ADVERTISEMENT

കൊച്ചി∙ പ്രമുഖ ഭക്ഷ്യോൽപന്ന ബ്രാൻഡായ ബ്രാഹ്മിൻസിനെ വിപ്രോ കൺസ്യൂമർ കെയർ ഏറ്റെടുത്തു. ബ്രാഹ്മിൻസ് ഉൽപന്നങ്ങളുടെ വിപണനം ഇനി വിപ്രോയ്ക്കായിരിക്കുമെങ്കിലും ഉൽപാദനം ബ്രാഹ്മിൻസ് കുടുംബം തന്നെ തുടർന്നും നടത്തും. ജീവനക്കാരും ഫാക്ടറിയുമെല്ലാം നിലവിലുള്ള പോലെ തുടരും. ബ്രാഹ്മിൻസിന്റെ ഇപ്പോഴുള്ള സാമ്പാർ, രസം, പുട്ട്പൊടി തുടങ്ങിയ ഉൽപന്നങ്ങളും കറിപ്പൊടികളുമെല്ലാം അതേപടി തുടരുന്നതാണ്. 

വിപ്രോ നേരത്തേ മറ്റൊരു ഭക്ഷ്യവിഭവ ബ്രാൻഡായ നിറപറ ഏറ്റെടുത്തിരുന്നു. രണ്ട് ബ്രാൻഡുകളിലുംപെട്ട ഉൽപന്നങ്ങൾ ഒരേപോലെ വിപണനം ചെയ്യാൻ തങ്ങൾക്കു കഴിയുമെന്ന് വിപ്രോ കൺസ്യൂമർ കെയർ പ്രസിഡന്റ് അനിൽ ചുഗ് അറിയിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ വിപ്രോ സ്വന്തമാക്കുന്ന പതിനാലാമത്തെ ബ്രാൻഡാണിത്. നേരത്തേ ചന്ദ്രികാ സോപ്പ്, സന്തൂർ സോപ്പ്, യാഡ്‌ലി, ഗ്ലൂക്കോവിറ്റ, മാക്സ്ക്ലീൻ തുടങ്ങിയവയും ഏറ്റെടുത്തിട്ടുണ്ട്. 

8000 കോടി വിവിധ ഏറ്റെടുക്കലുകൾക്കായി ചെലവഴിച്ചു. 10000 കോടിയാണ് വിപ്രോയുടെ ഉപഭോക്തൃ വിഭാഗത്തിന്റെ വിറ്റുവരവ്. കേരളത്തിൽ 36 വർഷം പഴക്കമുള്ള സസ്യഭക്ഷണ ബ്രാൻഡായ ബ്രാഹ്മിൻസ് നിലവിലുള്ള അതേ ഗുണനിലവാരത്തിൽ തുടരുമെന്ന് എംഡി ശ്രീനാഥ് വിഷ്ണു അറിയിച്ചു. ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലുമുള്ള വിപണനവും തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com