ADVERTISEMENT

അരങ്ങിലെ സുന്ദരയ്യൻ

അരങ്ങിലും തിളങ്ങിയ വ്യക്തിത്വമായിരുന്നു മന്നത്തു പത്മനാഭന്റേത് എന്ന് അധികമാർക്കും അറിയില്ല. ‘മാർത്താണ്ഡവർമ’യിൽ സുന്ദരയ്യന്റെ വേഷമണിഞ്ഞ് ഗ്രന്ഥകാരനായ സാക്ഷാൽ സി.വി. രാമൻപിള്ളയെത്തന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്, മന്നത്തിലെ കലാകാരൻ.

അന്നത്തെ നാട്ടുനടപ്പനുസരിച്ച് കളരി ആശാന്റെ ശിക്ഷണത്തിൽ എഴുത്തും വായനയും അഭ്യസിച്ചശേഷം 8 വയസ്സുള്ള പത്മനാഭൻ ചങ്ങനാശേരി സർക്കാർ സ്കൂളിൽ ചേർന്നു. സാമ്പത്തിക പരാധീനതമൂലം പഠനം മുടങ്ങി. പ്രവൃത്തിക്കച്ചേരിയിൽ ചെന്നു മലയാളവും തമിഴും പകർത്തിയെഴുതി കാലം തള്ളുമ്പോഴാണ് ചങ്ങനാശേരിയിൽ കുമാരമംഗലസ്സ് നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നാടകസംഘം ആരംഭിച്ചത്. ഒട്ടും മടിച്ചില്ല.

ബാലനടനായി കൂടെക്കൂടി. 2 കൊല്ലം കൊണ്ടു മികച്ചനടനെന്നു പേരെടുത്ത പത്മനാഭൻ, ‘അഭിജ്ഞാന ശാകുന്തള’ത്തിൽ ഭരതകുമാരൻ, ‘കുചേലഗോപാല’ത്തിൽ ബ്രാഹ്മണ ബാലൻ, ‘ഉത്തരരാമചരിത’ത്തിൽ ലവൻ തുടങ്ങിയ വേഷങ്ങളിൽ തിളങ്ങി. പിന്നീടാണ് സുന്ദരയ്യന്റെ വേഷമണിയുന്നത്. പത്മനാഭന്റെ അഭിനയം കണ്ടു മനം നിറഞ്ഞ സി.വി പറഞ്ഞതിങ്ങനെ:‘‘ഈ കഥാപാത്രത്തെ സൃഷ്ടിച്ചതിന്റെ സാഫല്യം ഇപ്പോഴാണെനിക്കുണ്ടായത്.’’

അക്ഷരവെളിച്ചം

കൈവച്ച മേഖലകളിലെല്ലാം തിളങ്ങിയ ചരിത്രമുള്ള മന്നം സാഹിത്യരംഗത്തും അത് ആവർത്തിച്ചു. അദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവും വിലപ്പെട്ടത് ‘എന്റെ ജീവിത സ്മരണകൾ’ എന്ന ആത്മകഥയാണ്. നായർ സർവീസ് സൊസൈറ്റിയുടയും കേരള നവോത്ഥാനത്തിന്റെയും ചരിത്രംകൂടിയാണത്.

mannathu-Sketches-2

എൻഎസ്എസിനു ധനം ശേഖരിക്കാൻ മലയ (ഇന്നത്തെ മലേഷ്യ), സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളിൽ എം.എൻ.നായരുമൊന്നിച്ച് നടത്തിയ പര്യടനത്തിന്റെ വിവരണമായ ‘ഞങ്ങളുടെ എഫ്എംഎസ് യാത്ര’ എന്ന യാത്രാവിവരണഗ്രന്ഥമാണ് മന്നത്തിന്റെ മറ്റൊരു രചന. ‘പഞ്ചകല്യാണി-ഒരു നിരൂപണം’ എന്ന 14 അധ്യായങ്ങളുള്ള സുദീർഘമായ രചനയാണ് മറ്റൊന്ന്. ചിത്രമെഴുത്ത് കെ.എം.വർഗീസ് എഴുതിയ ‘മാർ അത്തനാസ്യോസിന്റെ പഞ്ചകല്യാണി’ എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള നിശിതമായ നിരൂപണമാണത്. മന്നത്തു പത്മനാഭന്റെ വിപുലമായ വായനയും പുസ്തകപരിചയവും നർമബോധവും പ്രകടമാക്കുന്നതാണ് ഈ രചനയെന്നു വിലയിരുത്തപ്പെടുന്നു.

‘ചങ്ങനാശേരി പരമേശ്വരൻപിള്ളയുടെ ജീവചരിത്രം ഒരു ലഘുനിരൂപണം’ എന്നതാണു മറ്റൊരു ഗ്രന്ഥം.

മികച്ച അധ്യാപകൻ

ദാരിദ്ര്യത്തോടു പടവെട്ടി ഒരുവിധത്തിലാണ് പത്മനാഭൻ ചങ്ങനാശേരി മലയാളം സ്കൂളിൽ പഠിച്ചിറങ്ങി സർക്കാർ കീഴ്ജീവനപ്പരീക്ഷ ജയിച്ചത്. ഇംഗ്ലിഷ് സ്കൂളിൽ ചേർന്നു പഠിക്കണമെന്നു മോഹമുണ്ടായിരുന്നെങ്കിലും കുടുംബഭാരം തലയിലേറ്റിയതിനാൽ ഉദ്യോഗത്തിനു ശ്രമിച്ചു. 16 വയസ്സ് തികയുന്നതിനുമുൻപ് 1893 സെപ്റ്റബറിൽ കാഞ്ഞിരപ്പള്ളി പ്രവൃത്തിപ്പള്ളിക്കൂടത്തിൽ രണ്ടാം വാധ്യാരായി ജോലിയിൽ പ്രവേശിച്ചു. ശമ്പളം 5 രൂപ.

വളരെവേഗം മികച്ച അധ്യാപകനായി പേരെടുത്തതോടെ 22 ാം വയസ്സിൽ സ്റ്റൈപ്പൻഡോടെ തിരുവനന്തപുരം ശിക്ഷാക്രമപാഠശാലയിൽ പ്രവേശനം നേടി. സംസ്ഥാനത്തു രണ്ടാമനായിട്ടാണു പരീക്ഷ ജയിച്ചത്. പിന്നീടു പല സർക്കാർ പ്രൈമറി സ്കൂളുകളിലും പ്രഥമാധ്യാപകനായി ജോലി നോക്കി. 11 വർഷത്തെ അധ്യാപനജീവിതത്തിനിടയിൽ കാഞ്ഞിരപ്പള്ളി, മഴുവന്നൂർ, പായിപ്പാട്, തുരുത്തി, കൊണ്ടൂർ,തുറവൂർ, പെരുന്ന, കിളിരൂർ, ചങ്ങനാശേരി എന്നിവിടങ്ങളിലെല്ലാം  ശിഷ്യസമ്പത്തും ബഹുമാനാദരങ്ങളും നേടാൻ അദ്ദേഹത്തിനു കഴിഞ്ഞു. എന്നിട്ടും ഒരു പ്രത്യേക സാഹചര്യത്തിൽ മന്നം ജോലി രാജിവച്ചു. ചങ്ങനാശ്ശേരി മിഡിൽസ്കൂൾ അധ്യാപകനായിരിക്കുമ്പോൾ പ്രധാനാധ്യാപകനുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലായിരുന്നു അത്.

കോടതിമുറിയിലെ മന്നം

ഒരിക്കൽ സമർഥനായ അഭിഭാഷകൻ കൂടിയായിരുന്നു മന്നത്തു പത്മനാഭൻ. ആലപ്പുഴ ജില്ലയിലെ തുറവൂരിൽ അധ്യാപകനായി ജോലി ചെയ്യുന്ന കാലത്തുതന്നെയാണ് അദ്ദേഹം മജിസ്ട്രേട്ട് പരീക്ഷ ജയിച്ചത്. അന്നത്തെ രീതിയനുസരിച്ച് ഈ പരീക്ഷ ജയിച്ചവർക്ക് ജില്ലാ മജിസ്ട്രേട്ട് കോടതിയിലും കീഴ് മജിസ്ട്രേട്ട് കോടതികളിലും അഭിഭാഷകരാകാം. അധ്യാപകജോലി ഉപേക്ഷിച്ച വർഷം തന്നെ കോട്ടയം മജിസ്ട്രേട്ട് കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. ആദ്യമൊക്കെ വരുമാനം  കുറവായിരുന്നു-മാസം 30 രൂപ. നാലഞ്ചുകൊല്ലം കഴിഞ്ഞതോടെ ഇത് 200 രൂപയായി. ഒപ്പം വക്കീലിനു പേരും പെരുമയുമായി. ചങ്ങനാശേരിയിലെ പൊതുസമ്മതനായ വ്യക്തിത്വമായി മാറാൻ അഭിഭാഷകവൃത്തി അദ്ദേഹത്തെ സഹായിച്ചു.  

അന്നു ചങ്ങനാശേരി കോടതിയിൽ പത്തോളം അഭിഭാഷകരുണ്ടായിരുന്നെങ്കിലും കുറഞ്ഞകാലംകൊണ്ട് മന്നം അവരുടെ മുന്നിലെത്തി. അങ്ങനെയാണ് അഭിഭാഷകരുടെ സംഘടനയ്ക്ക് രൂപം നൽകിയപ്പോൾ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. സംഘടനയ്ക്ക് സ്വന്തമായി ഒരു ഓഫിസ് കെട്ടിടമുണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമവും വിജയിച്ചു. 

അധ്യാപക ജോലിപോലെ, ഒരുഘട്ടത്തിൽ അഭിഭാഷകവൃത്തിയും അദ്ദേഹം വലിച്ചെറിഞ്ഞു. സ്ഥലം മാറിയെത്തിയ ഒരു മജിസ്ട്രേട്ടുമായുള്ള അഭിപ്രായവ്യത്യാസമായിരുന്നു കാരണം.

ആദ്യത്തെ എംഎൽഎ

തിരുവിതാംകൂറിലെ ആദ്യത്തെ എംഎൽഎമാരിൽ ( മെംബർ ഓഫ് ലെജിസ്‌ലേറ്റിവ് അസംബ്ലി) ഒരാളായിരുന്നു മന്നത്തു പത്മനാഭൻ എന്നത് ഇന്നു പലരും ഓർക്കുന്നുണ്ടാവില്ല. ദിവാൻ സി.പി.രാമസ്വാമി അയ്യർ രാജിവച്ചൊഴിഞ്ഞതിനുശേഷം തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശപ്രകാരം ആദ്യമായി നടന്ന പൊതുതിരഞ്ഞെടുപ്പായിരുന്നു 1948–ലേത്.  

കോൺഗ്രസ് നേതൃമണ്ഡലത്തിലേക്കുള്ള മന്നത്തു പത്മനാഭന്റെ രംഗപ്രവേശം പാർട്ടിയുടെ പ്രതിച്ഛായയും ജനസ്വാധീനവും വർധിക്കാൻ സഹായമായെന്നു തിരിച്ചറിഞ്ഞതിനാലാണ് മന്നത്തെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. പത്തനംതിട്ടയിലെ കുമ്പഴ-വള്ളിക്കോട് നിയോജകമണ്ഡലമാണ് മന്നത്തിനായി നീക്കിവച്ചത്. ചിറ്റൂർ രാജഗോപാലൻ നായരായിരുന്നു മുഖ്യ എതിരാളി. മന്നത്തോടാണു മത്സരിക്കുന്നതെന്നറിഞ്ഞപ്പോഴേ വിജയപ്രതീക്ഷ നഷ്ടപ്പെട്ട രാജഗോപാലൻ നായർ പിന്മാറി. അങ്ങനെ മന്നം വൻ ഭൂരിപക്ഷത്തോടെ അനായാസം ജയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com