ഗ്രാറ്റുവിറ്റി തുകയിൽ ടിഡിഎസ് ബാധകമാകുമോ?
Mail This Article
Q- ഗ്രാറ്റുവിറ്റി ആക്ടിൽ വരുന്ന ജീവനക്കാരനാണ്. 2011 ൽ ജോലി നഷ്ടമായി. കോടതിയെ സമീപിച്ചതിന്റെ ഫലമായി ഗ്രാറ്റുവിറ്റി 4.5 ലക്ഷം രൂപയും പലിശ 3.5 ലക്ഷവും ലഭിച്ചു. 80,000 രൂപയാണ് കമ്പനി മാനേജ്മെന്റ് ടിഡിഎസ് പിടിച്ചത്. ഗ്രാറ്റുവിറ്റി തുകയിൽ ടിഡിഎസ് ബാധകമാകുമോ? ഇപ്പോൾ മറ്റു വരുമാനമില്ല. റിട്ടേൺ ഫയൽ ചെയ്താൽ ടിഡിഎസ് റീഫണ്ട് ലഭിക്കുമോ? -മനോജ്കുമാർ
A- ഗ്രാറ്റുവിറ്റി ആയി ലഭിക്കുന്ന തുക വകുപ്പ് 17(1) പ്രകാരം ശമ്പള വരുമാനമായാണ് കണക്കാക്കേണ്ടത്. അതിനാൽ ശമ്പളത്തിനു ബാധകമായ ടിഡിഎസ് കിഴിവ് ബാധകമാണ്. എന്നാൽ ഗ്രാറ്റുവിറ്റി ആയി ലഭിക്കുന്ന തുകയ്ക്ക് വകുപ്പ് 10(10) അനുസരിച്ചുള്ള ഇളവ് ലഭ്യമാണ്.
താഴെപ്പറയുന്നതിൽ ഏറ്റവും കുറഞ്ഞ തുകയാണ് ഗ്രാറ്റുവിറ്റി ആക്ടിനടിയിൽ വരുന്ന ജീവനക്കാരന് ബാധകമായ ഇളവ്.
1) ഗ്രാറ്റുവിറ്റി ആയി ലഭിച്ച തുക
2) നികുതിയിളവിനായി പ്രഖ്യാപിച്ചിട്ടുള്ള തുകയായ10 ലക്ഷം രൂപ (29 മാർച്ച് 2018നു ശേഷം ജോലിയിൽ നിന്ന് വിരമിക്കുന്നവർക്ക് 20 ലക്ഷം)
3) അവസാനം ലഭിച്ചിരുന്ന മാസശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ജോലിയിൽ പൂർത്തിയാക്കിയ ഓരോ വർഷത്തിനും 15 ദിവസത്തെ ശമ്പളം എന്ന അടിസ്ഥാനത്തിൽ കണക്കാക്കിയ തുക. അതായത് ജോലിയിൽ പൂർത്തിയാക്കിയ വർഷങ്ങൾ x (15/ 26 )x അവസാനം കിട്ടിക്കൊണ്ടിരുന്ന മാസ ശമ്പളം. ഇത്തരം കിഴിവ് ഗ്രാറ്റുവിറ്റി വരുമാനത്തിൽ നിന്ന് അനുവദിച്ചതിനുശേഷം ബാക്കിയുള്ള ശമ്പള /ഗ്രാറ്റുവിറ്റി വരുമാനത്തിന്മേലാകാം സ്ലാബ് റേറ്റ് പ്രകാരമുള്ള നികുതി ബാധ്യത കണക്കാക്കി ടിഡിഎസ് പിടിച്ചത്. കൂടാതെ പലിശമേലും ടിഡിഎസ് പിടിച്ചിട്ടുണ്ടാവാം.
താങ്കളുടെ ആദായനികുതി റിട്ടേണിൽ, വരുമാനത്തിൽ മേൽപറഞ്ഞ കിഴിവുകൾ അനുവദിച്ചതിനു ശേഷമുള്ള നികുതി ബാധ്യതയിൽ നിന്ന് ടിഡിഎസ് ആയി പിടിച്ച തുക കിഴിവായി അവകാശപ്പെടാവുന്നതാണ്. കിഴിവുകൾക്കു ശേഷമുള്ള നികുതി ബാധ്യതയിൽ കൂടുതൽ ആണ് ടിഡിഎസ് തുകയെങ്കിൽ കൂടുതൽ പിടിച്ച തുക റീഫണ്ടായി അവകാശപ്പെടാം.