ADVERTISEMENT

കൊച്ചി ∙ ഇന്ത്യയിലെ വലിയ രണ്ടാമത്തെ പാൽ – പാൽ അധിഷ്ഠിത ഉൽപന്ന ബ്രാൻഡായ ‘നന്ദിനി’ കേരളത്തിലെ സാന്നിധ്യം വർധിപ്പിക്കുന്നു. കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ (കെഎംഎഫ്) ഇൗ ബ്രാൻഡ് കേരളത്തിൽ 6 ഔട്‌ലറ്റുകൾ തുടങ്ങി. 3 ഔട്‌ലെറ്റുകൾ കൂടി ഉടൻ ആരംഭിക്കും. എറണാകുളം ജില്ലയിലെ കാക്കനാട്, എളമക്കര, പത്തനംതിട്ട ജില്ലയിലെ പന്തളം, മലപ്പുറം ജില്ലയിലെ മഞ്ചേരി, തിരൂർ, ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നിവിടങ്ങളിലാണ് ഔട്‌ലെറ്റുകൾ പ്രവർത്തിക്കുന്നത്. 

കോഴിക്കോട്, തലശ്ശേരി, ഗുരുവായൂർ എന്നിവിടങ്ങളിലാണ് ഇനി തുടങ്ങുക. കുറഞ്ഞ വിലയിലാണു നന്ദിനി പാൽ ലഭ്യമാക്കിയിരുന്നതെങ്കിലും സംസ്ഥാന സർക്കാർ പ്രതിഷേധം അറിയിച്ചതോടെ വില കൂട്ടി. കർണാടകയിൽ 500 മില്ലിലീറ്റർ നന്ദിനി പാലിന് 21 രൂപയാണു വില. കേരളത്തിൽ 29 രൂപയും. പാൽ അധിഷ്ഠിത ഉൽപന്നങ്ങൾക്ക് വില കുറവാണെന്നു നന്ദിനി അധികൃതർ പറഞ്ഞു. പാൽ, ഐസ്ക്രീം, പനീർ, ചീസ്, ചോക്കലേറ്റ്, കുക്കീസ് തുടങ്ങി 600 ലേറെ ഉൽപന്നങ്ങളാണു നന്ദിനി ലഭ്യമാക്കുന്നത്.

പാലിന്റെ പേരിൽ പോര്

കേരളത്തിലെ പാൽ വിപണി വാഴുന്ന ‘മിൽമ’യുടെ ഉടമകളായ കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെ‍ഡറേഷന്റെ കടുത്ത പ്രതിഷേധത്തിനിടയിലാണ് കർണാടകയിൽ നിന്നുള്ള ‘നന്ദിനി’ വിതരണ ശൃംഖല ശക്തിപ്പെടുത്താൻ ഒരുങ്ങുന്നത്. ക്ഷീരോൽപാദക സഹകരണ സംഘങ്ങളുടെ കൂട്ടായ്മയാണു മിൽമയും നന്ദിനിയും എന്നതും കൗതുകം. ഒരു സംസ്ഥാനത്തിന്റെ സഹകരണ സ്ഥാപനം മറ്റൊരു സംസ്ഥാനത്തിന്റെ സഹകരണ സ്ഥാപനത്തിന്റെ വിപണിയിൽ നേരിട്ട് ഇടപെടുന്നതു സഹകരണ തത്വങ്ങൾക്കും അടിസ്ഥാന മൂല്യങ്ങൾക്കും എതിരാണെന്ന നിലപാടിലാണു മിൽമ. നാഷനൽ കോ ഓപ്പറേറ്റീവ് ഡയറി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അടുത്ത ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ ഈ വിഷയം ഉന്നയിക്കാനാണു മിൽമയുടെ നീക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com