ലക്ഷം കോടി ക്ലബിൽ ഇൻഡസ്ഇൻഡ് ബാങ്ക്; മടങ്ങിവരവ് മൂന്നു വർഷത്തിനു ശേഷം
Mail This Article
മുംബൈ∙ വിപണി നേട്ടത്തിൽ തുടരുമ്പോൾ പുതിയ റെക്കോർഡുമായി രാജ്യത്തെ അഞ്ചാമത്തെ വലിയ പ്രൈവറ്റ് ബാങ്കായ ഇൻഡസ്ഇൻഡ് ബാങ്ക്. ആദ്യഘട്ട വ്യാപാരത്തിൽ ഓഹരി 1.8% ഉയർന്നതോടെ ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരി വില 1295 രൂപ വരെയെത്തി. മേയ് 29ന് 1272 രൂപയില്‍ വ്യാപാരം ആരംഭിച്ച സ്റ്റോക്കിന്റെ മാർക്കറ്റ് മൂല്യം ഇതോടെ ഒരു ലക്ഷം കോടി കടന്നു. 2020 ഫെബ്രുവരിക്കു ശേഷം ഇതാദ്യമായാണ് ഇൻഡസ്ഇൻഡ് ബാങ്കിന്റെ മാർക്കറ്റ് മൂല്യം ഒരു ട്രില്യൻ രൂപയെന്ന റെക്കോർഡിലേക്കെത്തുന്നത്.
നാലാം പാദഫലം പുറത്തു വന്നതുമുതൽ ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരി നേട്ടത്തിലാണ്. മൊത്ത ലാഭം മാർച്ചിലവസാനിച്ച പാദത്തില്‍ 46% വർധിച്ച് 2043 കോടി രൂപയിലെത്തി. പലിശയിനത്തിൽനിന്നുള്ള വരുമാനം കഴിഞ്ഞ വർഷത്തെ 3379 കോടി രൂപയിൽനിന്ന് 11വർധിച്ച് 3758 കോടി രൂപയായി. കഴിഞ്ഞ രണ്ടു വർഷമായി ബാങ്കിന്റെ റിട്ടേൺ ഓൺ ഇക്വിറ്റിയും (ROE) മെച്ചപ്പെട്ടു.
കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്റ്റി50 വിപണിയിൽ 3.04% ഉയർന്നപ്പോൾ ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരി 11.9% മുന്നേറി. മേയ് 29നു മാത്രം 27 വലിയ ഓഹരി കൈമാറ്റമാണ് (ലാർജ് ഡീൽസ്) വിപണിയിൽ നടന്നത്. മാർച്ച് പാദത്തിൽ മ്യൂച്വൽ ഫണ്ടുകൾ ബാങ്കിന്റെ ഹോൾഡിങ് 14.42 ശതമാനത്തിൽനിന്ന് 15.63% ആക്കി ഉയർത്തിയിട്ടുണ്ട്. ഇൻഡസ്ഇൻഡ് ബാങ്കിന്റെ മൂവിങ് അവറേജുകൾ എല്ലാംതന്നെ ബുള്ളിഷായി തുടരുന്നു.
മൂന്നു വർഷം മുൻപ് ഇൻഡസ്ഇൻഡ് ബാങ്കിന്റെ സ്റ്റോക്കിൽ നിക്ഷേപിച്ചവർക്ക് 226.42% റിട്ടേൺ ഓഹരി നൽകി. കഴിഞ്ഞ ഒരു വര്‍ഷത്തെ ലാഭം 38.85 ശതമാനവും മൂന്നു മാസത്തെ ലാഭം 16.77 ശതമാനവുമാണ്. നിലവിൽ 75% സ്റ്റോക്ക് ബ്രോക്കറേജുകളും ഓഹരി വാങ്ങാനാണ് നിർദേശിക്കുന്നത്. വിവിധ ബ്രോക്കറേജുകൾ 1400 രൂപ മുതൽ 1530 രൂപ വരെ ടാർഗറ്റ് ആയി നിർദ്ദേശിച്ചിട്ടുണ്ട്.
English sumamry: Indusind bank regains one lakh crore market cap after 3 yrs