ADVERTISEMENT

30 ന് അകം ആധാറുമായി പാൻ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും? എല്ലാ സംശയങ്ങൾക്കും ഉത്തരമിതാ... ആദായനികുതി നിയമത്തിലെ വകുപ്പ് 139 എഎ പ്രകാരം, 2017 ജൂലൈ 1 മുതൽ ആധാർ കാർഡ് ലഭിക്കാൻ അർഹതയുള്ള എല്ലാവരും പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) അപേക്ഷിക്കുമ്പോഴോ ആദായനികുതി റിട്ടേൺ നൽകുമ്പോഴോ അവരുടെ ആധാർ നമ്പർ നൽക്കേണ്ടതു നിർബന്ധമാണ്.

തുടക്കത്തിൽ, പിഴ ഇല്ലാതെ (പെർമനന്റ് അക്കൗണ്ട് നമ്പർ) പാൻ-ആധാർ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2022 മാർച്ച് 31 ആയിരുന്നു. എന്നിരുന്നാലും, ഗവൺമെന്റ് ഈ സമയപരിധി 2023 മാർച്ച് 31 വരെ നീട്ടി. എന്നാൽ നീട്ടിയസമയത്തിന് 1000 രൂപ പിഴ ചുമത്തി. ഇപ്പോൾ സമയപരിധി വീണ്ടും ജൂൺ 30 വരെ നീട്ടി. ഈ പുതുക്കിയ സമയപരിധിക്കുള്ളിൽ വ്യക്തികൾ 1000 രൂപ പിഴയോടെ പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകും. ചുരുക്കത്തിൽ ബന്ധിപ്പിക്കാത്തവരുടെ പാൻ 2023 ജൂലൈ 1 മുതൽ പ്രവർത്തനരഹിതമാകും.

1.ആധാർ-പാൻ ബന്ധിപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ ആരെല്ലാം?

താഴെപ്പറയുന്ന വ്യക്തികൾ അവരുടെ പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല.

‌∙ 80 വയസ്സോ അതിൽ കൂടുതലോ ഉള്ള വ്യക്തികൾ

∙ ആദായനികുതി നിയമം അനുസരിച്ചുള്ള പ്രവാസികൾ (നോൺ റെസിഡന്റ്)

∙ ഇന്ത്യൻ പൗരന്മാരല്ലാത്തവർ.

2. പാൻ, ആധാർ എന്നിവ കൈവശമുള്ള പ്രായപൂർത്തിയാകാത്തവർക്ക് പാൻ, ആധാർ ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണോ?

∙ സാധുവായ പാനും ആധാറും ഉള്ള ഓരോ ഉപയോക്താവും അവരുടെ ആധാറിനെ പാനുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.

3. പാൻ പ്രവർത്തനരഹിതമായാൽ എന്തുചെയ്യണം?

∙ 1000 രൂപ ഫീസ് അടച്ച്‌ നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചാൽ പാൻ സാധുവാകും.

4. ആധാറിലും പാനിലും പേര്/ ജനന തീയതി/ ലിംഗം എന്നിവയിൽ പൊരുത്തക്കേട് ഉള്ളതിനാൽ ആധാർ പാൻ-മായി ലിങ്ക് ചെയ്യാൻ കഴിയുന്നില്ല. എന്ത് ചെയ്യണം?

∙ പാൻ അല്ലെങ്കിൽ ആധാർ ഇവയിൽ ഏതിലെയാണോ വിശദാംശങ്ങൾ തെറ്റ് എന്നു മനസ്സിലാക്കി അത് ആദ്യം ശരിയാക്കുക. അതിനു ശേഷം ഇവ തമ്മിൽ ബന്ധിപ്പിക്കുക

5. പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും ?

∙ നികുതി റീഫണ്ട് ലഭിക്കില്ല.

∙ റീഫണ്ടിന് പാൻ പ്രവർത്തനരഹിതമായി തുടരുന്ന കാലയളവിൽ പലിശ ലഭിക്കില്ല.

∙ പരമാവധി നിരക്കിൽ സ്രോതസ്സിൽ നികുതി കിഴിവ് (ടിഡിഎസ്) അഥവാ സ്രോതസ്സിൽ നികുതി ശേഖരിക്കും (ടിസിഎസ്).

6. പാൻ അസാധുവായാലുള്ള അനന്തരഫലങ്ങൾ എന്തൊക്കെ?

∙ സാമ്പത്തിക ഇടപാടുകൾക്കോ ഔദ്യോഗിക ആവശ്യങ്ങൾക്കോ ഇത് ഉപയോഗിക്കാനാവില്ല.

∙ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാനാവില്ല.

∙ ആദായനികുതി നിയമത്തിലെ കിഴിവുകളും ഇളവുകളും നഷ്‌ടപ്പെടും. ഇത് ഉയർന്ന നികുതി ബാധ്യത വരുത്താം.

∙ ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും പുതിയ അക്കൗണ്ടുകൾ തുറക്കുന്നതിനു ബുദ്ധിമുട്ടു നേരിടാം.

∙ വായ്പകളും ക്രെഡിറ്റ് കാർഡുകളും നേടുന്നതിനു ബുദ്ധിമുട്ടു നേരിടാം.

∙ പാൻ നിർബന്ധമാക്കിയ നിർദിഷ്ട സാമ്പത്തിക ഇടപാടുകൾ നടത്താൻ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.

7. പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാൻ എന്ത് ചെയ്യണം?

∙ ആദായനികുതി വകുപ്പിന്റെ https://eportal.incometax.gov.in/iec/foservices/#/pre-login/bl-link-aadhaar എന്ന പോർട്ടൽ എടുക്കുക.

∙ നിങ്ങളുടെ പാൻ, ആധാർ വിശദാംശങ്ങൾ നൽകുക.

∙ അതിനുശേഷം വാലിഡേറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഇവ രണ്ടും ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, അത് കാണിക്കും.

∙ അല്ലാത്തപക്ഷം 1,000 രൂപ അടച്ച് നിങ്ങളുടെ പാൻ, ആധാർ നമ്പർ നൽകി വിവരങ്ങൾ സാധൂകരിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com