ADVERTISEMENT

കൊച്ചി ∙ വില്ലിങ്ഡൺ ഐലൻഡിലെ 13.77 ഏക്കർ സ്ഥലത്തു ശതകോടികളുടെ നിക്ഷേപ സാധ്യതയുള്ള ടൂറിസം പ്ലാസ പദ്ധതിയുമായി കൊച്ചി പോർട്ട് അതോറിറ്റി. ഹോട്ടൽ, എക്സിബിഷൻ – കൺവൻഷൻ സെന്റർ, വിനോദ കേന്ദ്രങ്ങൾ, ആയുർവേദ – വെൽനസ് സ്പാ എന്നിവയ്ക്കു പുറമേ, ക്രൂസ് യാത്രികരെയും ടൂറിസ്റ്റുകളെയും ആകർഷിക്കാൻ കഴിയുന്ന സൗകര്യങ്ങൾ കൂടി ഉൾപ്പെടുന്ന ടൂറിസം പ്ലാസ പദ്ധതിക്കായി പോർട്ട് അതോറിറ്റി താൽപര്യ പത്രം (ഇഒഐ) ക്ഷണിച്ചു. സാഗരിക ക്രൂസ് ടെർമിനലിന്റെ നടത്തിപ്പും പരിപാലനവും പദ്ധതിയുടെ ഭാഗമാണ്. താൽപര്യമുള്ള സംരംഭകർക്കു മേയ് 31 വരെ താൽപര്യപത്രം സമർപ്പിക്കാം. 

   രാജ്യത്തെ ഏറ്റവും മികച്ച ക്രൂസ് ടൂറിസം കേന്ദ്രങ്ങളിലൊന്നായി വളർന്നു കഴിഞ്ഞ കൊച്ചി തുറമുഖത്തു ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള വമ്പൻ പദ്ധതികൾക്കു സാധ്യതയുണ്ടെന്ന തിരിച്ചറിവിലാണു പോർട്ട് അതോറിറ്റിയുടെ നീക്കം. സാഗരിക ടെർമിനലും പരിസരവും ഉൾപ്പെടുന്ന 2.43 ഏക്കറിനു പുറമേ, 9.38 ഏക്കർ സ്ഥലം കൂടിയാണു പദ്ധതിക്കായി നൽകുന്നത്. പൊതു – സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലോ പാട്ടക്കരാർ മാതൃകയിലോ നടപ്പാക്കാവുന്ന പദ്ധതിയുടെ പ്രാഥമിക രൂപരേഖ മാത്രമാണു തയാറാക്കിയിട്ടുള്ളത്. താൽപര്യ പത്രം സമർപ്പിക്കുന്ന സംരംഭകരുടെ ആശയങ്ങൾ കൂടി ലഭിച്ചശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തി ടെൻഡർ ഘട്ടത്തിലേക്കു നീങ്ങും. 

ശരാശരി 40 - 50 വിദേശ ക്രൂസ് ഷിപ്പുകളാണു സീസണിൽ കൊച്ചി തുറമുഖത്തെത്തുക. അഞ്ചോ ആറോ മാസം മാത്രമേ, വിദേശ കപ്പലുകളും സന്ദർശകരുമുണ്ടാകൂ. ഈ സാഹചര്യം കൂടി പരിഗണിച്ചാണു ടൂറിസം പ്ലാസ പദ്ധതി അവതരിപ്പിക്കുന്നത്. വർഷം മുഴുവൻ സജീവമായ ടൂറിസം ഹബായി കൊച്ചിയെ മാറ്റാൻ പദ്ധതിക്കു കഴിയുമെന്നാണു പ്രതീക്ഷ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com