ADVERTISEMENT

പരീക്ഷണങ്ങളോട് എന്നും പ്രിയമാണ് കോഴിക്കോടിന്; അടുക്കളയിൽ മാത്രമല്ല രാഷ്ട്രീയത്തിലും. ചിക്കൻ കൊണ്ടുള്ള ഹൽവയും പൊരിച്ചെടുത്ത ഐസ്‌ക്രീമും വിളമ്പുന്ന രുചികളുടെ നാട്, കേരളം ഇപ്പോഴും ചർച്ച ചെയ്യുന്ന ബേപ്പൂർ–വടകര മോഡൽ പോലുള്ള വിവാദ രാഷ്ട്രീയ പരീക്ഷണങ്ങളും നടത്തിയ ഇടമാണ്.

പരീക്ഷണങ്ങളുടെ പല രുചിക്കൂട്ടുകളാണ് ഇക്കുറി കോഴിക്കോടിന്റെ തിര‘ഞ്ഞടുപ്പി’ൽ വേവുന്നത്. മുസ്‌ലിം ലീഗിന്റെ സീറ്റിൽ സ്വതന്ത്രനായി കോൺഗ്രസ് നേതാവ്, കോൺഗ്രസിനു വേണ്ടി സിനിമാതാരം, ലീഗിൽ 25 വർഷത്തിനു ശേഷം വനിതാ സ്ഥാനാർഥി, യുഡിഎഫ് സ്വതന്ത്രനായി വ്യവസായി എന്നിങ്ങനെ പരീക്ഷണങ്ങൾ പലവിധം.

തദ്ദേശതിരഞ്ഞെടുപ്പിൽ പരീക്ഷിച്ചു വിജയിച്ച കൂട്ടുകെട്ടിന്റെ ആവർത്തനമാണ് വടകരയിലെ യുഡിഎഫ് – ആർഎംപി സഖ്യം. ലീഗ് വിമതനേതാക്കളെ ഇടതുസ്വതന്ത്രരാക്കി വിജയിപ്പിക്കുന്ന സിപിഎം പരീക്ഷണം കൊടുവള്ളിയിലും കുന്നമംഗലത്തും ഇക്കുറിയുമുണ്ട്. കുറ്റ്യാടിയിൽ തെരുവിലെ പ്രതിഷേധം കണക്കിലെടുത്തു സ്ഥാനാർഥിയെ നിശ്ചയിക്കുകയെന്ന രാഷ്ട്രീയ പരീക്ഷണത്തിനും സിപിഎം തയാറായി.

kozhikode-vote-chart

ഇടത്തോട്ടു ചായ്‌വ്

നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോടിന് ഇടത്തേക്കാണു ചായ്‌വ് കൂടുതൽ. യുഡിഎഫ് ഭരണത്തിലെത്തിയ 2011ലെ തിരഞ്ഞെടുപ്പിൽപോലും ജില്ലയിലെ 13 സീറ്റിൽ പത്തും നേടിയത് എൽഡിഎഫ്. 2016ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചത് 11 സീറ്റിൽ. എന്നാൽ, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 13 മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു ലീഡ്. തദ്ദേശതിരഞ്ഞെടുപ്പിലെ വോട്ടുകണക്കിൽ 10 സീറ്റിൽ എൽഡിഎഫാണ് മുന്നിൽ.

തിരുത്തണം, 20 വർഷം

നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ അവസാനമായി കോൺഗ്രസ് ജയിച്ചതു 2001ൽ ആണ്. കോഴിക്കോട് നോർത്തിൽ എ.സുജനപാലും കൊയിലാണ്ടിയിൽ പി.ശങ്കരനും. അന്നു രണ്ടുപേരും മന്ത്രിമാരുമായി. എന്നാൽ, പിന്നീട് ഒരു എംഎൽഎ പോലും ജില്ലയിൽ കോൺഗ്രസിനുണ്ടായില്ല. 20 വർഷത്തെ ഈ കേടു തീർക്കാനാണു കോൺഗ്രസിന്റെ ശ്രമം. കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ.പ്രവീൺകുമാർ നാദാപുരത്തും എൻ.സുബ്രഹ്മണ്യൻ കൊയിലാണ്ടിയിലും പി.എം.നിയാസ് ബേപ്പൂരിലും അങ്കത്തിനിറങ്ങുന്നു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്താണ് കോഴിക്കോട് നോർത്തിലെ സ്ഥാനാർഥി. 1970നു ശേഷം കോൺഗ്രസ് വിജയിക്കാത്ത ബാലുശ്ശേരിയിൽ ഇക്കുറി നടൻ ധർമജൻ ബോൾഗാട്ടിയിലൂടെയാണു പരീക്ഷണം.

സിപിഎമ്മിൽ മുഖംമാറ്റം

സിപിഎം മത്സരിക്കുന്ന 7 സീറ്റിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ ഒഴികെ 6 പേരും പുതുമുഖങ്ങൾ. മൂന്നുവട്ടം മത്സരിച്ച എ.പ്രദീപ്കുമാർ ഉൾപ്പെടെ 4 സിറ്റിങ് എംഎൽഎമാർ മാറിനിന്നപ്പോൾ പകരം ബേപ്പൂരിൽ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ്, ബാലുശ്ശേരിയിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻദേവ്, കൊയിലാണ്ടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല, തിരുവമ്പാടിയിൽ കൂടര‍ഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ലിന്റോ ജോസഫ്, കോഴിക്കോട് നോർത്തിൽ മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ മത്സരിക്കുന്നു.

ലീഗ് വിമതരായിറങ്ങി ലീഗിന്റെ സീറ്റു പിടിച്ചെടുത്ത കാരാട്ട് റസാഖും പി.ടി.എ.റഹീമും ഇടതു സ്വതന്ത്രരായി കൊടുവള്ളിയിലും കുന്നമംഗലത്തും വീണ്ടുമിറങ്ങും. എലത്തൂരിൽ മന്ത്രി എ.കെ.ശശീന്ദ്രൻ (എൻസിപി), നാദാപുരത്ത് ഇ.കെ.വിജയൻ (സിപിഐ) എന്നിവർ വീണ്ടും മത്സരിക്കും. കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവർകോവിലും (ഐഎൻഎൽ) വടകരയിൽ മനയത്ത് ചന്ദ്രനും (എൽജെഡി) മത്സരിക്കുന്നു.

കഴിഞ്ഞതവണ യുഡിഎഫ് വിജയിച്ച കുറ്റ്യാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിൽ ഇക്കുറി കടുത്ത മത്സരമാണ്. 2016ൽ വിജയിച്ച സീറ്റുകളിൽ ചിലതു നഷ്ടപ്പെട്ടേക്കാമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു. അന്നു നഷ്ടപ്പെട്ട സീറ്റുകൾ പിടിച്ചെടുത്ത് ഈ കുറവു നികത്താമെന്നാണു പ്രതീക്ഷ. എൽജെഡിയുടെ മടങ്ങിവരവും നേട്ടമാകുമെന്നു കരുതുന്നു.

പരീക്ഷണങ്ങളുടെ പട്ടിക

പരീക്ഷണങ്ങളുടെ നിരയാണു മുസ്‌ലിം ലീഗിന്റെ സ്ഥാനാർഥിപ്പട്ടിക. 25 വർഷത്തിനു ശേഷം ലീഗിൽനിന്ന് ഒരു വനിതാ സ്ഥാനാർഥി മത്സരിക്കുന്നു – കോഴിക്കോട് സൗത്തിൽ വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്. സിറ്റിങ് സീറ്റായ കോഴിക്കോട്ട് സൗത്ത് വിട്ട് എം.കെ.മുനീർ കൊടുവള്ളിയിലേക്കു പോയത് പ്രാദേശിക വിഭാഗീയതയിൽ കഴിഞ്ഞ തവണ നഷ്ടമായ ആ മണ്ഡലം തിരിച്ചുപിടിക്കാൻ ഉറച്ചുതന്നെ.

കുന്നമംഗലത്തു ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണയെ യുഡിഎഫ് സ്വതന്ത്രനായി അവതരിപ്പിക്കുന്നു. സംവരണ മണ്ഡലങ്ങളിൽ മുസ്‌ലിം സമുദായത്തിനു പുറത്തുള്ളവരെ ലീഗ് മത്സരിപ്പിക്കാറുണ്ട്. അതു ജനറൽ സീറ്റിലും ചെയ്തിട്ടുണ്ട്. എന്നാൽ, ഭൂരിപക്ഷ സമുദായത്തിൽനിന്ന് ഒരു ലീഗ് സ്ഥാനാർഥി ആദ്യം. പേരാമ്പ്രയിൽ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ സി.എച്ച്.ഇബ്രാഹിംകുട്ടിയാണ് ലീഗ് സ്വതന്ത്രനായി മത്സരിക്കുന്നത്. തിരുവമ്പാടിയിൽ അധ്യാപക സംഘടനാ നേതാവായിരുന്ന സി.പി.ചെറിയ മുഹമ്മദും കുറ്റ്യാടിയിൽ സിറ്റിങ് എംഎൽഎ പാറക്കൽ അബ്ദുല്ലയുമാണു സ്ഥാനാർഥികൾ.

വോട്ടു കൂട്ടാൻ ബിജെപി

എൻഡിഎയിൽ 13 സീറ്റിലും മത്സരിക്കുന്നതു ബിജെപിയാണ്. കഴിഞ്ഞതവണ 3 സീറ്റിൽ മത്സരിച്ച ബിഡിജെഎസിന് ഇത്തവണ സീറ്റില്ല. ബിഡിജെഎസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച സീറ്റുൾപ്പെടെ ബിജെപി ഏറ്റെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് മത്സരിക്കുന്ന കോഴിക്കോട് നോർത്ത്, ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ മത്സരിക്കുന്ന കുന്നമംഗലം, സംസ്ഥാന സെക്രട്ടറി കെ.പി.പ്രകാശ്ബാബു മത്സരിക്കുന്ന ബേപ്പൂർ മണ്ഡലങ്ങളിലാണ് ബിജെപി നേട്ടം പ്രതീക്ഷിക്കുന്നത്. യുഡിഎഫിൽ സ്ഥാനാർഥിത്തർക്കമുണ്ടായിരുന്ന എലത്തൂരിലും വോട്ടുവർധന കണക്കുകൂട്ടുന്നു. മേഖലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രനാണ് ഇവിടെ സ്ഥാനാർഥി.

നവ്യ ഹരിദാസ് (കോഴിക്കോട് സൗത്ത്), എം.രാജേഷ്കുമാർ (വടകര), കെ.വി.സുധീർ (പേരാമ്പ്ര), ലിബിൻ ഭാസ്കർ (ബാലുശ്ശേരി), മത്സ്യത്തൊഴിലാളി മേഖലയിലെ മുൻനിര നേതാവ് എൻ.പി.രാധാകൃഷ്ണൻ (കൊയിലാണ്ടി), ബേബി അമ്പാട്ട് (തിരുവമ്പാടി), ടി.ബാലസോമൻ (കൊടുവള്ളി), എം.പി.രാജൻ (നാദാപുരം), പി.പി.മുരളി (കുറ്റ്യാടി) എന്നിവരും ബിജെപിക്കായി പോരിനിറങ്ങുന്നു.

വടകരയിൽ കണ്ണീരങ്കം

വടകരയിൽ യുഡിഎഫ് പിന്തുണയോടെ കെ.കെ.രമ മത്സരത്തിനിറങ്ങുമ്പോൾ ടിപി വധം വീണ്ടും ചർച്ചയാകും. തദ്ദേശതിരഞ്ഞെടുപ്പിൽ വടകരയിലെ 3 തദ്ദേശസ്ഥാപനങ്ങളിൽ ആർഎംപി–യുഡിഎഫ് സഖ്യം ഭരണം നേടിയത് പ്രതീക്ഷ കൂട്ടുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ 3 മുന്നണികൾക്കുമെതിരെ മത്സരിച്ച രമ 20,504 വോട്ടു നേടിയിരുന്നു. അന്ന് എൽഡിഎഫ് സ്ഥാനാർഥി സി.കെ.നാണുവിന്റെ വിജയം 9511 വോട്ടിനായിരുന്നു. വടകരയിലെ ആർഎംപി സഖ്യം കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിൽ ഗുണം ചെയ്യുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു.

കുറ്റ്യാടിയിലെ തിരുത്ത്, എലത്തൂരിലെ പോര്

സീറ്റ് ഘടകകക്ഷികൾക്കു വിട്ടുനൽകിയതിന്റെ പേരിലാണ് കുറ്റ്യാടിയിൽ സിപിഎമ്മിന്റെയും എലത്തൂരിൽ കോൺഗ്രസിന്റെയും പ്രവർത്തകർ തെരുവിലിറങ്ങിയത്. കേരള കോൺഗ്രസി(എം) നു നൽകിയ കുറ്റ്യാടി സീറ്റ് പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്നു സിപിഎം തിരിച്ചെടുത്തു. പ്രതിഷേധക്കാർ ആവശ്യപ്പെട്ട പ്രകാരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി.കുഞ്ഞമ്മദ് കുട്ടിയെത്തന്നെ സ്ഥാനാർഥിയാക്കി.

എലത്തൂർ സീറ്റ് മാണി സി.കാപ്പന്റെ എൻസികെക്കു നൽകിയതാണ് കോൺഗ്രസ് പ്രതിഷേധത്തിനു കാരണമായത്. കെപിസിസി നിർവാഹകസമിതി അംഗവും ഭാരതീയ നാഷനൽ ജനതാദൾ പ്രവർത്തകനും വിമതരായി പത്രിക നൽകിയെങ്കിലും കെപിസിസി നടത്തിയ ചർച്ചകൾക്കൊടുവിൽ രണ്ടുനാൾ മുൻപു പിൻമാറി. എൻസികെ വൈസ് പ്രസിഡന്റ് സുൾഫിക്കർ മയൂരി കളത്തിലിറങ്ങുകയും ചെയ്തു.

ബേബീസ് ഓൺ ബോർഡ്

ഇരുമുന്നണികളിലെയും ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥികൾ അങ്കത്തിനിറങ്ങുന്നതും ജില്ലയിലാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻദേവ് (27) ബാലുശ്ശേരിയിലും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് (26) കോഴിക്കോട് നോർത്തിലും മത്സരിക്കുന്നു. മീഞ്ചന്ത ആർട്സ് കോളജിൽ 2011–14 ബാച്ചിലെ ബിരുദ വിദ്യാർഥികളായിരുന്നു ഇരുവരും. അവസാന വർഷത്തെ കോളജ് യൂണിയനിൽ സച്ചിൻദേവ് ചെയർമാനും അഭിജിത്ത് യുയുസിയും ആയി. അഭിജിത്ത് ആ വർഷം കാലിക്കറ്റ് സർവകലാശാലാ യൂണിയൻ ചെയർമാനുമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com