ADVERTISEMENT

കാലവർഷത്തിനു പിന്നാലെ തുലാവർഷവും ശക്തിപ്പെടുകയാണ്. അതിതീവ്ര മഴയുടെ സംഹാരതാണ്ഡവം കേരളം കണ്ടു. രണ്ടാഴ്ച മുൻപു കൂട്ടിക്കലിൽ പെയ്ത മഴ മുല്ലപ്പെരിയാറിൽ പെയ്താൽ അണക്കെട്ടിനെ എങ്ങനെ ബാധിക്കും? മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിലനിൽപു സംബന്ധിച്ചു കേരളത്തിന് ആശങ്കയുണ്ട്. അതേസമയം, അണക്കെട്ടിന്റെ നിലനിൽപിനു ഭീഷണിയുയർന്നാൽ നേരിടാനുള്ള തയാറെടുപ്പും കേരളം നടത്തണം. മഴയും ഡാമുകളിലെ ജലനിരപ്പും നിരീക്ഷിക്കുകയും അതിനനുസരിച്ചുള്ള ഒരുക്കങ്ങൾ നടത്തുകയുമാണു വേണ്ടത്.

ഡാമിന്റെ അവസ്ഥ

കാലപ്പഴക്കം, ബലക്ഷയം, ചോർച്ച എന്നിവയാണു ഡാം നേരിടുന്ന പ്രശ്നങ്ങൾ. ഇവയെ ആശ്രയിച്ചിരിക്കും ഡാമിന്റെ ഉറപ്പ്.

∙ കാലപ്പഴക്കം
ഗ്രാവിറ്റി ഡാമാണു മുല്ലപ്പെരിയാർ. ഡാമിന്റെ ഭാരത്തെ ആശ്രയിച്ചാണു ബലവും സുരക്ഷയും. കോൺക്രീറ്റിനു പകരം ലൈം സുർക്കി മിശ്രിതം ഉപയോഗിച്ചാണു ഡാം നിർമിച്ചത്. ആദ്യം ബലക്ഷയമുണ്ടായപ്പോൾ കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ചു ബലപ്പെടുത്തി. പഴയ ഡാമിന്റെ പുറംഭാഗത്തായാണു കോൺക്രീറ്റിട്ടു ബലപ്പെടുത്തിയത്. പഴയ ലൈം സുർക്കി ഡാമും ബലപ്പെടുത്തിയ കോൺക്രീറ്റ് ഭാഗവും തമ്മിൽ വിടവുണ്ട്. ഇവ ഒറ്റ അണക്കെട്ടായി പ്രവർത്തിക്കില്ല.

∙ ചോർച്ച
സുർക്കി– കോൺക്രീറ്റ് വിടവ്, ഡാമിന്റെ അടിത്തട്ട് എന്നിവയിലൂടെ വെള്ളം ചോരുന്നു. ഈ വെള്ളത്തിലൂടെ ലൈം സുർക്കി മിശ്രിതത്തിലെ ലൈം (കുമ്മായം) ഒഴുകിപ്പോകുന്നു. വർഷം 35 ടൺ ലൈം ഒഴുകിപ്പോകുന്നുവെന്നു തമിഴ്നാട് സമ്മതിച്ചിട്ടുണ്ട്.

∙ ബലക്ഷയം
വർഷങ്ങളായി ലൈം നഷ്ടപ്പെട്ടതുമൂലം ഡാമിന്റെ ഭാരം കുറഞ്ഞു. ഇതുമൂലം ബലക്ഷയം സംഭവിച്ചു. വെള്ളം താങ്ങാനുള്ള ശേഷി കുറഞ്ഞു.

∙ ഭൂചലനം
ഡാമിനു ഭൂചലനത്തെ നേരിടാനുള്ള ശേഷിയില്ല. 1886ൽ നിർമിച്ചപ്പോൾ അത്തരം നിർമാണരീതി ലഭ്യമായിരുന്നില്ല.

mullaperiyar

ഉറപ്പിനെ ബാധിക്കുന്നവ

പ്രളയം, കാലപ്പഴക്കം, ഭൂചലനം എന്നിവ മൂലം ഏതെങ്കിലും തരത്തിൽ സമ്മർദമുണ്ടായാൽ ഡാമിനെ ബാധിക്കും.

∙ അതിതീവ്രമഴയും പ്രളയവും
ഡാമിന്റെ വൃഷ്ടിപ്രദേശം 625 ചതുരശ്ര കിലോമീറ്ററാണ്. ഇവിടെ ലഭിക്കുന്ന മഴവെള്ളം ഡാമിൽ ഒഴുകിയെത്തും. മഴമൂലം സെക്കൻഡിൽ പരമാവധി 2.12 ലക്ഷം ഘനയടി വെള്ളം വരെ ഒഴുകിയെത്തും എന്നു കണക്കാക്കിയാണ് അന്നു ഡാം നിർമിച്ചത്. എന്നാൽ, 1943ൽ മഴക്കാലത്തു സെക്കൻഡിൽ 2.43 ലക്ഷം ഘനയടി വെള്ളം ഒഴുകിയെത്തിയിരുന്നു. 2013ൽ ഡൽഹി ഐഐടിയിലെ പ്രഫ. എ.കെ. ഗൊസൈനെ കേരളം പഠനത്തിനു നിയോഗിച്ചു. സെക്കൻഡിൽ 2.91 ലക്ഷം ഘനയടി വെള്ളം വരെ ഒഴുകിയെത്താമെന്നു കണ്ടെത്തി. ഇത്രയും ജലം ഡാമിനു താങ്ങാനാകില്ല. അധികജലം സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുകണം. 13 വാതിലുകളുള്ള(വെന്റ്) സ്പിൽവേയാണു ഡാമിലുള്ളത്. ഇവ മുഴുവൻ തുറന്നാലും സെക്കൻഡിൽ 1.22 ലക്ഷം ഘനയടി ജലം മാത്രമേ പുറത്തേക്ക് ഒഴുകുകയുള്ളൂ. ഇതോടെ ജലനിരപ്പുയരും. ഡാമിനു മുകളിൽ അഞ്ചടി ഉയരത്തിൽ 11 മണിക്കൂർ വെള്ളം ഒഴുകും. ഗ്രാവിറ്റി ഡാമുകളുടെ മുകളിലൂടെ ജലം ഒഴുകിയാൽ ഡാമിന്റെ നിലനിൽപിനെ ബാധിക്കും.

∙ കാലപ്പഴക്കം
കാലക്രമത്തിൽ ചോർച്ചയിലൂടെ ലൈം സുർക്കി മിശ്രിതത്തിലെ ലൈം നഷ്ടപ്പെട്ടു ഡാമിന്റെ ഭാരം കുറഞ്ഞുവരും. ഇതിനൊപ്പം ജലനിരപ്പ് ഉയരുന്നതോടെ ഡാമിലുള്ള സമ്മർദം കൂടും. ഡാമിന്റെ ഉറപ്പിനെ ഇതു ബാധിക്കും.

∙ ഭൂചലനം
ഭൂചലനത്തെ പ്രതിരോധിക്കാൻ അണക്കെട്ടിനു കഴിയില്ല. റൂർക്കി ഐഐടി നടത്തിയ പഠനത്തിൽ 1900ൽ കോയമ്പത്തൂരിൽ റിക്ടർ സ്കെയിലിൽ 6 തീവ്രതയുള്ള ഭൂചലനം ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഭ്രംശ രേഖ മുല്ലപ്പെരിയാർ ഡാമിൽ നിന്നു 16 കിലോമീറ്റർ അകലെയാണ്. ഇനിയൊരു ഭൂചലനമുണ്ടായാൽ ഡാമിന്റെ ഉറപ്പിനെ ബാധിക്കും.

mullaperiyar-2

ബാധിക്കാം, 4 ജില്ലകളെ

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ജനങ്ങൾക്കാണു മുല്ലപ്പെരിയാർ ഭീഷണിയുയർത്തുന്നത്. പ്രളയജലം പെരിയാറിലൂടെ ഒഴുകും. മുല്ലപ്പെരിയാറിനു താഴെ പെരിയാറിലുള്ള ഇടുക്കി, ചെറുതോണി, കുളമാവ്, ലോവർ പെരിയാർ, ഭൂതത്താൻകെട്ട് എന്നീ ഡാമുകൾക്കും ഭീഷണിയാകും. പെരിയാർ കായലിൽ ചേരുന്ന വരാപ്പുഴ ഭാഗത്ത് ജലനിരപ്പ് 5 മീറ്റർ വരെ ഉയരാമെന്നാണു പഠനം. മുല്ലപ്പെരിയാറിന് 47 കിലോമീറ്റർ താഴെയാണ് ഇടുക്കി ഡാം. മുല്ലപ്പെരിയാറിനെന്തെങ്കിലും സംഭവിച്ചാൽ പ്രളയജലവും മറ്റും ഒഴുകി ഇടുക്കി ഡാമിൽ എത്തും. ഈ പ്രളയം താങ്ങാൻ ഇടുക്കി ഡാമിനു കഴിയില്ല. ചെറുതോണി ഡ‍ാമിനു മാത്രമാണു സ്പിൽവേയുള്ളത്. ഇടുക്കി, കുളമാവ് ഡാമുകൾക്കു സ്പിൽവേയില്ല. ചെറുതോണി ഡാമിന്റെ സ്പിൽവേയിലൂടെ മാത്രം ഈ പ്രളയജലം പുറത്തേക്ക് ഒഴുക്കാൻ കഴിയില്ല. മൂന്നു ഡാമുകൾക്കും മുകളിലൂടെ പ്രളയജലം ഒഴുകും. ഈ ഡാമുകളുടെ സുരക്ഷയെ അവ ബാധിക്കും. സമാനമായ രീതിയിൽ ലോവർ പെരിയാർ, ഭൂതത്താൻകെട്ട് ഡാമുകളെയും ബാധിക്കും.

53 ടിഎംസി

മുല്ലപ്പെരിയാറിന്റെ ശേഷി 16 ടിഎംസി. ഇടുക്കിയുടേത് 47 ടിഎംസി. ഒരു ടിഎംസി എന്നാൽ 100 കോടി ഘനയടി വെള്ളമാണ്.

അടിയിലാണ് സുരക്ഷ

മുല്ലപ്പെരിയാറിന്റെ സുരക്ഷ ജലനിരപ്പിന്റെ അടിക്കണക്കിലാണ്. സുപ്രീം കോടതിയുടെ നിർദേശപ്രകാരം ജലനിരപ്പ് ഇപ്പോൾ 142 അടിക്കു മുകളിൽ കൂടാൻ പാടില്ല. 137 അടിയിൽ ജലനിരപ്പു കൂട്ടരുതെന്നാണു കേരളത്തിന്റെ വാദം. ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കണമെന്നാണു തമിഴ്നാടിന്റെ വാദം. 152 അടിയിൽ എത്തിയാൽ എന്തു സംഭവിക്കുമെന്നതിനെ അടിസ്ഥാനമാക്കിയാണു കേരളത്തിന്റെ നിർദേശപ്രകാരം പഠനം നടത്തിയത്.

ലൈം സുർക്കി മിശ്രിതം

കോൺക്രീറ്റ് മിശ്രിതം വരുന്നതിനു മുൻപു ലൈം സുർക്കി മിശ്രിതം ഉപയോഗിച്ചാണു ഡാം നിർമിക്കുന്നത്. ലൈം (ചുണ്ണാമ്പ്, കുമ്മായം), പൊടിച്ചെടുത്ത ഇഷ്ടിക, മെറ്റൽ (പാറ പൊട്ടിച്ച കല്ല്), വെള്ളം എന്നിവ ചേർത്താണു മിശ്രിതം തയാറാക്കുന്നത്. സിമന്റ്, മണൽ, മെറ്റൽ, വെള്ളം എന്നിവ ചേരുന്നതാണു സിമന്റ് മിശ്രിതം. സിമന്റിനു പകരമാണു ലൈം, മണലിനു പകരം ഇഷ്ടികയും. എന്നാൽ കോൺക്രീറ്റ് മിശ്രിതത്തിന്റെ ഉറപ്പ് ലൈം സുർക്കിക്ക് ഇല്ല.

കേരളം തയാറെടുപ്പിൽ

ആശങ്കയല്ല, തയാറെടുപ്പും മുന്നൊരുക്കങ്ങളുമാണു കേരളത്തിന്റെ വഴി. മുല്ലപ്പെരിയാറിന്റെ സുരക്ഷയിൽ ആശങ്കയുള്ള കേരളം ആവശ്യമായ തയാറെടുപ്പുകൾ നടത്തി വരുന്നു.
∙ മഴ, വിവിധ ഡാമുകളിലെ ജലനിരപ്പ് എന്നിവ നിരീക്ഷിക്കുന്നു. ഓരോ ഡാമിലും നിശ്ചിത ജലനിരപ്പു കഴിഞ്ഞാൽ യെലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ നൽകുന്നു. അതനുസരിച്ചു മറ്റു ഡാമുകളിലെ ജലനിരപ്പ് കുറച്ചു നിർത്തും.
∙ ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ ജലം ഏതൊക്കെ മേഖലകളിൽ എത്തും, ഏതൊക്കെ മേഖലകൾ മുങ്ങാം എന്നു കണ്ടെത്തി. ഓരോ സ്ഥലത്തും അവ മാർക്കു ചെയ്യുന്നു.
∙ ജാഗ്രതാ നിർദേശം നൽകുമ്പോൾ മുങ്ങാൻ സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ മാറ്റും.

(മുല്ലപ്പെരിയാർ സ്പെഷൽ സെൽ ചെയർമാൻ ആയിരുന്നു ലേഖകൻ. വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ, സിവിൽ വിഭാഗം മെംബർ എന്നീ നിലകളിലും പ്രവർത്തിച്ചു)

Content Highlight: Mullaperiyar Dam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com