ADVERTISEMENT

കോട്ടയം ∙ കയറിക്കിടക്കാൻ ഇടമില്ലാതെ, രോഗങ്ങളോടും പട്ടിണിയോടും പടവെട്ടി ജീവിതത്തിനും മരണത്തിനും ഇടയിൽ അഞ്ചംഗ കുടുംബം. ഉള്ളിവിൽ കനിവിന്റെ ഉറവയുള്ളവർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഇവരുടെ ജീവിതം. വടവാതൂർ കൊല്ലക്കൊമ്പ് കോളനിയിൽ അരങ്ങത്തുമാലി വീട്ടിൽ എബി ജോസഫും (47) കുടുംബവും രോഗാവസ്ഥയും തുടർന്നുണ്ടായ കടക്കെണിയും കാരണം ആത്മഹത്യയുടെ വക്കിലാണ്. വിശപ്പടക്കുവാൻ മറ്റുമാർഗങ്ങളില്ലാതെ വന്നപ്പോൾ മക്കളായ ജേണലിസം എംഎക്കാരിയായ സൂര്യയും (25) ബിഎ ഹിസ്റ്ററി പഠിച്ച ആര്യയും (22) രണ്ടാഴ്ച മുൻപ് മുതൽ കടയിൽ ദിവസക്കൂലിക്കായി പോയി തുടങ്ങി. 

തിരുനക്കര പഴയ ബസ് സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളിയായിരുന്ന എബി 2022ലാണ് വൃക്ക തകരാറിലായി കിടപ്പിലായത്. വീട്ടുജോലികൾക്കും ടാറിങ് മുതലായ ജോലികൾക്കും പോയെങ്കിലും ഭർത്താവിന്റെ ചികിത്സയ്ക്കു പണം കണ്ടെത്താനാകാതെ മഞ്ചു ബാലൻ (40) വിഷമിച്ചു. മെ‍‍ഡിക്കൽ കോളജിലാണ് ചികിത്സ. ‘വണ്ടി വിളിക്കാൻ പണമില്ലാത്തതിനാൽ ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ കഴിയാത്ത ഒത്തിരി അവസരങ്ങളുണ്ടായിട്ടുണ്ട്’– മഞ്ചു പറഞ്ഞു. മരുന്നിനായി പരിചയക്കാരിൽനിന്നും മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നും പണം കടമെടുക്കേണ്ടതായും വന്നു. അതിനിടയിൽ എബിയുടെ കാലിൽ ഒരു കുരുവന്നത് പഴുത്ത് വ്രണമായി. 2023 ജനുവരിയിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും ഷുഗറുള്ളതിനാൽ മുറിവ് ഇതുവരെ പൂർണമായി കരിഞ്ഞിട്ടില്ല. ആൾസഹായമില്ലാതെ നിൽക്കാനോ, നടക്കുവാനോ എബിക്ക് ഇപ്പോഴും കഴിയുകയില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ ഇദ്ദേഹത്തിന് സ്ട്രോക്കിന്റെ ലക്ഷണങ്ങളും ഉണ്ടായി.

ഇതിനിടയിൽ, ഉപജീവനമാർഗമായിരുന്ന ഓട്ടോ എൻജിൻ കിടന്ന് നശിച്ചു. പെർമിറ്റ് ഈ വർഷം അവസാനം തീരും. ഓട്ടോ നന്നാക്കിയിരുന്നെങ്കിൽ ആർക്കെങ്കിലും ഓടിക്കാനെങ്കിലും കൊടുക്കാമായിരുന്നു എന്ന് എബി പറഞ്ഞു. ഇത് കുട്ടികൾക്ക് സഹായമാകുമായിരുന്നു.

മൂത്ത മകൾ സൂര്യക്ക് സിവിൽ സർവീസ് നേടണമെന്നായിരുന്നു ആഗ്രഹം. സിഎംഎസിൽ നിന്നും ബിരുദമെടുത്തതിനുശേഷം കോച്ചിങ്ങിന് ചേർന്നെങ്കിലും പണമടയ്ക്കാൻ കഴിയാതെ ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടി ജോലിക്കു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ടീച്ചറാകാനായിരുന്നു രണ്ടാമത്തെ മകൾ ആര്യ ബിഎ ഹിസ്റ്ററിക്ക് ചേർന്നത്. ബിഎഡിന് പോകണമെന്ന് ആശയുണ്ടെങ്കിലും പഠനം ഉപേക്ഷിക്കേണ്ടതായി വന്നു. ‘പണമില്ലാത്തതിനാൽ പത്തിലും പ്ലസ്ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എന്റെ കുട്ടിയോട് പഠനം ഉപേക്ഷിക്കാൻ പറഞ്ഞ അവസ്ഥ..’ വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയാതെ മഞ്ചു വിതുമ്പി.

മൂന്നാമത്തെ മകളായ ആരാധ്യ (6) ഒന്നാം ക്ലാസിലാണ്. സ്കൂളിൽ ഉച്ചഭക്ഷണമുള്ളതിനാൽ കുട്ടിയുടെ വയറെങ്കിലും ഒരുനേരം നിറയുന്നുണ്ടെന്ന സമാധാനത്തിലാണ് മാതാപിതാക്കൾ.

റെയിൽവേ പുറമ്പോക്ക് പുനരധിവാസ പദ്ധതിപ്രകാരം കിട്ടിയ വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ഒന്നര സെന്റ് സ്ഥലത്തുള്ള വീടിന് ഇതുവരെയും ആധാരമോ മറ്റ് ഉടമസ്ഥാവകാശ രേഖകളോ കിട്ടിയിട്ടില്ല. ഭിത്തികളെല്ലാം വിണ്ടുപൊട്ടി വീട് തകർന്നു വീഴാറുമായി. കക്കൂസ് ടാങ്കിനു മുകളിലാണ് അടുക്കള. ഭിത്തി അൽപം കൂടി ഇടിഞ്ഞാൽ അത് മുറിയല്ലാതാകും. വാതിലിനു പകരമായി ഫ്ലക്സ് ഷീറ്റുകൾ മറവയ്ക്കുന്ന കുളിമുറിയാണു പ്രായപൂർത്തിയായ പെൺകുട്ടികളും ഉപയോഗിക്കുന്നത്.

ഇതിനിടയിൽ കടം നൽകിയവർ എത്തി ദിവസവും ഭീഷണിപ്പെടുത്തുന്നുവെന്ന് എബി പറഞ്ഞു. കുട്ടികളെ പഠിപ്പിക്കാൻ വിട്ടതുമൂലമാണ് കുടുംബം ഈ അവസ്ഥയിലായതെന്ന് കുറ്റപ്പെടുത്തുന്നവരും കുറവല്ല. ഇടയിൽ കരണ്ടു ബില്ല് അടയ്ക്കാനായി വരുമാനമാർഗമായിരുന്ന തയ്യൽ മഷിനും വിൽക്കേണ്ടി വന്നു.

റേഷനരിയാണ് കുടുംബത്തിന്റെ പ്രധാന ആഹാരം. അതും ഇല്ലാത്ത ദിവസങ്ങളിൽ സൗജന്യമായി ലഭിക്കുന്ന പൊതിച്ചോറുകൾ തിരഞ്ഞു നടക്കുമെന്ന് മഞ്ചു പറഞ്ഞു. ഉച്ചസമയത്ത് എത്തിയപ്പോൾ ഇന്ന് ആ വീട്ടിൽ അടുപ്പ് പുകഞ്ഞിട്ടില്ല. തലേനാളത്തെ കഞ്ഞിയാണ് കുട്ടികൾ കടയിൽ കൊണ്ടുപോയത്. ‘പട്ടിണി കിടക്കാൻ ഞങ്ങൾക്ക് പരിശീലനത്തിന്റെ ആവശ്യമില്ല’ – കണ്ണീർ ഇറ്റുവീഴുമ്പോഴും മഞ്ചു പുഞ്ചിരിക്കാൻ ശ്രമിക്കുന്നു.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ Federal Bank, Kalathipady
∙ Account number : 17150100020340
∙ IFSC : FDRL0001715
∙ Gpay: 9037228064

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com