ADVERTISEMENT

തിരുവനന്തപുരം∙ ‘‘മൂന്നു ദിവസം വരെ ഭക്ഷണമില്ലാതെ പിടിച്ചു നിൽക്കാൻ എനിക്കു പറ്റും. അതു കഴിഞ്ഞാലെന്തു ചെയ്യും..?’’ അരയ്ക്കു താഴെ തളർന്ന ശരീരവുമായി  48 വർഷങ്ങൾ നിരങ്ങി നീങ്ങി ജീവിച്ച സരളയുടെ ദയനീയമായ ചോദ്യമാണിത്. നെയ്യാറ്റിൻകര കീഴാറൂർ കാവല്ലൂർ കുളത്തിൻകര ‘കനകവിലാസ’ത്തിൽ സരളയ്ക്ക് ഈ ലോകത്ത് ആകെയുള്ളത് അമ്മയാണ്. അമ്മ കനകമ്മ തൊഴിലുറപ്പു ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് ഇത്രകാലവും ജീവിച്ചത്. 

ഒരുവർഷം മുൻപ് പണിക്കിടെ കുഴഞ്ഞുവീണ കനകമ്മയ്ക്ക് ഇപ്പോൾ ഒരു ജോലിയും ചെയ്യാനാവില്ല. ഇതോടെ വരുമാനം പൂർണമായി നിലച്ച ഇവർക്ക് വല്ലപ്പോഴും കിട്ടുന്ന 1600 രൂപ പെൻഷനാണ് ആകെ വരുമാനം. പല ദിവസവും പട്ടിണി. പലപ്പോഴും കൈത്താങ്ങാകുന്നത് സമീപവാസികളായ നല്ല മനുഷ്യരാണ്. 3 ദിവസം വരെ സരള ഭക്ഷണമില്ലാതെ, വെള്ളം മാത്രം കുടിച്ച് കിടക്കുമത്രെ. ‘അതവൾക്ക് ശീലമായി ’ – അമ്മ പറയുന്നു. 

എഴുന്നേറ്റു നടക്കണമെന്ന ‘അതിമോഹം’ സരളയ്ക്കില്ല.   സ്വന്തം കാര്യങ്ങൾ ഇപ്പോൾ ചെയ്യുന്നതു പോലെ തുടർന്നും ചെയ്യാനാകണമെന്നേയുള്ളു. അമ്മയ്ക്കു സുഖമില്ലാതായതിനു ശേഷം, പ്രാഥമിക കൃത്യങ്ങളെല്ലാം ചെയ്യാനും കുളിക്കാനും തുണി കഴുകാനുമൊക്കെ സരള സ്വയം പരിശീലിച്ചു. എന്നാലിപ്പോൾ കൈകൾ പണിമുടക്കിത്തുടങ്ങി. ഫിസിയോതെറപ്പി വേണമെന്നു ഡോക്ടർമാർ പറഞ്ഞെങ്കിലും ഒരു വഴിയും ഇവർക്കു മുന്നിലില്ല.  

ഇടയ്ക്ക്  ഭിന്നശേഷിക്കാർക്കായുള്ള ഒരു സംഘടന സരളയെ ഏറ്റെടുത്തിരുന്നു. എന്നാൽ ശീലമില്ലാത്ത രീതികളെത്തുടർന്ന് അവിടെ വച്ചു വീണ് എല്ലൊടിഞ്ഞു. പിന്നീട് മാസങ്ങൾ നീണ്ട ചികിത്സ. ഇപ്പോൾ കണ്ണുകളും പണിമുടക്കിത്തുടങ്ങി. നന്നായി വായിക്കുമായിരുന്ന സരളയ്ക്കിപ്പോൾ അക്ഷരങ്ങൾ കഷ്ടിച്ചു മാത്രമേ കാണാനാവു. ഡോക്ടറെ കാണുന്നതും കണ്ണട വാങ്ങുന്നതുമൊന്നും പക്ഷേ  സരളയുടെ വിദൂര സ്വപ്നങ്ങളിൽ പോലുമില്ല. 

അമ്മയ്ക്കും തനിക്കും പട്ടിണിയില്ലാതെ ജീവിക്കാൻ ഒരു മാർഗം വേണം. ഭാവിയിൽ തനിച്ചായിപ്പോയാലും വീടിനോടു ചേർന്ന് ചെറിയൊരു പെട്ടിക്കടയെങ്കിലും തുറക്കാനാവണമെന്നാണ് മോഹം. പൂർണമായി ഇരുളടയും മുൻപ് സരളയുടെ ജീവിതത്തിൽ അൽപം വെളിച്ചമേകാൻ ഇനി  സുമനസ്സുകൾ കനിയാതെ മറ്റൊരു വഴിയില്ല. സരളയുടെ പേരിൽ എസ്ബിഐ ഒറ്റശേഖരമംഗലം ശാഖയിൽ അക്കൗണ്ടും തുടങ്ങി. കാവല്ലൂർ വാർഡ് അംഗം ജെ.അഭിലാഷിന്റെ നേതൃത്വത്തിൽ ചികിത്സാസഹായ സമിതിയും രൂപീകരിച്ചു. 

സാമ്പത്തിക സഹായത്തിന് അക്കൗണ്ട് വിവരം
∙ എസ്ബിഐ ഒറ്റശേഖരമംഗലം ശാഖ 
∙ അക്കൗണ്ട് നമ്പർ : 43094573959
∙ ഐഎഫ്എസ്‌സി: SBIN0070322
∙ ഫോൺ നമ്പർ: 9633224352
∙ ഗൂഗിൾ പേ : 9846347831

English Summary:

Sarala, a differently-abled woman in Kerala, faces a desperate situation as she struggles to care for herself and her ailing mother amidst poverty. Despite facing paralysis for 48 years, her spirit remains strong, but their basic needs are unmet. This is a call for compassion to help Sarala achieve her simple dream of a life with dignity and freedom from hunger.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com