ADVERTISEMENT

വെള്ളപ്പൊക്കം മൂലം ജീവിതം വഴിമുട്ടിയ കുട്ടനാട്ടുകാർ ജീവന്റെ സുരക്ഷയ്ക്കായി സ്വത്തുക്കളുപേക്ഷിച്ചു മറുകരകൾ തേടുന്നു. സർക്കാരിന്റെ പക്കൽ കണക്കില്ലാത്ത ഈ പലായനത്തിനു പതിറ്റാണ്ടുകളുടെ ചരിത്രമുണ്ടെങ്കിലും കഴിഞ്ഞ 3 വർഷത്തിനിടയിലാണ് നാടിന്റെ താളംതെറ്റിക്കും വിധം കുട്ടനാട്ടുകാർ കുടിയൊഴിയാൻ നിർബന്ധിതരായത്. അപ്പോഴും ഒഴിഞ്ഞുപോക്കിനു തടയിടാൻ അധികൃതരുടെ ഭാഗത്തുനിന്നു നടപടിയില്ല

ജീവിതം വഴിമുട്ടി; ജന്മനാട് വിട്ടു

kuttanad-flood-2
കുട്ടമംഗലം വലിയതുരുത്ത് നേര്യന്ത്രയിൽ എൻ.സി. കുര്യന്റെ കുടുംബം താമസം മാറ്റാൻ വീട്ടുസാമഗ്രികൾ വള്ളത്തിൽ കയറ്റുന്നു. ചിത്രം: വിഘ്നേഷ് കൃഷ്ണമൂർത്തി

ആലപ്പുഴ കൈനകരി സെന്റ് മേരീസ് ഹൈസ് കൂൾ അധ്യാപകൻ എൻ.സി.കുര്യൻ (50) കുടുംബസമേതം ചങ്ങനാശേരി മാമ്മൂട്ടിലേക്കു താമസം മാറിയതു കഴിഞ്ഞദിവസമാണ്. വെള്ളക്കെട്ടിലൂടെ, കുട്ടമംഗലം വലിയതുരുത്ത് പാടശേഖരത്തിനുള്ളിലെ നേര്യന്ത്രയിൽ വീട്ടിൽ നിന്നു വള്ളത്തിൽ സാധനങ്ങളെല്ലാം കരയ്ക്കെത്തിച്ചു. കൃഷിക്കാരനായ പിതാവ് കുര്യൻ ചാക്കോയും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിനൊപ്പം കുട്ടനാട്ടിൽ ജീവിക്കാനാകില്ലെന്ന സ്ഥിതിയായതോടെയാണു കുര്യൻ ജന്മനാടു വിട്ടത്.

‘തുടർച്ചയായി മടവീഴ്ചയും വെള്ളപ്പൊക്കവും. 2018നു ശേഷം എല്ലാ വെള്ളപ്പൊക്കത്തിലും വർഷത്തിൽ രണ്ടുമാസം ബന്ധുവീടുകളിലായിരുന്നു ജീവിതം. അങ്ങനെ കഴിഞ്ഞവർഷം മാമ്മൂട്ടിൽ സ്ഥലം വാങ്ങി വീടുവച്ചു. ഇനിയൊരു വെള്ളപ്പൊക്കം കൂടി സഹിക്കാൻ കഴിയില്ല–’ കുര്യൻ പറയുന്നു, ‘നാട്ടുകാരിൽ പലരും സ്ഥലംവിടുന്നുണ്ട്. വാങ്ങാൻ ആളില്ലാത്തതിനാൽ കുട്ടനാട്ടിൽ ഭൂമി വിൽക്കാനുമാകില്ല!’

ഒളിച്ചോടാനാകില്ല; എങ്കിലും

kuttanad-flood-1
പുളിങ്കുന്ന് ചതുർഥ്യാകരി മുപ്പതിൽച്ചിറയിൽ എം. എസ്.സതീഷ്കുമാറിന്റെ വീട്. ചിത്രം: വിഘ്നേഷ് കൃഷ്ണമൂർത്തി

പുളിങ്കുന്ന് ചതുർഥ്യാകരി അയ്യനാട് പാടശേഖരത്തിന്റെ പുറംബണ്ടിലെ മുപ്പതിൽച്ചിറയിൽ എം. എസ്.സതീഷ്കുമാറും ഭാര്യ വിന്നിയും കുടുംബവും ഇക്കൊല്ലം അവസാനത്തോടെ നാടുവിടും. പാടശേഖരത്തിൽ കൃഷിയുള്ളതിനാൽ ജനിച്ച നാട്ടിൽ നിന്നൊരു ഒളിച്ചോട്ടം സാധ്യമല്ല. അൽപംകൂടി സുരക്ഷിതമായ നെടുമുടിയിലേക്കാണ് ഇവർ മാറുന്നത്. ഇപ്പോൾ താമസിക്കുന്ന വീടിന്റെ പിൻഭാഗം ഇടിഞ്ഞു മുറികൾ തറനിരപ്പിനെക്കാൾ താഴ്ന്നു. ഓരോ തവണ വെള്ളം കയറുമ്പോഴും വീട് താഴ്ന്നുകൊണ്ടിരിക്കുന്നു. വീട് പൊളിച്ചു പണിതാലും അവസ്ഥ മാറില്ല.

താമസം വഞ്ചിവീട്ടിൽ

വഞ്ചിവീട്ടിൽ താമസിക്കാൻ മാത്രം ആലപ്പുഴയിലേക്കെത്തുന്നവരാണു ഭൂരിഭാഗം വിനോദസഞ്ചാരികളും. എന്നാൽ, കുട്ടനാട്ടുകാർക്കു വഞ്ചിവീട്ടിലെ ജീവിതം ആഡംബരമല്ല; ഗതികേടിന്റെ മറ്റൊരു രൂപമാണ്. മേയിലെ കനത്തമഴയിൽ ഇക്കൊല്ലത്തെ ആദ്യ വെള്ളപ്പൊക്കമുണ്ടാകുന്നതിനു മുൻപു തന്നെ കനകാശേരി മട വീണതിനെത്തുടർന്ന് ഭൂരിഭാഗം വീടുകള‍ും വെള്ളക്കെട്ടിലായിരുന്നു. കുട്ടമംഗലം ശ്രീഭവനത്തിൽ എം.മോഹിനിയുടെ (49) വീടും വെള്ളത്തിലായി. നാലംഗ കുടുംബത്തിനു മറ്റിടങ്ങളിൽ പോയി ജീവിക്കാനുള്ള സാഹചര്യമില്ലാത്തതിനാലാണു വീട്ടുസാമഗ്രികളെല്ലാം ഉപേക്ഷിച്ച്, സുഹൃത്ത് ഓമനക്കുട്ടന്റെ വഞ്ചിവീട്ടിൽ താമസം തുടങ്ങിയത്. വെള്ളമിറങ്ങിയതോടെ കഴിഞ്ഞദിവസം വീട്ടിലേക്കു മാറി.

5 പഞ്ചായത്തുകൾ; അവിടെ ആളില്ലാതെ 200 വീടുകൾ

കുട്ടനാട്ടിലെ ഭൂരിഭാഗം വില്ലേജുകളിൽ നിന്നും 2018ലെ പ്രളയത്തിനു ശേഷം നൂറുകണക്കിനു കുടുംബങ്ങൾ സുരക്ഷിതമേഖല തേടി പലായനം ചെയ്യുന്നുണ്ട്. അതുണ്ടാക്കുന്ന സാമ്പത്തിക– സാമൂഹിക അസന്തുലിതാവസ്ഥയെക്കുറിച്ചു സർക്കാരോ ഏജൻസികളോ പഠനം തുടങ്ങിയിട്ടില്ല. കൈനകരി, നെടുമുടി, ചമ്പക്കുളം, വെളിയനാട്, രാമങ്കരി പഞ്ചായത്തുകളിലെ 200 വീടുകൾ ആളില്ലാതെ പൂട്ടിക്കിടക്കുന്നുണ്ടെന്നു ഹരിത കർമസേനയുടെ റിപ്പോർട്ടിൽ പറയുന്നു. സ്ഥിരമായി മടവീഴുന്ന കനകാശേരി പാടത്തിന്റെ ദുരിതം രൂക്ഷമായി അനുഭവിക്കുന്ന മീനപ്പള്ളി കായൽപ്രദേശത്തു മ‍ാത്രം മു‌പ്പതോളം കുടുംബങ്ങൾ സ്ഥിരമായോ താൽക്കാലികമായോ മാറിത്താമസിക്കുന്നു.

beeyar-prasad

കുട്ടനാട്ടിലെ വലിയ കായൽ പാടശേഖരങ്ങളിലൊന്നായ ആർ ബ്ലോക്കിലെ നൂറിലധികം വീടുകളിൽ നാൽപതോളം എണ്ണം പലകാലങ്ങള‍ിലായി ഒഴിഞ്ഞു. പാടശേഖരത്തിലെ പമ്പിങ് നിർത്തി കൃഷി വെള്ളത്തിലായതോടെ നടുത്തുരുത്തിലെ 19 പട്ടികജാതി കുടുംബങ്ങൾ ഒന്നിച്ചും 17 കുടുംബങ്ങൾ പല ഘട്ടങ്ങളിലായും മറ്റു നാടുകളിലേക്കു മാറി. 2018ലെ പ്രളയത്തിനു ശേഷം പാടശേഖരത്തിന്റെ പുറംബണ്ടിലെ 6 കുടുംബങ്ങൾ കിടപ്പാടം ഉപേക്ഷിച്ചു. നിലവിൽ 24 കുടുംബങ്ങൾ മാത്രമാണ് ഇവിടെയുള്ളത്.

നെടുമുടി വിട്ടത് 12 കുടുംബങ്ങൾ

നെടുമുടി പള്ളി പാടശേഖരത്തിൽ 380 കുടുംബങ്ങളാണു താമസിച്ചിരുന്നത്. മേയിലെ വെള്ളപ്പൊക്കത്തിലും അതിനു മുൻപുമായി 12 കുടുംബങ്ങൾ സ്ഥിരമായോ താൽക്കാലികയോ നാടുവിട്ടുപോയി. വെള്ളപ്പൊക്കം പ്രതിരോധിക്കാൻ പാടശേഖര സമിതികളുടെ നേതൃത്വത്തിൽ കട്ടകുത്തി ബണ്ട് ഉയർത്തുന്നുണ്ട്. അതിന്റെ ചെലവു കൃഷിക്കാർ തുല്യമായി പങ്കിടുകയാണ്.

കുട്ടനാട്ടുകാർ കൂട്ടപ്പലായനം എന്ന ഗതികേടിലേക്കെത്തിയതിനു പിന്നിൽ പല കാരണങ്ങളുണ്ട്. അതിൽ ഭൂരിഭാഗവും മനുഷ്യനിർമ‍ിതം തന്നെ. അതേപ്പറ്റി നാളെ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com