രാഷ്ട്രീയത്തിലെ സ്ത്രീ; വനിതാ എംഎൽഎമാരുടെ അനുഭവങ്ങൾ
Mail This Article
കേരളത്തിൽ എംഎൽഎമാരായിട്ടുള്ള വനിതകൾ പൊതുപ്രവർത്തനത്തിലെയും നിയമസഭയിലെയും അനുഭവങ്ങൾ പങ്കുവയ്ക്കുന്നു
∙സ്ത്രീകൾക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിച്ചു തേജോവധം ചെയ്യുക എന്ന തരംതാഴ്ന്ന രാഷ്ട്രീയത്തിനെതിരെയാണ് ആദ്യ തിരഞ്ഞെടുപ്പു മുതൽ മത്സരിച്ചു ജയിച്ചിട്ടുള്ളത്. തുടക്കത്തിൽ വനിത എന്നതിനപ്പുറത്ത് യുവപ്രതിനിധി എന്ന പരിഗണന ലഭിച്ചിരുന്നു.
ജെ.മേഴ്സിക്കുട്ടിയമ്മ
∙നിയമസഭാംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക സ്നേഹവും കരുതലും ഉണ്ടായിരുന്നു. വനിത എന്ന നിലയിൽ ഒരിടത്തും അവഗണിച്ചിട്ടില്ല.
രാധാ രാഘവൻ
∙തുടക്കക്കാരിയെന്ന് ഒരു തരത്തിലും തോന്നിപ്പിക്കാത്ത രീതിയിൽ മുതിർന്ന സഹപ്രവർത്തകർ പിന്തുണ നൽകി. അന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമല്ല പ്രതിപക്ഷനേതാവും സ്പീക്കറും എംഎൽഎമാരും ഒരിക്കലും മാറ്റിനിർത്തിയില്ല.
പി.കെ.ജയലക്ഷ്മി
∙വനിതയെന്ന നിലയിലും പുതുമുഖം എന്ന നിലയിലും എല്ലാവരുടെയും സ്നേഹവും സഹകരണവും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ലഭിച്ചു.
സി.കെ. ആശ
∙പൊതുരംഗത്തെ സ്ത്രീകൾ ചെയ്യുന്ന കാര്യങ്ങൾ സമ്മതിച്ചുകിട്ടുക അത്ര എളുപ്പമല്ല. പക്ഷേ, നിയമസഭയിൽ വേർതിരിവുകളൊന്നും നേരിടേണ്ടി വന്നിട്ടില്ല. അവിടെ മെംബർ മാത്രമേയുള്ളൂ.
യു. പ്രതിഭ
∙നിയമസഭയിൽ വനിത എന്ന ഭേദഭാവമൊന്നും തോന്നിയിട്ടില്ല. ജനപ്രതി നിധിയെന്നതിനു മാത്രമാണ് അവിടെ പരിഗണന. ചട്ടങ്ങളും നടപടിക്രമങ്ങളുമൊക്കെ പഠിക്കാൻ മുതിർന്ന അംഗങ്ങൾ സഹായിച്ചിട്ടുണ്ട്.
ഷാനിമോൾ ഉസ്മാൻ
∙വനിതാ എംഎൽഎ എന്ന വേർതിരിവ് എവിടെയുമുണ്ടായിട്ടില്ല. കഴിഞ്ഞ 15 വർഷവും ഭരണ–പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ പ്രോത്സാഹനം ലഭിച്ചു. മുതിർന്ന അംഗങ്ങൾ ഒട്ടേറെ കാര്യങ്ങളിൽ സഹായിച്ചു.
ഇ.എസ്.ബിജിമോൾ
∙ഖദർസാരിയുടുത്ത്, ചെരിപ്പുപോലുമിടാത്ത പൊതുപ്രവർത്തകവനിതകളുടെ ഇടയിലേക്കാണ് ഞാൻ കളർസാരിയും ഹൈ ഹീൽ ചെരിപ്പും ധരിച്ച്, ലിപ്സ്റ്റിക് ഇട്ട്, വിവിധ ഹെയർസ്റ്റൈലിലെത്തിയത്. അന്നു പലരും മുഖംചുളിച്ചു. ആളുകൾ നമ്മളെ കാണാനെത്തുന്നത് സങ്കടങ്ങളും പ്രശ്നങ്ങളും കൊണ്ടാണ്. അവർക്ക് ആത്മവിശ്വാസം നൽകുക കൂടിയാണു നമ്മുടെ ധർമം. നമ്മൾ ചത്തേ ചതഞ്ഞേ എന്നു പറഞ്ഞിരുന്നാൽ എങ്ങനെ ശരിയാകും?
ശോഭന ജോർജ്
∙വനിത എന്ന നിലയിൽ പ്രത്യേക പരിഗണനയോ പരിഗണന ലഭിക്കായ്കയോ ഉണ്ടായിട്ടില്ല. പുരുഷൻമാരായ മന്ത്രിമാർ ചെയ്തതു പോലെ ഞാനും ചെയ്തിട്ടുണ്ട്. തുല്യതയുടെ ഭാഗമായിട്ടുള്ള പെരുമാറ്റമാണ് എല്ലാവരിൽനിന്നും ഉണ്ടായിട്ടുള്ളത്.
കെ.കെ.ശൈലജ
∙എംഎൽഎ ആയി പ്രവർത്തിച്ച സമയത്ത് നിയമസഭയിലും പുറത്തും നല്ല സഹകരണം ലഭിച്ചു. ഏതെങ്കിലും തരത്തിലുള്ള വേർതിരിവ് അനുഭവപ്പെട്ടിട്ടില്ല
കെ.എസ്.സലീഖ
∙എംഎൽഎ ആകുന്നത് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ആയതിനു ശേഷമാണ്. അതുകൊണ്ടുതന്നെ നല്ല പരിഗണന കിട്ടി. തുല്യനീതി, ലിംഗസമത്വം എന്നീ കാര്യങ്ങളിൽ സമൂഹം ഇപ്പോഴും പൂർണമായി ഉണർന്നിട്ടില്ല. സ്ത്രീകളെ പരിഗണിക്കുന്നതിൽ മുൻകയ്യെടുക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ പാർട്ടിയിലും ആസമത്വം പൂർണമായി എന്നു പറയാനാകില്ല.
പി.കെ.ശ്രീമതി
∙വനിത എന്ന നിലയിൽ ഒറ്റപ്പെടലുണ്ടായിട്ടില്ല. പ്രത്യേക പരിഗണനയും കിട്ടിയിട്ടില്ല. എന്നാൽ, മറ്റു ജനപ്രതിനിധികൾക്കു കിട്ടിയ അവസരങ്ങളൊന്നും വനിത ആയതുകൊണ്ടു നഷ്ടപ്പെട്ടിട്ടുമില്ല.
സാവിത്രി ലക്ഷ്മണൻ
∙വനിത ആയതിനാൽ പ്രത്യേക പരിഗണന കിട്ടി. പ്രസംഗസമയത്തും ഉപക്ഷേപങ്ങൾ അവതരിപ്പിച്ചപ്പോഴും പരിഗണന ലഭിച്ചു. അതിൽ ഭരണ–പ്രതിപക്ഷ വ്യത്യാസമില്ല.
ഗീത ഗോപി
∙എട്ടാം നിയമസഭയിൽ ഞങ്ങൾ 8 വനിതകളായിരുന്നു. സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ ഒറ്റക്കെട്ടായിരിക്കണമെന്നാണ് വിശ്രമമുറിയിൽ വച്ച് ഞങ്ങളുണ്ടാക്കിയ ധാരണ. എന്നാൽ, സഭയിലെത്തുമ്പോൾ പലരും രാഷ്ട്രീയ വേർതിരിവു കാട്ടിയതു വിഷമമുണ്ടാക്കി.
എ. നബീസ ഉമ്മാൾ
∙അവഗണനയോ മോശം പെരുമാറ്റമോ ആരിൽനിന്നും ഉണ്ടായിട്ടില്ല. മണ്ഡലത്തിലും എല്ലാവരും നല്ല പരിഗണന നൽകി.
ഗിരിജ സുരേന്ദ്രൻ
∙വീട്ടിലും വിദ്യാലയങ്ങളിലും പാർട്ടിയിലും സ്ത്രീ എന്ന കാരണത്താൽ ഒരിക്കലും മാറ്റിനിർത്തപ്പെട്ടില്ല. ആരുടെയും പിന്നാലെ സീറ്റിനു പോയില്ല. പകരം എന്നെ അവർ തിരഞ്ഞെടുക്കുകയായിരുന്നു.
ജമീല പ്രകാശം
∙വനിത എന്ന നിലയിൽ അവസരങ്ങൾ കൂടുതൽ ലഭിച്ചു. ഒരിടത്തും മാറ്റിനിർത്തപ്പെട്ടില്ല. രാഷ്ട്രീയത്തിനപ്പുറമായിരുന്നു ഞങ്ങൾ വനിതാ അംഗങ്ങളുടെബന്ധം. സഭാസമ്മേളന കാലത്ത് ഞങ്ങളൊരു മിച്ചു വൈകുന്നേരങ്ങളിൽ നടക്കാൻ പോകുമായിരുന്നു.
വീണാ ജോർജ്
∙നിയമസഭയിൽ ഒരുതരത്തിലും അവഗണനയുണ്ടായിട്ടില്ല. ഞാൻ ആവശ്യപ്പെട്ടതിനൊക്കെ മികച്ച പരിഗണനയാണ് അന്നു സർക്കാർ നൽകിയത്. നിയമസഭയ്ക്കു പുറത്തും എല്ലാവരും സ്നേഹവും ബഹുമാനവും നൽകി.
എലിസബത്ത് മാമ്മൻ മത്തായി
∙നിയമസഭാംഗമായിരുന്നപ്പോൾ ഏറ്റവും കൂടുതൽ പരിഗണന കിട്ടിയയാളാണ് ഞാൻ. പ്രത്യേകിച്ച് ശ്രദ്ധക്ഷണിക്കലിന്. എന്റേതു നല്ല ശൈലിയാണെന്ന് വി.എസ്.അച്യുതാനന്ദൻ അടുത്തു വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്.
മാലേത്ത് സരളാദേവി
∙മണ്ഡലത്തിൽ ഒരാളെ കാട്ടാന കുത്തിക്കൊന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റാൻ പോലും സമ്മതിക്കാതെ വനംവകുപ്പിനെതിരെ വലിയ പ്രതിഷേധമുണ്ടായി. സ്ഥലത്തെത്തിയ ഞാൻ ഒരു ജീപ്പിന്റെ ബോണറ്റിൽ കയറിനിന്ന് ജനക്കൂട്ടത്തോടു ശാന്തരാകാൻ ആവശ്യപ്പെട്ടു. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയാൽ ഏതു ജനക്കൂട്ടത്തെയും നിയന്ത്രിക്കാൻ സ്ത്രീകൾക്കു കഴിയും.
കെ.സി.റോസക്കുട്ടി
∙വോട്ട് ചോദിച്ചപ്പോൾ, സ്ത്രീകളെ ജയിപ്പിച്ചാൽ പ്രസവാവധി എടുക്കുന്നതു കാണേണ്ടി വരും എന്നു പ്രതികരിച്ചവരുണ്ട്. സഭയിൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്തപ്പോഴും സ്ത്രീകളുടെ അന്തസ്സിനു നിരക്കാത്ത പരാമർശങ്ങളുണ്ടായി. ഇന്ന് അവ സഭയിൽ നിരന്തരം ചോദ്യം ചെയ്യപ്പെടുന്നത് കാലത്തിന്റെ മാറ്റമാണ്.
ആർ.ലതാദേവി
∙സ്ത്രീ എന്ന നിലയിൽ മാറ്റിനിർത്തൽ നേരിടേണ്ടി വന്നിട്ടില്ല. വ്യക്തിപരമായ ആക്രമണങ്ങളോ പോർവിളികളോ അന്നു സഭയിൽ ഉണ്ടാകുമായിരുന്നില്ല.
അൽഫോൻസ ജോൺ
∙വനിതാ പ്രതിനിധികളെ ചെറുതാക്കി കാണാനുള്ള പ്രവണത ഉദ്യോഗസ്ഥതലത്തിൽ ഉൾപ്പെടെ എല്ലായിടത്തുമുണ്ട്. ശരിയായി പ്രതികരിക്കുക എന്നതാണു പരിഹാരം. പണ്ട് സ്ത്രീവിരുദ്ധ പരാമർശങ്ങൾ ആലോചിക്കാതെ പറഞ്ഞിടത്തുനിന്ന് സഭയിൽ അങ്ങനെ പറയാമോ എന്ന ചിന്ത ഉണ്ടാകുന്നതും ചോദ്യം ചെയ്യപ്പെടുന്നതും കാലം മാറുന്നതിന്റെ സൂചനയാണ്.
പി.അയിഷ പോറ്റി
∙ആദ്യ മത്സരത്തിൽത്തന്നെ നിയമസഭയിലെത്തിയ എനിക്കു പ്രത്യേക പരിഗണന ലഭിച്ചു. ചർച്ചകളിൽ എനിക്കു പ്രാതിനിധ്യം ഉറപ്പാക്കി. ഒരു തരത്തിലുള്ള വേർതിരിവും ഉണ്ടായിട്ടില്ല.
ജെ. അരുന്ധതി
∙തുടക്കക്കാരിയായിരുന്നിട്ടും മുതിർന്ന അംഗങ്ങളിൽനിന്നു നല്ല സഹകരണമാണു ലഭിച്ചത്. പരിചയസമ്പന്നരായ മുതിർന്ന അംഗങ്ങളുടെ പിന്തുണയാലാണു സബ്മിഷനുകൾ അവതരിപ്പിക്കാനും മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്കു ഫണ്ട് കണ്ടെത്താനുമെല്ലാം സാധിച്ചത്.
എൻ.കെ.രാധ
∙മന്ത്രിയെന്ന നിലയിൽ വിവിധ പദ്ധതികളിലൂടെ ഒട്ടേറെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യമുണ്ട്.
എം.ടി. പത്മ
∙സഭയിലെ പ്രസംഗങ്ങളിൽ ചിലർ അറിഞ്ഞോ അറിയാതെയോ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ അപ്പോൾത്തന്നെ പ്രതികരിച്ചിട്ടുണ്ട്. അത്തരം പരാമർശങ്ങൾ സഭാ രേഖകളിൽനിന്നു നീക്കം ചെയ്യാൻ മുൻകയ്യെടുത്തിട്ടുമുണ്ട്.
കെ.കെ.ലതിക
Content Highlights: Womens day 2021: Kerala women politicians