തലച്ചോറിന് അപൂർവരോഗം: കുരുന്നിന് വേണം സുമനസുകളുടെ സഹായം
Mail This Article
ന്യൂഡൽഹി ∙ ഒരുപാടുപേരുടെ കൈത്താങ്ങ് അനുഗ്രഹമായെന്നു കരുതി ജീവിതത്തിലേക്ക് പിച്ചവച്ചു തുടങ്ങിയതായിരുന്നു അതുല്യ. പക്ഷേ, വിധി ഈ കുരുന്നിനെ വീണ്ടും ഡൽഹി എയിംസിന്റെ ശസ്ത്രക്രിയ ടേബിളിൽ എത്തിച്ചു. കണ്ണീരും പ്രാർഥനയുമായി അതുല്യയുടെ അമ്മ മായ എയിംസിലെ ഓപ്പറേഷൻ തിയറ്ററിനു മുന്നിലുണ്ട്. തലച്ചോറിന് അപൂർവരോഗം ബാധിച്ച അതുല്യയുടെ ശസ്ത്രക്രിയയുടെ ചെലവ് 2 ലക്ഷം രൂപ. അതു കഴിഞ്ഞാൽ എവിടേക്ക് പോകണമെന്നു പോലും കുടുംബത്തിനു തിട്ടമില്ല. മുൻപൊരിക്കൽ നന്ദിപൂർവം സഹായം നീട്ടിയ സുമനസുകൾക്കു മുന്നിൽ മായയും ഭർത്താവ് സാബുവും വീണ്ടും കൈകൂപ്പി നിൽക്കുന്നു.
2023 മാർച്ചിൽ അതുല്യയ്ക്ക് എയിംസിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഇടയ്ക്കുവച്ചു നിർത്തി. ഒരു മാസത്തെ വിശ്രമത്തിന് ശേഷം നാട്ടിലേക്കു മടങ്ങി. തുടർ പരിശോധനകൾക്കായി കഴിഞ്ഞ മാസമാണ് വീണ്ടുമെത്തിയത്. എംആർഐ സ്കാനിങ്ങിൽ കുട്ടിയുടെ തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തി. ഉടൻ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഇക്കാര്യം സ്ഥിരീകരിച്ച് എയിംസ് ന്യൂറോളജി വിഭാഗത്തിലെ ഡോ. അജയ് ഗാർഗ് കത്തു നൽകിയിട്ടുണ്ട്. ഓപ്പറേഷൻ കഴിഞ്ഞാലും ഏതാനും മാസം ഡൽഹിയിൽ തുടരേണ്ടി വരുമെന്നതിനാൽ ചികിത്സയ്ക്കും താമസച്ചെലവിനും സുമനസ്സുകളുടെ സഹായം വേണം.
കഴിഞ്ഞ ഒരുമാസമായി എയിംസിലെ വിശ്രമകേന്ദ്രത്തിലാണ് കഴിഞ്ഞത്. ഇന്നലെ ഇവിടെ നിന്നൊഴിഞ്ഞു കൊടുക്കേണ്ടി വന്നു. മുൻപ് ചികിത്സയ്ക്കായി ഡൽഹിയിൽ വന്നപ്പോൾ 10 മാസം കേരള ഹൗസിലും ട്രാവൻകൂർ ഹൗസിലെ ഡോർമിറ്ററിയിലുമാണ് കഴിഞ്ഞത്. കഴിഞ്ഞ വർഷം നടത്തിയ ശസ്ത്രക്രിയയ്ക്കു മാത്രം ഒരുലക്ഷത്തിലേറെ രൂപ ചെലവായിരുന്നു. മരുന്നിനും താമസത്തിനും യാത്രയ്ക്കും വേറെയും. വേൾഡ് മലയാളി കൗൺസിൽ ഡൽഹി പ്രൊവിൻസ് ഉൾപ്പെടെ ഏതാനും സംഘടനകളും വ്യക്തികളുമാണ് ഇതിനു സഹായിച്ചത്.
തൊടുപുഴ കരിമണ്ണൂർ സ്വദേശിയായ സാബു കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു. എന്നാലിപ്പോൾ പണിക്കു പോയിട്ടു മാസങ്ങളായി. ജനിച്ച് 9–ാം മാസത്തിലാണ് അതുല്യയ്ക്ക് ഹൃദയപേശികൾ വികസിക്കുന്ന രോഗം സ്ഥിരീകരിച്ചത്. അതിനിടെ തലച്ചോറിനും അപൂർവരോഗം ബാധിച്ചു. ശരീരത്തിന്റെ ഇടതുവശം തളർന്നു. കോട്ടയം മെഡിക്കൽ കോളജിലായിരുന്നു ചികിത്സ. അവിടെ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. പിന്നീട്, 2015ലാണ് ഡൽഹി എയിംസിലേക്ക് മാറ്റിയത്. അതിനിടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ചെലവ് താങ്ങാനാവുന്നതായിരുന്നില്ല. വലിയൊരു തുക ഇതിനകം ചെലവായി. ആകെയുണ്ടായിരുന്ന 3 സെന്റ് കിടപ്പാടം പണയപ്പെടുത്തി കിട്ടിയ ഒന്നര ലക്ഷം രൂപ കഴിഞ്ഞ വർഷം ഡൽഹിയിലെ ആവശ്യങ്ങൾക്കും മരുന്നിനും ചെലവായി. ഏതു ചെറിയ സഹായവും അതുല്യയ്ക്കും കുടുംബത്തിനും കൈത്താങ്ങാണ്.
∙ അതുല്യ സാബുവിന്റെ പേരിൽ തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള യൂണിയൻ ബാങ്കിലെ സേവിങ്സ് അക്കൗണ്ട് നമ്പർ: 520191062882112
∙ ഐഎഫ്എസ്‌സി കോഡ്: UBIN0914304
∙ അമ്മ മായയുടെ ഫോൺ നമ്പറും ഗൂഗിൾ പേ അക്കൗണ്ട് നമ്പറും: 9562382781