ജനമനസ്സ് പ്രവചിക്കാൻ സർവേ പോരാ... ‘പൾസി’ലാണ് വിശ്വാസം
Mail This Article
രാഷ്ട്രീയം മാറ്റിവച്ചാൽ ചെസ് ആണ് അമിത് ഷായുടെ ഇഷ്ടവിനോദം. ഗുജറാത്ത് സ്റ്റേറ്റ് ചെസ് അസോസിയേഷൻ പ്രസിഡന്റ് പദവിയിലുണ്ടായിരുന്നു അദ്ദേഹം. ഇന്ത്യൻ രാഷ്ട്രീയത്തിൽ അതിവിദഗ്ധമായി കരുക്കൾ നീക്കിയും കാലാളുകളെക്കൊണ്ടു രാജാവിനെ വെട്ടിയും പുതിയ പട്ടാഭിഷേകങ്ങൾ നിർവഹിക്കുകയാണ് കുറച്ചുകാലമായി അമിത് ഷായുടെ ജോലി. രാഷ്ട്രീയ ചതുരംഗക്കളിയിലെ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ!
കൊച്ചി നെടുമ്പാശേരിയിലെ ‘ലുലു മാരിയറ്റ്’ ഹോട്ടലിൽ ബിജെപി ദേശീയ അധ്യക്ഷനു വേണ്ടിയുള്ള കാത്തിരിപ്പ് ഒരു മണിക്കൂർ പിന്നിട്ടു. കേരളത്തിൽ പര്യടനത്തിനെത്തിയ അദ്ദേഹത്തിന്റെ വരവിനെക്കുറിച്ചു ബിജെപി നേതാക്കൾ കൃത്യമായി വിവരങ്ങൾ പുതുക്കിക്കൊണ്ടിരുന്നു. അമിത് ഷായെക്കുറിച്ചു പറയുമ്പോൾ അവർ ശബ്ദം താഴ്ത്തിയാണു സംസാരിക്കുന്നത്; അൽപം ഭയവും ബഹുമാനവും മുഖത്തും വാക്കുകളിലും. അത് എന്തുകൊണ്ടെന്നു ചോദിച്ചാൽ, അതിനുള്ള ഉത്തരമാണ് അമിത് ഷാ! ഒരുപിടി നിഗൂഢതകൾ മൂടിപ്പൊതിഞ്ഞൊരാൾ മുന്നിൽ നിൽക്കുന്നുവെന്നാണ് അദ്ദേഹം എപ്പോഴും ദ്യോതിപ്പിക്കുന്നത്. വിമർശകർക്കും ആരാധകർക്കും ഷാ, അഭിനവ ചാണക്യനാണ്. ബിജെപിയിൽ അദ്ദേഹത്തെക്കുറിച്ചുള്ള കഥകൾക്കു ‘മിത്തിന്റെ’ സ്വാഭാവം പോലുമുണ്ട്. അതിലൊരു സാംപിൾ: ‘തൊണ്ണൂറുകളുടെ ആദ്യം അഹമ്മദാബാദിലെ ഒരു ചെറിയ റസ്റ്ററന്റിൽ ചായ കുടിച്ചുകൊണ്ടിരിക്കെ, ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോട് അമിത് ഷാ ഇങ്ങനെ പറഞ്ഞു: ‘നരേന്ദ്ര ഭായി, താങ്കൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ തയാറെടുത്തോളൂ!’
രാഷ്ട്രീയത്തിനൊപ്പം, പിതാവിന്റെ പൈപ്പ് ബിസിനസിലാണ് ആദ്യം അമിത് ഷാ ഏർപ്പെട്ടത്. പിന്നീട് ഓഹരി ദല്ലാളായി. രാഷ്ട്രീയത്തിലെ ലാഭക്കണ്ണ് അങ്ങനെകൂടി കൈവന്നതാകാം. 1982ൽ ആണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇന്നത്തെ ഏറ്റവും വിജയകരമായ ആ കൂട്ടുകെട്ടു രൂപപ്പെടുന്നത് – നരേന്ദ്ര ദാമോദർ ദാസ് മോദി, തന്റെ വലംകയ്യായ അമിത് ചന്ദ്ര ഷായെ കണ്ടുമുട്ടുന്നു.
‘മനോരമ’യുമായുള്ള അഭിമുഖത്തിലും, മോദിയെക്കുറിച്ചു പറയുമ്പോൾ ആ മുഖം വല്ലാതെ പ്രകാശിക്കുന്നു, ശബ്ദത്തിൽ അൽപംകൂടി ആവേശം കലരുന്നു. മോദി വിജയത്തെക്കുറിച്ചു മാത്രമാണു ചിന്തിക്കുന്നത്, ഷാ പ്രശ്നപരിഹാരത്തെക്കുറിച്ചും. അതാണ് ഈ കൂട്ടുകെട്ടിന്റെ വിജയരഹസ്യമെന്നാണ് ബിജെപി എത്തിച്ചേർന്നിരിക്കുന്ന നിഗമനം. മോദി ‘വിഷനും’ ഷാ ‘മിഷനും’ എന്നത് ഇനിയൊരു അപദാനം.
പൊടുന്നനെ ഹോട്ടൽ ലോബിയിൽ നിശ്ശബ്ദത പടർന്നു. അമിത് ഷാ എത്തിയിരിക്കുന്നു. പിന്നാലെ, കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയഭാരവാഹി എം.സത്യകുമാർ, സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള, ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.ഗണേശ്. കേരളത്തിലെ ഉത്തരവാദപ്പെട്ട ഏതു ബിജെപി നേതാവെത്തുമ്പോഴും അമിത് ഷാ ആവശ്യപ്പെടുന്നത് ഒരു കാര്യമാണ്: ‘എൻഎസ്എസിനെയും ക്രൈസ്തവ സഭയെയും കയ്യിലെടുക്കൂ, കേരളത്തിൽ അതേ വഴിയുള്ളൂ’. ആ പരിശ്രമങ്ങൾ എത്രകണ്ടു മുന്നോട്ടുപോയെന്ന തിരക്കിട്ട പരിശോധനയാകാം അടച്ചിട്ട മുറിയിൽ. ശേഷം കാണുമ്പോൾ ശ്രീധരൻപിള്ള സന്തോഷവാനായിരുന്നു –‘ദേശീയ അധ്യക്ഷൻ വലിയ ആത്മവിശ്വാസത്തിലും പ്രതീക്ഷയിലുമാണ്. അവർ കൃത്യമായി വിവരങ്ങൾ വിശകലനം ചെയ്യുന്നു’. കേരളത്തെക്കുറിച്ച് ഇത്ര മാത്രം പഠിച്ചിട്ടുള്ള മറ്റൊരു ബിജെപി നേതാവ് ഒരുപക്ഷേ, വെങ്കയ്യനായിഡു മാത്രമായിരിക്കുമെന്നും ശ്രീധരൻപിള്ള. തീരുമാനങ്ങളെടുക്കാനും അതു നടപ്പിലാക്കാനും ഇത്രയും മികവുറ്റ നേതാവിനെ കണ്ടിട്ടില്ലെന്ന് പി.കെ.കൃഷ്ണദാസ്.
കാത്തിരിപ്പിനു വിരാമമിട്ട്, തികഞ്ഞ ഗൗരവത്തോടെ അമിത് ഷാ മുന്നിലെത്തി. ഉപചാരങ്ങൾ പൊതുവിൽ അദ്ദേഹത്തിനു കുറവാണ്. പത്രപ്രവർത്തകർ പൊതുവിൽ മുൻവിധികളുള്ളവരാണ് എന്നതാണ് അമിത് ഷായുടെ മുൻവിധി എന്നു കേട്ടിട്ടുണ്ട്. ‘മനോരമ ന്യൂസ്’ പ്രതിനിധി ബിനു അരവിന്ദനൊപ്പം അദ്ദേഹവുമായി സംസാരിച്ചു. പ്രസക്തഭാഗങ്ങൾ:
∙ ഈ തിരഞ്ഞെടുപ്പിൽ നാനൂറിലധികം സീറ്റുകൾ എന്ന ‘ടാർഗറ്റ്’ ബിജെപി നിശ്ചയിച്ചിട്ടുണ്ടോ? 279 ആണ് സർവേകൾ പറയുന്ന പരമാവധി നേട്ടം.
അങ്ങനെ ഒരു ടാർഗറ്റുമില്ല. ഇന്ത്യയുടെ മനസ്സു പ്രവചിക്കുകയെന്നത് ഏതു സർവേ ഏജൻസിക്കും കഠിനമായ കാര്യമാണ്. പക്ഷേ, ജനങ്ങളോടു നിരന്തരം ഇടപെടുന്ന, രാജ്യമാകെ സഞ്ചരിക്കുന്ന ഞങ്ങൾക്ക് അവരുടെ ‘പൾസ്’ മനസ്സിലാകും. ഇപ്പോഴത്തെക്കാൾ മെച്ചപ്പെട്ട ഭൂരിപക്ഷത്തോടെ എൻഡിഎ അധികാരത്തിൽ വരും. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയുമാകും.
∙ പുൽവാമ മുഖ്യപ്രതീക്ഷയും ആയുധവുമായി മാറിയോ?
ദേശസുരക്ഷ ഞങ്ങൾക്കു പ്രധാനമാണ്. കോൺഗ്രസിനും കമ്യൂണിസ്റ്റ് പാർട്ടിക്കും അങ്ങനെയല്ലെങ്കിൽ, ഞങ്ങളെന്തു പറയാൻ? എൻഡിഎ സർക്കാരിന്റെ സമസ്തമേഖലയിലെയും നേട്ടമാണു ഞങ്ങൾ മുന്നോട്ടുവയ്ക്കുന്നത്.
∙ ദേശീയതലത്തിൽ നോക്കിയാൽ, യുപിയിൽ കഴിഞ്ഞ തവണത്തെപ്പോലെയുള്ള മുന്നേറ്റം അസാധ്യമാണെന്ന തോന്നലില്ലേ, ഹിന്ദി ഹൃദയഭൂമിയിലാകെ തന്നെ...
യുപിയിൽ അങ്ങനെ പിന്നോട്ടുപോകുന്ന സാഹചര്യമില്ല. ഞങ്ങളുടെ സംഘടന അവിടെ വളരെ ശക്തമാണ്. സീറ്റുകൾ ചിലതു മാറിയും മറിഞ്ഞും വരാം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, ഒഡീഷയിൽ, ബംഗാളിൽ, ദക്ഷിണേന്ത്യയിൽ എല്ലായിടത്തും സീറ്റു കൂടാൻ പോകുന്നു. കഴിഞ്ഞതവണ തോറ്റ 60 സീറ്റുകളിൽ ഞങ്ങൾ ജയിക്കും. എവിടെയെങ്കിലും സീറ്റു കുറഞ്ഞാലും ആ 60 കൊണ്ടു നികത്തും. ബംഗാളിൽ പകുതിയിലേറെ സീറ്റുകളിൽ ബിജെപി ജയിക്കാൻ പോകുകയാണ്. തൃണമൂൽ കോൺഗ്രസും ബിജെപിയുമാണ് അവിടെ മുഖാമുഖം. കോൺഗ്രസും കമ്യൂണിസ്റ്റുകാരും അവിടെ ചിത്രത്തിലില്ല.
∙ കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ, ബിജെപിയുടെ പരാജയവും ബിജെപി ഇതര സർക്കാരിന്റെ വരവുമാണല്ലോ പ്രതീക്ഷിക്കുന്നത്. എന്തു തോന്നുന്നു?
അക്കാര്യത്തിൽ എനിക്ക് ഒരു അദ്ഭുതവുമില്ല. അവർ രണ്ടു കൂട്ടരും ഞങ്ങളുടെ എതിരാളികളാണ്. അവർ ബിജെപിയുടെ വിജയം ആഗ്രഹിക്കില്ല. ഇത്തവണ പക്ഷേ, കേരളത്തിൽ വലിയ മാറ്റം വരാൻ പോകുകയാണ്. അക്കാര്യത്തിൽ പൂർണവിശ്വാസമുണ്ട്.
∙ അഭിപ്രായ സർവേകൾ 0–2 സീറ്റുകളാണു പ്രവചിക്കുന്നത്?
കുറഞ്ഞത് 5 സീറ്റ് നേടി കേരളത്തിൽ ബിജെപി മികച്ച തുടക്കംകുറിക്കാൻ പോകുന്നു. കുറഞ്ഞത് 5 സീറ്റ് എന്നാണു ഞാൻ പറഞ്ഞത് എന്നതു മനസ്സിൽവച്ചോളൂ.
∙ ഏതൊക്കെ മണ്ഡലങ്ങളിലാകും ജയം?
ജയിക്കുന്ന മണ്ഡലങ്ങളേതെന്നും തോൽക്കുന്നത് ഏതെന്നും മുൻകൂട്ടി പറയുന്നതു ശരിയല്ലല്ലോ.
∙ കേരളത്തിൽ ബിജെപി മുന്നോട്ടുവയ്ക്കുന്ന പ്രധാന തിരഞ്ഞെടുപ്പു വിഷയങ്ങൾ എന്തൊക്കെയാണ്?
കഴിഞ്ഞ 5 വർഷം കേരളത്തിന്റെ വികസനത്തിനായി ഒട്ടേറെ നല്ല കാര്യങ്ങൾ കേന്ദ്ര സർക്കാർ ചെയ്തിട്ടുണ്ട്. ധനകാര്യ കമ്മിഷന്റെ വിഹിതംകൂട്ടി. അടിസ്ഥാനസൗകര്യ വികസനത്തിനും റെയിൽവേ വികസനത്തിനുമെല്ലാം വേണ്ടതു ചെയ്തു. കേന്ദ്ര സർക്കാരിനെക്കുറിച്ച് ഇവിടെ നടക്കുന്ന പ്രചാരണം തിരിച്ചാണെന്നു ഞങ്ങൾക്കറിയാം. ബിജെപി സർക്കാരിനെക്കുറിച്ച് കമ്യൂണിസ്റ്റ് സർക്കാർ നല്ലതു പറയുമെന്നു ഞങ്ങൾ വിചാരിക്കുന്നില്ല. കേരളത്തിലെ സർക്കാരിനെക്കുറിച്ചു ചിന്തിക്കൂ. പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോർട്ട് മാത്രം മതിയല്ലോ. ഈ സർക്കാർ പൂർണപരാജയമാണെന്നു തുറന്നു കാണിക്കുന്നതല്ലേ ആ റിപ്പോർട്ട്. ഫെഡറൽ സംവിധാനത്തിൽ അവരാണു ഭരിക്കേണ്ടത്. അവർക്ക് അതിനു കഴിയുന്നില്ലെങ്കിൽ ഞങ്ങളോടു പറഞ്ഞാൽ മതി, ഏറ്റെടുക്കാം.
∙ കേരളത്തിൽ ഇത്തവണ മുന്നേറാൻ സാധിച്ചാൽ, ശബരിമലയായിരിക്കുമോ അതിനു കാരണം?
ശബരിമല ഒരു തിരഞ്ഞെടുപ്പു വിഷയമായി കരുതുന്നില്ല. കോടിക്കണക്കിനാളുകളെ പ്രയാസപ്പെടുത്തുന്ന വിഷയമാണ്. എത്രയോ സുപ്രീംകോടതി വിധികൾ നടപ്പാക്കാത്തതുണ്ട്. മസ്ജിദുകളിൽ മൈക്ക് വിലക്കിയ വിധിയുണ്ടല്ലോ. നടപ്പാക്കാൻ ധൈര്യമുണ്ടായോ കമ്യൂണിസ്റ്റ് സർക്കാരിന്? ചെയ്താൽ വോട്ടുബാങ്ക് തകരും. എന്നാൽ, ശബരിമലയുടെ കാര്യം വന്നപ്പോൾ ഇരട്ടത്താപ്പ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരം നൽകിയേ തീരൂ. സുപ്രീം കോടതിയുടെ എല്ലാ വിധികളും നടപ്പാക്കുന്നുണ്ടെങ്കിൽ ശബരിമലവിധിയും നടപ്പാക്കിക്കൊള്ളൂ. അതല്ലെങ്കിൽ, സുപ്രീംകോടതി വിധിയുടെ പേരുപറഞ്ഞ് ശബരിമലയോടും ബിജെപി – ആർഎസ്എസ് പ്രവർത്തകരോടും നീതികേടു കാണിക്കരുത്. അയ്യപ്പന്റെയും ശബരിമലയുടെയും പേരുപറഞ്ഞ് ഞങ്ങളാരും വോട്ടു ചോദിക്കില്ല. പക്ഷേ, അതിന്റെ പേരിൽ വിശ്വാസികളോടു കാട്ടുന്ന അനീതി തുറന്നു കാണിക്കുന്നതിൽനിന്നു തടയാൻ ആർക്കും കഴിയില്ല.
∙ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ വിശ്വാസസംരക്ഷണാർഥം ഓർഡിനൻസ് പ്രതീക്ഷിക്കാമെന്നാണോ?
വിഷയം ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സുപ്രീംകോടതി അതിന്റെ എല്ലാ വശങ്ങളും പരിഗണിച്ച് നീതിപൂർവകമായ ഒരു തീരുമാനത്തിലെത്തും, വഴി കണ്ടെത്തും എന്നാണു ഞങ്ങൾ കരുതുന്നത്. ഓർഡിനൻസ് പിന്നത്തെ കാര്യമാണ്. ആദ്യം കോടതി എന്തു തീരുമാനമെടുക്കുമെന്നു നോക്കട്ടെ.
∙ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ നിരന്തരം പരിഹസിക്കുന്നുണ്ടല്ലോ?
രാഹുൽ ഗാന്ധി ഇത്തവണ അമേഠിയിൽ സുരക്ഷിതനല്ലെന്നു മാത്രമേ എനിക്കു പറയാനുള്ളൂ (ചിരിക്കുന്നു). അതിൽ കൂടുതലൊന്നുമില്ല. രാഹുൽ എവിടെ വേണമെങ്കിലും മത്സരിച്ചോട്ടെ, രാഷ്ട്രീയത്തിൽ അതിനുള്ള അവകാശം എല്ലാവർക്കുമുണ്ട്.
∙ വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ചുകൊണ്ടുള്ള താങ്കളുടെ പരാമർശം വൻ വിവാദമായല്ലോ. മാപ്പുപറയണമെന്ന ആവശ്യം ഭരണ – പ്രതിപക്ഷങ്ങൾ ഉന്നയിച്ചിട്ടുണ്ട്?
ഞാൻ ക്ഷമ പറയേണ്ട കാര്യമൊന്നും അക്കാര്യത്തിലില്ല.
∙ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നാണോ?
അതെ. ഞാൻ പറഞ്ഞതു സുവ്യക്തമാണ്.
∙ കേരളത്തിൽ ആരാണ് ബിജെപിയുടെ മുഖ്യശത്രു?
ഞങ്ങൾ രണ്ടു കൂട്ടർക്കുമെതിരെ പോരാടുകയാണ്. കോൺഗ്രസിനോ കമ്യൂണിസ്റ്റ് പാർട്ടിക്കോ ഇന്ത്യയെ നയിക്കാൻ കഴിയില്ലെന്നത് കേരളത്തിലെ ജനങ്ങൾ ചിന്തിക്കണം. രാജ്യത്തിനു സുരക്ഷിതത്വബോധം ഉണ്ടാക്കാൻ അവർക്കു സാധിക്കില്ല. ഈ തിരഞ്ഞെടുപ്പോടെ രാജ്യത്ത് സിപിഎമ്മും സിപിഐയും ഇല്ലാതാകാൻ പോകുകയാണ്. ബംഗാളിലും ത്രിപുരയിലും അതു സംഭവിച്ചുകഴിഞ്ഞു. ഇനി കേരളമാണ്.
∙ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണോ ഉദ്ദേശിക്കുന്നത്?
അതിനു മുൻപു തന്നെ. ഈ തിരഞ്ഞെടുപ്പുതന്നെ മാറ്റം വിളിച്ചോതും.
∙ ഇത്തവണ ലോക്സഭയിലേക്കു താങ്കൾ മത്സരിക്കുന്നുണ്ട്. രാജ്യസഭാംഗമായ താങ്കൾ ലോക്സഭയിലേക്ക് ഇത്തവണ മത്സരിക്കുന്നത് പാർലമെന്ററി രംഗത്തേക്കു മാറുമെന്നതിന്റെ സൂചനയാണോ?
അങ്ങനെ വിചാരിക്കേണ്ട കാര്യമില്ല. ജനങ്ങളുടെ അംഗീകാരം വാങ്ങി ജനപ്രതിനിധി സഭകളിലെത്തുന്നതിനാണ് ഞാൻ എക്കാലവും താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്. എന്റെ നിയമസഭാ കാലാവധി അവസാനിച്ച സമയത്ത് ആദ്യംവന്നത് രാജ്യസഭയിലേക്കുള്ള ഒഴിവായതിനാൽ പാർട്ടി അതിലേക്കു നിയോഗിച്ചു. ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പു വന്നപ്പോൾ ജനങ്ങളുടെ അംഗീകാരത്തോടെ പാർലമെന്റിലെത്താൻ ആഗ്രഹിച്ചു. രാജ്യസഭാംഗമായിരിക്കുമ്പോഴും വേണമെങ്കിൽ മന്ത്രിയാകാമായിരുന്നല്ലോ. അതുകൊണ്ട് അത്തരം അഭ്യൂഹങ്ങളിൽ കാര്യമില്ല.
∙ ഈ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം കണക്കുകളിലും താങ്കൾ രസതന്ത്രത്തിലുമാണല്ലോ വിശ്വസിക്കുന്നത്?
രസന്ത്രമായിരിക്കും എപ്പോഴും വിജയിക്കുക. അതിലാണു ഞാൻ വിശ്വസിക്കുന്നത്. തെളിയിച്ചിട്ടുമുണ്ട്.
ബയോകെമിസ്ട്രിയിലാണ് അമിത് ഷായുടെ ബിരുദം. രാഷ്ട്രീയ രസതന്ത്രക്കൂട്ടുകളുടെ നിർമാണ വിപണനരംഗത്തെ ഇന്ത്യയിലെ മുഖ്യ ബ്രാൻഡ് എന്ന കീർത്തി അമിത് ഷാ നിലനിർത്തുമോ എന്ന് മേയ് 23ന് അറിയാം.