തരംഗമില്ലാതെ അസം; ആത്മവിശ്വാസത്തിൽ മുന്നണികൾ
Mail This Article
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് അനുകൂലമായ രാഷ്ട്രീയ തരംഗം ഒന്നും ദൃശ്യമല്ലാത്ത തിരഞ്ഞെടുപ്പ് അന്തരീക്ഷമാണ് അസമിൽ. അധികാരത്തിലുള്ള ബിജെപി സഖ്യവും കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യവും 100ൽ അധികം സീറ്റുകൾ നേടുമെന്ന അവകാശവാദം ഉന്നയിക്കുന്നു. 126 അംഗങ്ങളാണ് അസം നിയമസഭയിൽ.
മാർച്ച് 27ന് ഒന്നാംഘട്ടവും (47 സീറ്റ്) ഈ മാസം ഒന്നിന് രണ്ടാംഘട്ടവും (39) വോട്ടെടുപ്പു കഴിഞ്ഞു. ബാക്കി 40 സീറ്റുകളിലേക്ക് ഇന്നാണ് വോട്ടെടുപ്പ്. ആദ്യഘട്ടത്തിൽ 76.9 ശതമാനവും രണ്ടാം ഘട്ടത്തിൽ 80.96 ശതമാനവും വോട്ടുകൾ രേഖപ്പെടുത്തി.
ഇരുമുന്നണികൾക്കും പുറമേ പുതുതായി രൂപം കൊണ്ട അസം ജതിയ പരിഷത്ത് (എജെപി) രജിയോർ ദൾ എന്നീ പാർട്ടികൾ സഖ്യമുണ്ടാക്കി മത്സരിക്കുന്നു.
ബിജെപി മുന്നണിയിൽ അസം ഗണ പരിഷത്ത് (എജിപി) ബോഡോ പാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യുപിപിഎൽ) എന്നിവയുണ്ട്. കോൺഗ്രസ് സഖ്യത്തിൽ ഓൾ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) സിപിഎം, സിപിഐ എന്നീ പാർട്ടികൾ അണിചേരുന്നു.
ബംഗ്ലദേശിൽ നിന്ന് 1971നു മുൻപ് കുടിയേറിയ മുസ്ലിംകളാണ് മുഖ്യമായി എഐയുഡിഎഫിന്റെ അടിത്തറ. 2005 ൽ പാർട്ടി ഉണ്ടാകുന്നതിനു മുൻപുവരെ ഇവർ കോൺഗ്രസിനെയാണ് പിന്തുണച്ചിരുന്നത്. പിന്നീട് ഇവരുടെ വോട്ട് 2 പാർട്ടികളിലായി ഭിന്നിച്ചുപോകുകയായിരുന്നു. ഇതിന്റെ ഗുണഭോക്താക്കൾ ബിജെപിയും എജിപിയും ആയിരുന്നു. 40 സീറ്റുകളിൽ നിർണായകമായ ഈ വോട്ടുബാങ്ക് വിഭജിച്ചുപോകാതിരിക്കാനാണ് കോൺഗ്രസും എഐയുഡിഎഫും സഖ്യമുണ്ടാക്കിയത്. ഇത് ബിജെപിക്ക് ഭീഷണിയാണ്. ഈ 40 സീറ്റുകളിൽ ഭൂരിപക്ഷവും ഇന്ന് വോട്ടെടുപ്പു നടക്കുന്ന മേഖലയിലാണ്. അതിനാൽ ഇന്നത്തെ വോട്ടെടുപ്പ് മഹാസഖ്യത്തിന് നിർണായകമാണ്.
ബറാക് താഴ്വരയിൽ 15 സീറ്റുകളാണുള്ളത്. ഇവിടെ കോൺഗ്രസും എഐയുഡിഎഫും വെവ്വേറെ മത്സരിച്ചതിനാൽ കഴിഞ്ഞ തവണ 8 സീറ്റുകൾ ബിജെപി നേടി. ഈ സീറ്റുകളിൽ ഒന്നിന് വോട്ടെടുപ്പു നടന്നു.
ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് കഴിഞ്ഞതവണ ബിജെപിയുടെ കൂടെയായിരുന്നു. ഇത്തവണ പാർട്ടി മഹാസഖ്യത്തിനൊപ്പമാണ്. അടുത്തിടെ നടന്ന ബോഡോലാൻഡ് സ്വയംഭരണ കൗൺസിൽ തിരഞ്ഞെടുപ്പിൽ 40 സീറ്റിൽ 17 എണ്ണം നേടി പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നു. കഴിഞ്ഞ തവണ ബോഡോലാൻഡ് പ്രദേശത്തെ ആകെയുള്ള 12 സീറ്റും ബിപിഎഫ് ആണ് നേടിയത്. രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പു നടന്ന ഇവിടവും മഹാസഖ്യത്തിന് നിർണായകമാണ്. കഴിഞ്ഞ തവണത്തേതുപോലെ ബിപിഎഫ് ശക്തി തെളിയിച്ചാൽ മഹാസഖ്യത്തിന് നേട്ടമാകും. അതേസമയം, പുതിയ ബോഡോ പാർട്ടിയായ യുപിപിഎൽ കരുത്തു തെളിയിച്ചാൽ ബിജെപി സഖ്യത്തിനാവും അതിന്റെ ഗുണം.
കഴിഞ്ഞ തവണ ബിജെപി ഒറ്റയ്ക്ക് നേടിയത് 60 സീറ്റാണ്. മുഖ്യമായും കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന കിഴക്കൻ അസമിൽ നിന്ന്. തേയിലത്തോട്ടം തൊഴിലാളികളാണ് ബിജെപിയിലേക്കു പോയത്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഇവർക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാനും സർക്കാരിന്റെ ക്ഷേമപദ്ധതികൾ വഴി 2 തവണ അക്കൗണ്ടിലേക്ക് പണം നൽകാനും സർക്കാരിനു കഴിഞ്ഞു. ഈ മേഖലയിൽ സ്കൂളുകൾ, ആശുപത്രികൾ എന്നിവയും തുടങ്ങി. അതേസമയം വാഗ്ദാനം ചെയ്തതുപോലെ തൊഴിലാളികളുടെ ദിവസക്കൂലി 351 രൂപ ആക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇത് ബിജെപി സഖ്യത്തിന് ദോഷം ചെയ്യും.
ഇതിനു പുറമേ സംസ്ഥാനത്തെ കിഴക്കൻ മേഖലയിലുള്ള ഗോത്രവിഭാഗങ്ങൾ പൗരത്വനിയമത്തിന് എതിരാണ്. ഇതും ബിജെപിയുടെ വോട്ടുകൾ ചോർത്തും. കോൺഗ്രസ് ആകട്ടെ, അധികാരത്തിലെത്തിയാൽ പൗരത്വനിയമം നടപ്പാക്കില്ല എന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
English Summary: Assam Election 2021 - No discernible wave