ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ നെൽ–പച്ചക്കറി കൃഷി വിസ്തൃതിക്കു പുറമേ തോട്ട വിള–ഫലവർഗ–ഔഷധസസ്യ കൃഷിയുടെ വിസ്തൃതിയും കുറയുന്നു. തോട്ടവിള കൃഷിവിസ്തൃതി ഒരു വർഷത്തിനിടെ 0.25% കുറഞ്ഞു. 2020–21ൽ 6,87,014.15 ഹെക്ടർ സ്ഥലത്തായിരുന്നത് 2021–22ൽ  6,85,309 ഹെക്ടറായി കുറഞ്ഞതായി സംസ്ഥാന സാമ്പത്തിക സ്ഥിതി വിവര റിപ്പോർട്ടിൽ പറയുന്നു.

ഔഷധസസ്യക്കൃഷി ഒരു വർഷത്തിനിടെ 8.58% കുറഞ്ഞു. 1395.72 ഹെക്ടർ ആയിരുന്നത് 1276 ഹെക്ടറായി. ഫലവർ‍ഗക്കൃഷിയിൽ പൈനാപ്പിൾ ഒഴികെയുള്ളവയുടെ കൃഷി വിസ്തൃതി ഗണ്യമായി കുറഞ്ഞു. മാങ്ങക്കൃഷി മേഖല ആറു വർഷത്തിനിടെ 4,152 ഹെക്ടർ കുറഞ്ഞു (2015–16ൽ 79,992 ഹെക്ടർ; 2021–22 ൽ 75,840 ഹെക്ടർ). കേരളത്തിലെ ഫലവർഗക്കൃഷി നടക്കുന്നതിന്റെ 24.77% സ്ഥലത്ത് മാങ്ങയും 16.01% സ്ഥലത്ത് വാഴയുമാണ്. 2021–22 കണക്കു പ്രകാരം കേരളത്തിൽ 3,06,202 ഹെക്ടർ സ്ഥലത്താണ് ഫലവർഗക്കൃഷി. 101 ഹെക്ടറിൽ ഓറഞ്ചും 481 ഹെക്ടറിൽ നാരങ്ങയും (ചെറുതും വലുതും) കൃഷി ചെയ്യുന്നു. 13,273 ഹെക്ടറിൽ റംബൂട്ടാൻ, മാങ്കോസ്റ്റിൻ എന്നിവയുമുണ്ട്. ആകെ ഫലവർ‍ഗക്കൃഷിയിൽ 11.83% പാലക്കാട്ടാണ്. ഇടുക്കി (10.09%), മലപ്പുറം (8.90%) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

എട്ടു വർഷത്തിനിടെ വാഴക്കൃഷിയിൽ 15.04% കുറവുണ്ടായി (2013–14ൽ 62, 261 ഹെക്ടർ; 2021–22 ൽ 49,020 ഹെക്ടർ). പൈനാപ്പിൾക്കൃഷി ഒരു വർഷത്തിനിടെ 4.45% വർധിച്ചു. നിലവിൽ 11,508 ഹെക്ടർ സ്ഥലത്താണ് കൃഷി. ഇതിൽ 51.29% (5,903 ഹെക്ടർ) എറണാകുളം ജില്ലയിലാണ്. കശുവണ്ടിക്കൃഷി 2011–12ൽ 54,052 ഹെക്ടർ ആയിരുന്നത് 2021–22 ൽ 32,369 ഹെക്ടറായി. കിഴങ്ങുവർഗക്കൃഷി 2020–21ൽ 14,949 ഹെക്ടർ ആയിരുന്നത് 21–22ൽ 14,019 ഹെക്ടറായി.

ചക്കക്കൃഷി വിസ്തൃതി: 4,334 ഹെക്ടറിന്റെ കുറവ്

കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയുടെ കൃഷിയിൽ 2 വർഷത്തിനിടെ 4,334 ഹെക്ടറിന്റെ കുറവുണ്ടായി (2019–20ൽ 93,209 ഹെക്ടർച 2021–22 ൽ 88,873 ഹെക്ടർ).  ഫലവർഗക്കൃഷി മേഖലയിൽ ആകെ വിസ്തൃതിയുടെ 29.02% ചക്കയാണ് കൃഷി ചെയ്യുന്നത്. ഉൽപാദനവും വിൽപനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായി 2018ലാണ് ചക്ക ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്. ചക്കയെ പ്രത്യേക ബ്രാൻഡ് ആക്കുന്നതിലൂടെയും വാണിജ്യപരമായി ഉപയോഗപ്പെടുത്തുന്നതിലൂടെയും 30,000 കോടി രൂപ വരുമാനം ഉണ്ടാക്കുമെന്നായിരുന്നു കൃഷി വകുപ്പിന്റെ പ്രഖ്യാപനം.

Content Highlight: Agriculture is declining in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com