വലിയ സ്വപ്നത്തിലേക്ക് ആദ്യ ചുവട്
Mail This Article
അഞ്ചു വർഷംകൊണ്ട് അഞ്ചു ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥ എന്ന വലിയ സ്വപ്നത്തിന്റെ കൈപിടിച്ച്, ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ജനക്ഷേമപദ്ധതികൾക്കൊപ്പം അടിസ്ഥാനസൗകര്യ വികസനത്തിനു തന്നെയാണു മുൻതൂക്കം. രണ്ടാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റ് ഗ്രാമീണ മേഖലയ്ക്കും മറ്റുമായി പല വലിയ പദ്ധതികളും മുന്നിൽവയ്ക്കുന്നുണ്ടെങ്കിലും ഈ പദ്ധതികൾക്കാവശ്യമായ ധനസമാഹരണത്തിലെ അവ്യക്തത ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്ധനനികുതി കൊണ്ട് ബജറ്റ് ജനജീവിതത്തിൽ കനത്ത ആഘാതമേൽപിക്കുകയും ചെയ്യുന്നു.
വാഗ്ദാനപ്പെരുമഴയിൽ ജനങ്ങളുടെ മനസ്സുനിറയ്ക്കുന്ന ബജറ്റാണ് മന്ത്രി പീയൂഷ് ഗോയൽ തിരഞ്ഞെടുപ്പിനു മുൻപ്, കഴിഞ്ഞ ഫെബ്രുവരിയിൽ അവതരിപ്പിച്ചത്. പക്ഷേ, തിരഞ്ഞെടുപ്പിനുശേഷമുള്ള ഈ ബജറ്റ് സ്വാഭാവികമായും പ്രകടമായിത്തന്നെ വാഗ്ദാനങ്ങളിൽ നിയന്ത്രണം കൊണ്ടുവരുന്നുണ്ട്. പന്ത്രണ്ടു കോടി കർഷകകുടുംബങ്ങളെ ഉന്നംവച്ചുള്ള പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയടക്കം വിവിധ കർഷകക്ഷേമ പദ്ധതികൾ ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ചതുകൊണ്ടാവണം ഈ ബജറ്റ് കൃഷിമേഖലയിൽ ശ്രദ്ധേയമായ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നില്ല.
ധനക്കമ്മി ഈ സാമ്പത്തികവർഷം 3.3 ശതമാനത്തിലേക്കു കുറയ്ക്കാനാവുമെന്നു ധനമന്ത്രി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇത് നികുതിവരുമാനത്തിലെ വർധന, പൊതുമേഖലാ ഓഹരി വിൽപനയിലെ പുരോഗതി തുടങ്ങി പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും. സ്വകാര്യമേഖലയിൽ കൂടുതൽ മുതൽമുടക്കാണ് ഉൽപാദനവും തൊഴിലവസരവും മെച്ചപ്പെടാൻ സഹായിക്കുന്ന പ്രധാന കാര്യമായി കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സർവേ നിർദേശിച്ചത്. കേന്ദ്ര ബജറ്റും ഇതേ ദിശയിലൂടെതന്നെ സഞ്ചരിക്കുന്നു.
റോഡ്– ജലഗതാഗത– വ്യോമയാന വികസനം, രാജ്യമെങ്ങും ഒറ്റ യാത്രാകാർഡ്, എല്ലാവർക്കും ശുദ്ധജലം, പ്രവാസികൾക്ക് ആധാർ കാർഡ്, വനിതാശാക്തീകരണം, ബഹിരാകാശ മേഖലയിലെ നേട്ടങ്ങൾ വരുമാനമാക്കാൻ പ്രത്യേക കമ്പനി, രാജ്യം മുഴുവൻ ഒറ്റ വൈദ്യുതി ഗ്രിഡ്, ഉദാരവൽക്കരണത്തിന്റെ വിപുലീകരണം, വിദേശ – ആഭ്യന്തര നിക്ഷേപസൗഹൃദ പദ്ധതികൾ, എല്ലാ പഞ്ചായത്തിലും ഇന്റർനെറ്റ് കണക്‌ഷൻ, മാലിന്യനിർമാർജനവും ജലസംരക്ഷണവും, തൊഴിൽനിയമങ്ങളുടെ ഏകീകരണം, ചെറുകിട വ്യവസായങ്ങളുടെ പ്രോൽസാഹനം തുടങ്ങി ഒട്ടേറെ വാഗ്ദാനങ്ങൾ ബജറ്റിൽ തിളങ്ങുന്നുണ്ടെങ്കിലും ഇവ എത്രത്തോളം യാഥാർഥ്യമാകും എന്ന് ഉറ്റുനോക്കുകയാണു രാജ്യം.
അതിസമ്പന്നരിൽനിന്ന് അധിക സർചാർജിലൂടെയും സാധാരണക്കാരിൽനിന്ന് ഇന്ധന നികുതിയിലൂടെയും ധനസമാഹരണം ഉറപ്പാക്കുന്ന ബജറ്റ് പക്ഷേ, ആദായനികുതി സ്ലാബുകളിൽ മാറ്റമൊന്നും നിർദേശിക്കുന്നില്ല. 250 കോടി രൂപയിൽ താഴെ വരുമാനമുള്ള കമ്പനികൾക്കുമാത്രം ലഭ്യമായിരുന്ന 25% കോർപറേറ്റ് നികുതി സ്ലാബ് 400 കോടി രൂപ വരുമാനമുള്ളവയ്ക്കു വരെയാക്കിയിട്ടുണ്ട്. സ്വന്തം ഉപയോഗത്തിനുള്ള ആദ്യ വീടു വാങ്ങാൻ 2020 മാർച്ച് 31 വരെ എടുക്കുന്ന 45 ലക്ഷം വരെയുള്ള ഭവനവായ്പയുടെ പലിശയ്ക്ക് ഒന്നര ലക്ഷം രൂപയുടെ അധികനികുതി ഇളവു കിട്ടുന്നതാവട്ടെ, ഇടത്തരക്കാരുടെ ഭവനസ്വപ്നങ്ങൾക്കു നല്ല അടിത്തറയാവുകയും ചെയ്യും. വൈദ്യുതി, പാരമ്പര്യേതര ഊർജ വാഹനങ്ങളിലേക്കു മാറാൻ നയനടപടികൾ സ്വീകരിക്കുന്ന ഇന്ത്യ ഈ ബജറ്റിൽ വൈദ്യുതി വാഹനങ്ങൾ വാങ്ങുന്നവർക്ക് ആദായനികുതിയിൽ ഇളവു പ്രഖ്യാപിച്ചതു കയ്യടി അർഹിക്കുന്നു.
ഡീസലിനും പെട്രോളിനും പ്രത്യേക എക്സൈസ് തീരുവയായി ലീറ്ററിന് ഒരു രൂപ വീതം വർധിപ്പിച്ചതിനോടൊപ്പം റോഡ്–അടിസ്ഥാനസൗകര്യ സെസ് ആയി ഒരു രൂപ കൂടി ചുമത്തിയതോടെ ഫലത്തിൽ വർധന രണ്ടു രൂപയാവും. അല്ലെങ്കിൽത്തന്നെ, നട്ടെല്ലൊടിക്കുന്ന ഇന്ധനവിലവർധനയിൽ ഇതുകൂടിയാവുന്നതു സാധാരണക്കാരെ വലയ്ക്കുമെന്നു തീർച്ച. നിത്യോപയോഗ സാധനങ്ങളടക്കമുള്ളവയുടെ വിലക്കയറ്റത്തിനും ഇതു വഴിവയ്ക്കും. സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചതു വില കൂട്ടുന്നതിനൊപ്പം, സ്വർണ കള്ളക്കടത്ത് വർധിപ്പിക്കുമെന്ന ആശങ്കയുമുണ്ട്. വ്യോമയാന, മാധ്യമ (അനിമേഷൻ), ഇൻഷുറൻസ് മേഖലകളിലുൾപ്പെടെ വിദേശത്തുനിന്നു നേരിട്ടു മുതൽമുടക്ക് ബജറ്റ് ലക്ഷ്യമിടുന്നു.
പുതിയ ഇന്ത്യയ്ക്കുവേണ്ടിയുള്ള ബജറ്റ് യുവതയ്ക്കു കൊടുക്കുന്ന പ്രാധാന്യം വലുതാണ്. സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ടിവി ചാനലടക്കമുള്ള നിറഞ്ഞ സഹായങ്ങൾ ബജറ്റ് വാഗ്ദാനം ചെയ്യുന്നു. കേരളത്തിൽ ഇപ്പോൾത്തന്നെ ആയിരക്കണക്കിനു സ്റ്റാർട്ടപ്പുകളുള്ള സാഹചര്യത്തിൽ, ബജറ്റിൽ പ്രഖ്യാപിച്ച ഉദാരമായ പ്രോൽസാഹനം നാം പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. വർധിച്ചുവരുന്ന തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തിൽ, യുവാക്കൾക്കു നൈപുണ്യ പരിശീലനം നൽകുന്നതും വലിയ പ്രതീക്ഷ തരുന്നു. സ്കൂളിലും ഉന്നതവിദ്യാഭ്യാസരംഗത്തും നയപരമായ മാറ്റങ്ങൾ ഉണ്ടാവുകയുമാണ്. എയിംസ്, പ്രളയാനന്തര പുനർനിർമാണം അടക്കമുള്ളവയിൽ സഹായം പ്രതീക്ഷിച്ച കേരളത്തെ നിരാശപ്പെടുത്തുന്നതുമായി ഈ ബജറ്റ്.