വാണിജ്യ സിലിണ്ടറിനും വില കുറച്ചു; വിമാന ഇന്ധനത്തിനു കൂട്ടി
Mail This Article
കൊച്ചി/ന്യൂഡൽഹി∙ ഗാർഹിക ആവശ്യത്തിനുള്ള എൽപിജി പാചകവാതക സിലിണ്ടറിനു 200 രൂപ കുറച്ചതിനു പിന്നാലെ വാണിജ്യ സിലിണ്ടറിനും (19 കിലോഗ്രാം) വില കുറച്ച് എണ്ണ കമ്പനികൾ. സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് 160.50 രൂപ കുറഞ്ഞതോടെ കൊച്ചിയിൽ വില 1537.50 രൂപയായി. രണ്ടു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2021 ജൂൺ ഒന്നിലെ 1466 രൂപയ്ക്കു ശേഷം വാണിജ്യ സിലിണ്ടർ നിരക്ക് ഇത്രയും കുറയുന്നത് ആദ്യമായാണ്.
എന്നാൽ വിമാന ഇന്ധനത്തിന്റെ (ഏവിയേഷൻ ടർബൈൻ ഫ്യുവൽ–എടിഎഫ്) വില 14.1% വർധിപ്പിച്ചിട്ടുണ്ട്. 200 രൂപ കുറച്ചതോടെ ഗാർഹിക സിലിണ്ടർ വില കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. കൊച്ചിയിൽ വില 910 രൂപ. 2022 മാർച്ച് ഒന്നിലെ 906 രൂപയാണ് ഇതിനു മുൻപുള്ള ഏറ്റവും കുറഞ്ഞ നിരക്ക്. ഗാർഹിക, വാണിജ്യ സിലിണ്ടർ വിലയിൽ മൂന്നു ദിവസത്തിനിടെ വന്ന വലിയ കുറവ് ജനത്തിന് ആശ്വാസമാണ്. ഇതോടൊപ്പം ഒരു വർഷത്തിലധികമായി മാറ്റമില്ലാതെ നിൽക്കുന്ന ഇന്ധന വില കൂടി സർക്കാർ കുറയ്ക്കുമെന്ന പ്രതീക്ഷയുമുണ്ട്.
Content Highlight: LPG Price, Aviation fuel Price