ഞതോടെ കോടികളുടെ അധികച്ചെലവ് ഒഴിവായി. 2019ൽ വൈദ്യുതി യൂണിറ്റിന് 4.20 രൂപയായിരുന്നു ഉൽപാദനച്ചെലവ്. ഇപ്പോൾ യൂണിറ്റിന് 80 പൈസ കുറഞ്ഞു. 26000 കോടി യൂണിറ്റ് ആണ് വാർഷികോൽപാദനം. സമീപസംസ്ഥാനങ്ങൾക്കെല്ലാം വൈദ്യുതി വിൽക്കുകയും ചെയ്യുന്നു. 2022–23 സാമ്പത്തിക വർഷം 807 കോടി രൂപയുടെ അറ്റാദായം നേടി.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സെക്രട്ടറി കൂടിയായ ഡോ.പി.ബി.സലിം വിവിധ സർക്കാർ ക്ഷേമ പദ്ധതികളുടെ മേൽനോട്ടത്തിനുള്ള പ്രത്യേക വകുപ്പിന്റെ തലവൻ കൂടിയാണ്. സഹകരണ വകുപ്പിന്റെ സെക്രട്ടറിയും ബംഗാൾ മൈനോറിറ്റീസ് ഡവലപ്മെന്റ് ആൻഡ് ഫിനാൻസ് കോർപറേഷൻ ചെയർമാനും കൂടിയാണ് മൂവാറ്റുപുഴ സ്വദേശിയായ ഡോ. സലിം. നേരത്തേ കോഴിക്കോട് കലക്ടറായി കേരളത്തിൽ ജോലി ചെയ്തിട്ടുണ്ട്. എഴുത്തുകാരിയായ ഫാത്തി സലീം ആണ് ഭാര്യ. കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ പി.ബി.നൂഹ് സഹോദരനാണ്.