ഒരു ലക്ഷം രൂപ കടന്ന് എംആർഎഫ് ഓഹരി വില
Mail This Article
കൊച്ചി ∙ ഓഹരിയൊന്നിനു വില ഒരു ലക്ഷം രൂപയെന്ന ചരിത്രനേട്ടം കൈവരിച്ച് ടയർ നിർമാണരംഗത്തെ പ്രമുഖ കമ്പനിയായ എംആർഎഫ് ലിമിറ്റഡ്.മുഖവില 10 രൂപ മാത്രമുള്ള ഓഹരിയുടെ വിപണി വില ഇന്നലെ നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിൽ 1,00,439.95 രൂപ വരെ ഉയർന്നു. ക്ലോസിങ്ങിൽ വില 99,992.85 രൂപ നിലവാരത്തിലാണ്. ബിഎസ്ഇയിലെ അവസാന നിരക്ക് 99,950.65 രൂപ. രണ്ട് എക്സ്ചേഞ്ചുകളിലുമായി വ്യാപാരം നടന്നത് 17,161 ഓഹരികളിൽ.
തിങ്കളാഴ്ച 98,968.55 നിലവാരത്തിലാണു വ്യാപാരം അവസാനിച്ചതെങ്കിലും ഇന്നലെ ഇടപാടുകൾക്കു തുടക്കം കുറിച്ചതുതന്നെ 99,150.20 രൂപ നിരക്കിലാണ്. 65,878.35 രൂപയാണ് 52 ആഴ്ചയ്ക്കിടയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില.ആറു പതിറ്റാണ്ടിലേറെ മുൻപാണ് ലിസ്റ്റഡ് കമ്പനിയായത്. വൻകിട കമ്പനികളുടെ വിഭാഗത്തിൽപ്പെടുന്ന എംആർഎഫിന്റെ വിപണി മൂല്യം 42,366 കോടി രൂപയാണ്.വിപണി വിലയിൽ രണ്ടാം സ്ഥാനം ഹണിവെൽ ഓട്ടമേഷന്റെ ഓഹരിക്കാണ്: 41,200.75 രൂപ. പേജ് ഇൻഡസ്ട്രീസ് (38,407.60), 3എം ഇന്ത്യ (26,941.70), ശ്രീ സിമന്റ് (26,138.05) തുടങ്ങിയവയാണു തുടർന്നുള്ള സ്ഥാനങ്ങളിൽ.