ADVERTISEMENT

പ്രഭാഷകൻ കുട്ടിക്കാലത്തെ അനുഭവം വിവരിച്ചുകൊണ്ടാണു പ്രസംഗം തുടങ്ങിയത് – എന്നും അത്താഴസമയത്ത് എല്ലാവരും അന്നേ ദിവസം സമ്പാദിച്ച പുതിയ അറിവു പങ്കുവയ്ക്കണം.

പിതാവിനു നിർബന്ധമാണത്. ആരെങ്കിലും പരാജയപ്പെട്ടാൽ അപ്പോൾത്തന്നെ പുസ്തകമോ ദിനപത്രമോ വായിച്ച് പുതിയ അറിവു കണ്ടെത്തി പങ്കുവയ്ക്കണം. പിതാവിനോടു ദേഷ്യം തോന്നാത്ത ദിവസങ്ങളില്ല. പ്രഭാഷകൻ പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെ: പക്ഷേ, ഇന്നു ഞാൻ പ്രഭാഷകനായിരിക്കുന്നതിനു കാരണം ആ ശീലമാണ്!

ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമല്ല, പ്രയോജനമുള്ള കാര്യങ്ങളും ചെയ്യണം. ഇഷ്ടമുള്ള കാര്യങ്ങൾ താൽക്കാലിക സംതൃപ്തി നൽകും; പ്രയോജനപ്രദമായവ ദീർഘകാല വേതനവും. എല്ലാ പ്രിയങ്ങളും പക്വതയിൽനിന്നും വിവേകത്തിൽനിന്നും രൂപപ്പെടുന്നതല്ല. പലതും പ്രായത്തിന്റെ പ്രത്യേകതകൾ മാത്രം. എല്ലാ അഭിപ്രായങ്ങളും എഴുതിത്തള്ളേണ്ടവയല്ല. ചിലതിലെങ്കിലും വിരിയേണ്ട മൊട്ടുകളുടെ വിത്തുകളുണ്ടാകും.

അവനവന്റെ താൽപര്യങ്ങളെ മാത്രം താലോലിക്കുന്നവർക്ക് മുൻപേ നടന്നവരുടെ വഴികൾ മനസ്സിലാകാതെ വരും. ഒരടി മുൻപിൽ നടന്നവർക്ക് പിന്നിട്ട വഴിയുടെ പോരായ്മയും എടുക്കേണ്ട മുൻകരുതലുകളും നന്നായറിയാം. എല്ലാ വഴികളും സ്വയം നടന്ന് ആസ്വദിക്കാനാകില്ല. മുൻപേ നടന്നവർ നൽകുന്ന മുന്നൊരുക്ക പാഠങ്ങൾ വരുംയാത്രകളെ കൂടുതൽ ആസ്വാദ്യകരവും പ്രയോജനപ്രദവുമാക്കും. അണിയറയിലെ വേദനകളാണ് അരങ്ങിലെ വിജയപതാകയുടെ ഉയരവും അഴകും തീരുമാനിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com