ഈശ്വരനെ തേടുമ്പോൾ
Mail This Article
ദൈവാരാധനയ്ക്കായി പല നാടുകളും സഞ്ചരിക്കാറുണ്ട് അയാൾ. ഒരിക്കൽ യാത്രയ്ക്കിടെ അയാളൊരു ഈശ്വരരൂപം വാങ്ങി. പക്ഷേ, റൂമിലെത്തി ബാഗിൽ വയ്ക്കാൻ നോക്കിയപ്പോഴാണു മനസ്സിലായത് – അതിനു വലുപ്പം കൂടുതലാണ്. കടയിൽ പോയി കുറച്ചുകൂടി ചെറിയ പ്രതിമ വാങ്ങി. അതു ബാഗിൽ വയ്ക്കാൻ നോക്കിയപ്പോൾ അടിത്തട്ടിനു വീതി കൂടുതൽ! വീണ്ടും കടയിൽ പോയി മറ്റൊരെണ്ണം വാങ്ങി. പക്ഷേ, അതിന്റെ വശങ്ങൾ കൂർത്തതായിരുന്നു. ബാഗിനു കേടുവരുമെന്നു കരുതി അയാൾ അതിന്റെ അഗ്രങ്ങൾ ചെത്തിമിനുക്കി. അങ്ങനെ ബാഗിനു ചേരുന്ന പ്രതിമയുമായി മടക്കയാത്ര ആരംഭിച്ചു.
സ്വന്തം സൗകര്യത്തിനനുസരിച്ച് എന്തിനെയും പുനഃക്രമീകരിക്കുക എന്നതൊരു വിനോദമാണ്. അതിൽനിന്ന് ഈശ്വരനു പോലും രക്ഷയില്ല. സാഹചര്യങ്ങളും സംവിധാനങ്ങളുമെല്ലാം അവനവന്റെ സുഖസൗകര്യങ്ങൾക്ക് അനുസൃതമാകുന്നതിൽ തെറ്റില്ല; അതു മറ്റാരെയും ഹനിക്കുന്നില്ലെങ്കിൽ. പക്ഷേ, ഈശ്വരനു നൽകുന്ന നിർവചനങ്ങളും പ്രാധാന്യവും സ്വാർഥത സംരക്ഷിക്കാൻ വേണ്ടിയാകുന്നതിൽ അഭംഗിയും അർഥശൂന്യതയുമുണ്ട്.
ഗൂഢതാൽപര്യങ്ങൾക്കനുസരിച്ച് ഈശ്വരനെ അനുദിനം മാറുന്നവരുണ്ട്. ഏതു ദൈവത്തെ കൂട്ടുപിടിക്കുമ്പോഴാണ് തന്റെ ചെയ്തികൾ ന്യായീകരിക്കപ്പെടുക എന്നതാണ് അവരുടെ ചിന്ത. തന്റെ ഇഷ്ടങ്ങൾ ദൈവത്തിന്റെ ഇഷ്ടങ്ങളായി ദുർവ്യാഖ്യാനം ചെയ്യുന്നവരുമുണ്ട്.
എല്ലാ അളവിലും തൂക്കത്തിലുമുള്ള ഈശ്വരന്മാർ എവിടെയും ലഭ്യമാണ്. എന്നാൽ, ഒരു ഈശ്വരനെയെങ്കിലും അളന്ന് അനുഗമിക്കാനുള്ള ആഗ്രഹം ഒരാളിൽ പോലും പ്രകടമാകുന്നില്ല. ദൈവത്തെ ചെത്തിമിനുക്കാൻ നോക്കാതെ സ്വയം നവീകരിക്കാൻ നോക്കിയാൽ ഈശ്വരൻ എല്ലാവർക്കും പ്രാപ്യമാകും.
Content Highlight: Subhadhinam