ADVERTISEMENT

കേരളത്തിലെ അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിനു ചെറുപ്പക്കാരുടെ സുരക്ഷിത ഭാവിയിലേക്കുള്ള പടിവാതിലാണ് പിഎസ്‌സി പരീക്ഷകളും അതുവഴിയുള്ള സർക്കാർ ജോലിയും. ഊണും ഉറക്കവും ഉപേക്ഷിച്ച് സ്വയം സമർപ്പിച്ചു പഠിച്ചവരാണ് ഓരോ റാങ്ക് പട്ടികയിലും മുന്നിലെത്തുന്നത്. എന്നാൽ, ഒന്നാം റാങ്കുകാർക്കു പോലും നിയമനം കിട്ടാതെ റാങ്ക് പട്ടികകളുടെ കാലാവധി അവസാനിക്കുന്നതാണ് കേരളം ഇപ്പോൾ കാണുന്നത്. അനക്കമില്ലാതെ കിടക്കുന്ന റാങ്ക് ലിസ്റ്റുകളെക്കുറിച്ചും ഒരു ജോലിക്കായി ഓഫിസുകളും കോടതികളും കയറിയിറങ്ങുന്ന ഉദ്യോഗാർഥികളെക്കുറിച്ചും മലയാള മനോരമ പ്രസിദ്ധീകരിച്ച ‘ലിസ്റ്റിലുണ്ട് ജീവിതം’ എന്ന അന്വേഷണ പരമ്പരയെ കേരളത്തിലെ ചെറുപ്പക്കാർ ഏറ്റെടുത്തതും അതുകൊണ്ടാണ്.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന എല്ലാവർക്കും നിയമനം നൽകാനാവില്ലെന്ന സർക്കാർ വാദം ഉദ്യോഗാർഥികളും സമ്മതിക്കുന്നു. എന്നാൽ, ഉയർന്ന റാങ്ക് ഉള്ളവർക്കു പോലും മുൻകാലങ്ങളിലെന്ന പോലെ നിയമനം കിട്ടാത്തതെന്തുകൊണ്ടാണ്? എൽഡി ക്ലാർക്ക് തസ്തികയിലേക്കുള്ള 2015–’18 റാങ്ക് പട്ടികയിൽനിന്ന് 7651 പേർക്കു നിയമനം ലഭിച്ചപ്പോൾ നിലവിലെ പട്ടികയിൽനിന്ന് ഇതുവരെ നിയമനം ലഭിച്ചത് 3901 പേർക്കു മാത്രമാണ്. കാലാവധി തീരാൻ എട്ടുമാസം കൂടിയേ ഉള്ളൂ എന്നുകൂടി ഓർക്കണം. മറ്റൊരു വലിയ പട്ടികയായ ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയുടെ 2015– ’18 കാലത്തെ ലിസ്റ്റിൽനിന്നു 11,304 പേർക്കു നിയമനം ലഭിച്ചപ്പോൾ കാലാവധി തീരാൻ 10 മാസം മാത്രം ബാക്കിയുള്ള നിലവിലെ ലിസ്റ്റിൽനിന്ന് ഇതുവരെ നിയമനം ലഭിച്ചത് 4348 പേർക്കു മാത്രം.

ഒഴിവുകൾ ഇല്ലാത്തതല്ല നിയമനങ്ങളിലെ മെല്ലെപ്പോക്കിനു കാരണം. വേണ്ടത്ര ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും നിയമനങ്ങൾ വേഗത്തിലാക്കാൻ സർക്കാർ സംവിധാനങ്ങൾക്കു താൽപര്യമില്ലാത്തതുമാണു പ്രശ്നം. ആകെ മൂന്നു വർഷത്തെ കാലാവധിയുള്ള റാങ്ക് പട്ടികകളിൽ പലതും രണ്ടു പ്രളയം, നിപ്പ, കോവിഡ് എന്നിവയിൽ ഏറെക്കാലം മരവിച്ചുകിടന്നപ്പോൾ നിയമനങ്ങൾ വേഗത്തിലാക്കാനോ പട്ടികകളുടെ കാലാവധി നീട്ടാനോ അനുകൂല നിലപാട് ഉണ്ടായില്ല. സിവിൽ പൊലീസ് ഓഫിസർ തസ്തിക പോലെ നിയമക്കുരുക്കിൽ കിടന്ന പട്ടികകളോടു പോലും ഈ പ്രതികൂല നിലപാടായിരുന്നു സർക്കാരിന്റേത്.

പിൻവാതിൽ വഴി താൽക്കാലികമായി നികത്തുന്നതോടെയാണ് ഒഴിവുകൾ പിഎസ്‌സിക്കു മുൻപിൽ എത്താതെ അപ്രത്യക്ഷമാകുന്നത്. റാങ്ക് പട്ടിക നിലനിൽക്കെ കരാറുകാരെയും ദിവസവേതനക്കാരെയും നിയമിക്കുകയും ഇവരെ പിന്നീടു സ്ഥിരപ്പെടുത്തുകയും ചെയ്യുമ്പോൾ തട്ടിത്തെറിപ്പിക്കുന്നത് ഈ ജോലികൾക്കായി മാത്രം വർഷങ്ങളുടെ അധ്വാനം മാറ്റിവച്ച ചെറുപ്പക്കാർക്ക് അർഹമായ ഒഴിവുകളാണ്. വനംവകുപ്പിൽ ഇങ്ങനെ താൽക്കാലികക്കാരായി ജോലി ചെയ്യുന്ന 2,351 പേരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവർഷം കോടതിയിൽ പോയത് വകുപ്പു ഭരിക്കുന്ന പാർട്ടിയുടെ തൊഴിലാളി സംഘടന തന്നെയാണ്.‌

നിയമനങ്ങൾ പിഎസ്‌സിക്കു വിട്ട് 24 വർഷം പിന്നിട്ടിട്ടും ചട്ടങ്ങൾ തയാറാക്കാതെയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെയും സഹകരണ എപ്പെക്സ് സ്ഥാപനങ്ങളും ഉദ്യോഗാർഥികളോടുള്ള ഈ ചതിയിൽ പങ്കുചേരുന്നു. എപ്പെക്സ് സ്ഥാപനങ്ങളിലെ എൽഡി ക്ലാർക്ക് തസ്തികയിലേക്ക് ഈ വർഷം ഫെബ്രുവരി 26നു നിലവിൽ വന്ന പിഎസ്‌സി പട്ടികയിൽനിന്ന് ഇതുവരെയും ഒരു നിയമനശുപാർശ പോലും അയച്ചിട്ടില്ല എന്നിടത്താണ് ഈ ചതിയുടെ വ്യാപ്തി. ഇവിടെയെല്ലാം നിയമനം നേതാക്കളുടെ ബന്ധുക്കൾക്കും പാർട്ടി അനുഭാവികൾക്കുമാണ്. ഭരണം മാറുന്നതനുസരിച്ച് നിറം മാറുമെന്നു മാത്രം. സംസ്ഥാന ലൈബ്രറി കൗൺസിലിൽ ഇത്തരത്തിൽ നിയമിച്ച 60 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈയിടെ എട്ടാഴ്ചത്തേക്കു സ്റ്റേ ചെയ്തിരുന്നു.

അക്കങ്ങൾക്കും പേരുകൾക്കും അപ്പുറം അനക്കമറ്റു കിടക്കുന്ന ഓരോ ലിസ്റ്റിലും ഉള്ളത് ജീവിതങ്ങളാണ് എന്ന കാഴ്ചപ്പാടു സർക്കാരിനുണ്ടായാൽ മാത്രമേ, ഉദ്യോഗാർഥികളുടെ വേദനകൾക്കു പരിഹാരം കാണാൻ കഴിയൂ. ഇതിനുള്ള ശ്രമമാണ് ഇനി ഉണ്ടാവേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com