ADVERTISEMENT

മനുഷ്യനു കടമായി നൽകിയൊരു പുണ്യത്തെ ദൈവം തിരിച്ചെടുത്തിരിക്കുന്നു. ജാതിമത അതിർവരമ്പുകൾക്കപ്പുറം ഏവരുടെയും സ്വന്തമായി മാറിയ മാർ ക്രിസോസ്റ്റത്തിന്റെ ചിരിയും ചിന്തകളും ഇനി കാലത്തിനു വഴികാട്ടും. മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത യാത്രയാകുന്നതോടെ ഫലിതത്തിൽ ചാലിച്ച ജീവിതദർശനങ്ങളുടെ പ്രകാശവലയംകൂടി അകലുകയാണ്. ഇന്ത്യയിലെ ക്രിസ്തീയ സഭാചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ബിഷപ് സ്ഥാനത്തിരുന്നതിന്റെ ചരിത്രമുദ്ര ബാക്കിയാക്കിയാണ് ഈ മടക്കം.

ജീവിതത്തെ ചിരിയും ചിന്തയും വിളയുന്ന സർഗാത്മക കർമമാക്കി മാറ്റിയ ഇടയശ്രേഷ്‌ഠനായിരുന്നു മാർ ക്രിസോസ്റ്റം. ചെറുപ്പത്തിൽ ധർമിഷ്‌ഠനെന്ന വിളിപ്പേരു ലഭിച്ച അദ്ദേഹം ജീവിതത്തിലുടനീളം വാക്കിലും പ്രവൃത്തിയിലും ധർമത്തോടൊപ്പമാണു സഹയാത്ര ചെയ്തത്. ആ വ്യക്‌തിപ്രഭാവവും ആശയ ഗാംഭീര്യവും തലമുറകൾക്കു മാതൃകയുമായി. ഒരു പുഞ്ചിരിയാൽ ചുറ്റുമുള്ളവരുടെ സന്താപം അലിയിച്ചുകളഞ്ഞിരുന്ന വലിയ ഇടയൻ ഇതൾ കൊഴിഞ്ഞ പൂക്കളെയും പുഴുക്കുത്തേറ്റ ഫലങ്ങളെയും സ്നേഹിക്കാൻ ചുറ്റുമുള്ളവരെ പഠിപ്പിച്ചു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ജനസമൂഹങ്ങളോടുള്ള അദ്ദേഹത്തിന്റെ കരുതൽ അനന്യമാണ്.

വേദികൾക്കെന്നും പ്രിയങ്കരനായിരുന്നു വലിയ മെത്രാപ്പൊലീത്ത. പ്രസംഗവേദികളിൽ ഫലിതങ്ങളിലൂടെ ആശയങ്ങളുടെ വിസ്ഫോടനങ്ങൾ സൃഷ്ടിച്ചു. ക്രിസോസ്റ്റം എന്നുവച്ചാൽ ‘സുവർണ നാവുള്ളവൻ’ എന്നാണർഥം. ഉജ്വലമായ വാഗ്മിത്വത്തിനുള്ള അംഗീകാരമായി ആ പേര്. ശകാരിക്കുന്നതും വിമർശിക്കുന്നതും പോലും മധുരം ചേർത്തായിരുന്നു. കയ്‌പുള്ള ഔഷധം തേനിൽ ചാലിച്ച് കുഞ്ഞുങ്ങൾക്കു നൽകുന്നതുപോലെ, മാർ ക്രിസോസ്റ്റം തനിക്കു പറയാനുള്ളതെന്തും ഹാസ്യത്തിലും നേരമ്പോക്കിലും പൊതിഞ്ഞ് ശ്രോതാക്കൾക്കു സ്വീകാര്യമാക്കി. താൻ പ്രസംഗിക്കുമ്പോൾ കേൾവിക്കാർ ഉറങ്ങി സഹകരിക്കണമെന്നു പറയാൻപോലും മടിക്കാതിരുന്ന ആ പുരോഹിതശ്രേഷ്‌ഠൻ, ആത്മപരിഹാസത്തിന്റെ കാര്യത്തിലും മുൻപിലായിരുന്നു.

ശ്രേഷ്ഠമായ നേതൃസിദ്ധിയും സൂക്ഷ്മമായ നിരീക്ഷണശക്‌തിയും പ്രവാചകസദൃശമായ വീക്ഷണശേഷിയും ആ വലിയ ജീവിതത്തിന്റെ പ്രത്യേകതകളാണ്. പുതിയ കാലത്തിന്റെ ഹൃദയത്തുടിപ്പുകൾ തിരിച്ചറിഞ്ഞ്, അതിനു യോജ്യമായി സഭയെയും സമൂഹത്തെയും അർഥപൂർണമായി നയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. യുവാക്കളുമായി ഇടപഴകാനും നവകാലം ഉൾക്കൊണ്ട് അവരോടു സംവദിക്കാനും സമയം കണ്ടെത്തിയ അദ്ദേഹം പലപ്പോഴും നിലപാടുകളിൽ അവരെക്കാൾ ചെറുപ്പമായി.

സാംസ്കാരിക മേഖലകളിലും മാർ ക്രിസോസ്‌റ്റത്തിന്റെ പ്രസാദാത്മക ഭാവം ഏറെ സ്വീകാര്യമായി. മറ്റു മതധാരകളുമായി സ്നേഹ സംവാദത്തിലേർപ്പെടാൻ അദ്ദേഹം സഭയെ പ്രേരിപ്പിച്ചു. വിശ്രമജീവിതത്തിനായി മാർത്തോമ്മാ സഭാധ്യക്ഷ പദവി 2007ൽ ഒഴിഞ്ഞശേഷമാണ് മാർ ക്രിസോസ്റ്റം സാമൂഹിക ജീവിതത്തിൽ കൂടുതൽ സജീവമായത്.

നവതി പിന്നിട്ടശേഷം അദ്ദേഹം സൃഷ്ടിച്ച സൗഹൃദവലയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും ഒക്കെയുണ്ട്.

മനുഷ്യന്റെ നിസ്സാരങ്ങളായ അഹന്തകളെയും വലിയ സംശയങ്ങളെയും ചിരിച്ചുകൊണ്ടും ചിരിപ്പിച്ചുകൊണ്ടും പരിഹരിക്കുന്ന മഹാസിദ്ധി അദ്ദേഹത്തിനുണ്ടായി. രണ്ടു മഹാപ്രളയങ്ങൾ അദ്ദേഹം കണ്ടു; കോവിഡ് മഹാമാരിയെ അതിജീവിച്ചു. കോവിഡ് വാക്സീൻ സ്വീകരിച്ചു മാതൃകയായി. മാസ്ക് ധരിച്ചു. കൈകളിൽ സാനിറ്റൈസർ പൂശി. ആശുപത്രിക്കിടക്കയിലായിരിക്കുമ്പോഴും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. അവസാന നിമിഷംവരെ സജീവതയുടെ ആൾരൂപമായിരുന്ന മാർ ക്രിസോസ്റ്റത്തിനു വേദനാപൂർവം വിട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com