നമ്മളെ കാക്കാൻ ഭൂമിയെ കാക്കാം
Mail This Article
എന്തൊരു ഭയാനകമായ മുന്നറിയിപ്പാണത്! രൂക്ഷമായ കാലാവസ്ഥാ പ്രതിസന്ധിയുണ്ടായാൽ മനുഷ്യർക്ക് ഓടി രക്ഷപ്പെടാനോ ഒളിക്കാനോ വേറെ ഇടമില്ലെന്ന് ഓർമിപ്പിച്ച്, 234 ശാസ്ത്രജ്ഞരുടെ സംഘം തയാറാക്കിയ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐപിസിസി) പുതിയ പഠനറിപ്പോർട്ട് ലോകത്തെയാകെ ആപത്ശങ്കയിലാഴ്ത്തുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും അപ്രതീക്ഷിതവും അസാധാരണവുമായ തോതിൽ കാട്ടുതീയും പ്രളയദുരന്തങ്ങളും വർധിക്കുന്നതിനിടെ, ആഗോളതാപനത്തിന്റെയും കാലാവസ്ഥമാറ്റത്തിന്റെയും ആശങ്കയുണ്ടാക്കുന്ന നാൾവഴി നിരത്തിയുള്ള ഈ റിപ്പോർട്ടിൽ കേരളത്തിനുള്ള മുന്നറിയിപ്പും നാം കണ്ടെടുത്തേതീരൂ.
െഎക്യരാഷ്ട്ര സംഘടന സ്ഥാപിച്ച ഐപിസിസി ഓരോ ഏഴു വർഷം കൂടുമ്പോഴും തയാറാക്കുന്ന കാലാവസ്ഥമാറ്റം സംബന്ധിച്ച റിപ്പോർട്ടുകളിൽ ആറാമത്തേതാണു കഴിഞ്ഞ ദിവസം ജനീവയിൽ പുറത്തിറക്കിയത്. മനുഷ്യരുടെ പ്രവൃത്തികൾമൂലം ലോകത്തു കാലാവസ്ഥ തീവ്രമായി മാറുന്നുവെന്നു മാത്രമല്ല, വൻപ്രളയവും പൊള്ളുന്ന ചൂടുമെല്ലാം നമ്മുടെ വാതിലിൽ മുട്ടുകയുമാണെന്ന് ഉച്ചത്തിൽ പറയുന്നുണ്ട് ഈ റിപ്പോർട്ട്. ആഗോളതാപനം കൂട്ടുന്ന കാർബൺ ബഹിർഗമനം കർശനമായി കുറച്ചില്ലെങ്കിലുള്ള ആപത്ത് ഭൂമിയും മനുഷ്യരും അനുഭവിക്കേണ്ടിവരുമെന്ന മുന്നറിയിപ്പു പുതിയതല്ലെങ്കിലും ഐപിസിസി പുതിയ കണക്കുകൾ വിശകലനം ചെയ്ത് അത് ആവർത്തിക്കുമ്പോൾ നാം ആശങ്കപ്പെടുകതന്നെ വേണം.
ആഗോളതാപന വർധന 1.5 ഡിഗ്രി സെൽഷ്യസിനു താഴെയാക്കി നിലനിർത്തുകയെന്ന സ്വപ്നലക്ഷ്യം 2040 ആകുമ്പോഴേക്കും കൈവിട്ടുപോകുമെന്നാണു മുന്നറിയിപ്പ്. 2100 ആകുമ്പോഴേക്കും താപന വർധന 2 ഡിഗ്രിക്കു മീതെയാകും. കാലാവസ്ഥാ വിദഗ്ധരുടെ കണക്കുകൂട്ടൽ തെറ്റിച്ച്, താപനനിരക്കിന്റെ 1.5 ഡിഗ്രി സെൽഷ്യസ് പരിധി 2030കളിൽത്തന്നെ ലംഘിക്കപ്പെടുമെന്നും ഐപിസിസി പറയുന്നു. ഏറ്റവും ഉയർന്ന കാർബൺ ബഹിർഗമനത്തിലൂടെ ലോകത്തിന്റെ മൊത്തം കാലാവസ്ഥയുടെ താളംതെറ്റിക്കുന്ന രാജ്യങ്ങളാണു പ്രതിരോധപ്രവർത്തനങ്ങളോടു മുഖംതിരിഞ്ഞു നിൽക്കുന്നതെന്ന നിർഭാഗ്യ യാഥാർഥ്യവും നമ്മുടെ മുന്നിലുണ്ട്.
ഇന്ത്യയിൽ ഓരോ 10 വർഷം കൂടുമ്പോഴും 17 മീറ്റർ വീതം കടൽ കരയിലേക്കു കയറാൻ സാധ്യതയുണ്ടെന്നും കാർബൺ നിർഗമനം കുറച്ചില്ലെങ്കിൽ 2100 ആകുമ്പോൾ സമുദ്രജലനിരപ്പ് 40 സെന്റിമീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയരാമെന്നും റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു. ആഗോളതാപനം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വരുത്താനിടയുള്ള പ്രകൃതിദുരന്തങ്ങളെപ്പറ്റിയുള്ള ആദ്യ ദേശീയ റിപ്പോർട്ട് ഭൗമശാസ്‌ത്ര മന്ത്രാലയം പുറത്തിറക്കിയതു കഴിഞ്ഞ വർഷമാണ്. ഐപിസിസി അതിനകം പുറത്തിറക്കിയ 5 പഠനങ്ങളുടെ ഇന്ത്യൻ പതിപ്പായിരുന്നു അത്. പാരിസ് കരാറിനെ പിന്തുടർന്ന് ഇന്ത്യൻ ശാസ്‌ത്രജ്ഞർ നടത്തിയ സമഗ്രപഠനവും നിർദേശങ്ങളും അടങ്ങിയ ആ റിപ്പോർട്ട് രാജ്യത്തിന്റെ ഭാവിനയങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള അടിസ്ഥാനരേഖയായി മാറുമെന്ന പ്രതീക്ഷ നൽകിയിരുന്നെങ്കിലും അതിൽ നമുക്ക് എത്രമാത്രം മുന്നോട്ടുപോകാൻ കഴിഞ്ഞു?
കാലാവസ്ഥാ വ്യതിയാനങ്ങളും അതിന്റെ ഫലമായി തുടർച്ചയായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും മുൻപെന്നത്തെക്കാളും കേരളത്തെ ഉലയ്ക്കുന്ന അസാധാരണ സ്ഥിതിവിശേഷമാണു നാം ഇപ്പോൾ അനുഭവിക്കുന്നത്; കാലാവസ്ഥയിലെ ചെറിയ വ്യതിയാനങ്ങൾക്കുപോലും വലിയവില കൊടുക്കേണ്ടിവരുന്ന ദുരവസ്ഥ. ‘ടൗട്ടെ’, ‘യാസ്’ ചുഴലിക്കാറ്റുകളുടെ സഞ്ചാരപഥത്തിൽ കേരളം ഇല്ലാതിരുന്നിട്ടുപോലും അവയുടെ വലിയ ആഘാതം നമ്മുടെ തീരദേശങ്ങളിലുണ്ടായത് ഇതിന്റെ പുതിയ തെളിവാണ്. തുടർപ്രളയങ്ങളും ദുരിതംവിതയ്ക്കുന്ന ഉരുൾപൊട്ടലുകളും കൊടുംമഴയും കലിതുള്ളുന്ന കാറ്റും കടൽക്ഷോഭവും നമ്മെ കാര്യമായി ഉലച്ച് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.
പരിസ്ഥിതിസംരക്ഷണത്തിന് ഊന്നൽ നൽകിയുള്ള സുസ്ഥിരവികസന മാതൃകകളിലേക്കു പൂർണമായും ചുവടുമാറാൻ കേരളം ഇനിയും വൈകിക്കൂടാ. നാം ജീവിക്കുന്ന ഭൂമിയെ സ്നേഹിക്കാനും കാത്തുസൂക്ഷിക്കാനുമുള്ള അതിജീവനപാഠംകൂടി െഎപിസിസി റിപ്പോർട്ടിൽനിന്നു വായിച്ചെടുക്കേണ്ടതുണ്ട്.
English Summary: UN report delivers stark warning on climate change