ADVERTISEMENT

∙ ചേതൻ ഭഗത്: ഇന്റർനെറ്റ്, കേബിൾ ടെലിവിഷൻ വിപ്ലവത്തിനു മുൻപുള്ള കാലത്താണു ഞാൻ വളർന്നത്. സ്ക്രീൻ എന്റർടെയ്ൻമെന്റ് എന്നുപറയാൻ തന്നെ ഒന്നുമില്ല. തിരിഞ്ഞുനോക്കുമ്പോൾ അക്കാലത്തോട് എനിക്കു നന്ദിയുണ്ട്. ഭാവനയും സർഗാത്മകതയും വളർത്തിയെടുക്കാൻ അതാണെന്നെ സഹായിച്ചത്. ഡൽഹിയിലെ നീണ്ടു വിരസമായ അപരാഹ്നങ്ങളിൽ ഭാവനയിൽ കഥകൾ മെനഞ്ഞിരുന്നതു ഞാനോർക്കുന്നു.

∙ ഇന്ദ്രൻസ്: പുതിയ തലമുറയുടെ കാര്യം ആകെ പോക്കാണെന്ന ചിന്തയൊന്നും എനിക്കില്ല. കാര്യങ്ങൾ പെട്ടെന്നു പഠിച്ചെടുക്കാനും അതനുസരിച്ചു പ്രവർത്തിക്കാനും കഴിവുള്ളവരാണ് ഇപ്പോഴത്തെ ചെറുപ്പക്കാർ. നമുക്കു കൂടെ ഓടിയെത്താൻ കഴിയാത്തതുകൊണ്ടല്ലേ അവരെ കുറ്റം പറയുന്നത്?

∙ കോടിയേരി ബാലകൃഷ്ണൻ: ഏതു തീരുമാനമെടുത്താലും അതു മുഖ്യമന്ത്രി എടുക്കുന്ന തീരുമാനമാണ് എന്നു പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ട്. പാർട്ടിയല്ല, മുഖ്യമന്ത്രിയാണു തീരുമാനിക്കുന്നത് എന്നു സ്ഥാപിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമാണ്. വ്യക്തികേന്ദ്രീകൃതമായ പാർട്ടിയായി സിപിഎം മാറുന്നു എന്നൊരു ആരോപണത്തിലേക്കു പാർട്ടിയെ കെട്ടിയിടാനുള്ള പ്രചാരണതന്ത്രമാണിത്. രണ്ടു ടേം നടപ്പാക്കിയതിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഐകകണ്ഠ്യേന എടുത്ത തീരുമാനമാണത്.

∙ ഉഷ ഉതുപ്പ്: ഈ ലോകത്ത് യേശുദാസിനെപ്പോലെ, എസ് പിബിയെപ്പോലെ, ചിത്രയെയും സുജാതയെയും പോലെ പാടുന്നവരുണ്ട്. എനിക്കൊരിക്കലും അവരെപ്പോലെ പാടാൻ കഴിയില്ലെന്നു ബോധ്യമുണ്ട്. പത്തു ജന്മമെടുത്താലും എനിക്കു ചിത്രയെപ്പോലെ പാടാനാവില്ല. അവർക്കും എന്നെപ്പോലെ പാടാനാവില്ലല്ലോ. അതുകൊണ്ടു ഞാനെങ്ങനെയാണോ അതിൽ ഹാപ്പിയാണ്.

∙ സുജാത: ഏറ്റവും ഇഷ്ടമുള്ള ഗായിക സുശീലാമ്മയാണ്. ലോകത്തിലേറ്റവും ഇഷ്ടമുള്ള ശബ്ദം സുശീലാമ്മയുടേതാണ്. അവരുടെ ഭ്രാന്തമായ ഒരു ആരാധിക കൂടിയാണു ഞാൻ. എന്നാൽ ജാനകിയമ്മയുടെ ടെക്നിക്സ് അറിയാതെ വന്നിട്ടുണ്ട്. ധാരാളം പാട്ടുകൾ കേൾക്കുകയും പാടുകയും ചെയ്തതിലൂടെ വന്നതാണ്.

∙ ശരത്: എന്റെ പല പാട്ടുകളും ഞാനാണു സംഗീതസംവിധാനം ചെയ്തതെന്നു പുതുതായി ധാരാളംപേർ മനസ്സിലാക്കിയതു റിയാലിറ്റി ഷോകളിൽ ചർച്ചയായതോടെയാണ്. ഷോകളിലൂടെ ധാരാളം ജനങ്ങൾ അങ്ങനെ തിരിച്ചറിഞ്ഞു. ധാരാളംപേർ പിന്നീട് ആരാധകരായി. എന്റെ പല പാട്ടുകളും കേട്ടിട്ട് രവീന്ദ്രൻമാഷ് എത്ര നന്നായി ചെയ്തിരിക്കുന്നു എന്ന് അടുപ്പമുള്ളവർ പോലും പറയുന്നതു കേട്ടിട്ടുണ്ട്.

∙ ടി.പി.ശാസ്തമംഗലം: ചലച്ചിത്രഗാനരംഗത്തെ സർഗാത്മക സംസ്കാരം മാറുകയാണെന്നു ദുഃഖത്തോടെ പറയേണ്ടി വരുന്നു. സിനിമയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പദമാണ് ‘ ഓകെ’ എന്നത്. എല്ലാറ്റിനും ‘ ഓകെ’ പറയുന്ന സംവിധായകർ തന്നെയാണു ഗാനങ്ങളുടെ സൗന്ദര്യം ചോരുന്ന കാര്യത്തിലും പ്രതിസ്ഥാനത്തുള്ളത്.

∙ മഞ്ജു പിള്ള: നീ കെപിഎസി ലളിതയെപ്പോലെ ആയാൽ മതിയെന്നു ശ്രീകുമാരൻ തമ്പി സാർ തുടക്കകാലത്ത് എന്നോടു പറഞ്ഞിരുന്നു. നായികയാകാൻ നിൽക്കരുതെന്നും ലളിതയെയോ സുകുമാരിയെയോപോലെ നിന്നാൽ ജീവിതാവസാനം വരെ അഭിനയിക്കാമെന്നുമാണു തമ്പിസാർ പറഞ്ഞത്. അതിനു മുൻപേ തന്നെ ഞാൻ ലളിതാമ്മയെ ഒബ്സർവ് ചെയ്തിരുന്നു. ഞാൻ ആഗ്രഹിച്ചിരുന്നതും ലളിതാമ്മയായാൽ മതിയെന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com