ADVERTISEMENT

പുതിയ കേന്ദ്ര വിജ്ഞാപനമനുസരിച്ചു കേരളം തയാറാക്കുന്ന തീരമേഖലാ പരിപാലന (സിആർസെഡ്) പ്ലാൻ ഇനിയും വൈകുമെന്നത് അതിലുള്ള മാനദണ്ഡങ്ങൾപ്രകാരം വീടുവയ്ക്കാൻ കാത്തിരിക്കുന്നവരടക്കം  ഒട്ടേറെപ്പേരെ ആശങ്കയിലാക്കുന്നു. പ്ലാൻ തയാറാക്കുന്നതിലെ താമസം മൂലം കേന്ദ്ര ഇളവിന്റെ പ്രയോജനം  സംസ്ഥാനത്തെ  70 നിയോജക മണ്ഡലങ്ങളിലെ ജനങ്ങൾക്കു ലഭിക്കുന്നില്ലെന്ന പരാതിയുടെ  ഗൗരവം സർക്കാർ തിരിച്ചറിയുന്നില്ലെന്നുവേണം കരുതാൻ. 

തീരദേശ പ്ലാൻ തയാറാക്കുന്നതു പൂർത്തിയാകാൻ 6 മാസം കൂടി വേണ്ടിവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചതോടെ  ഇക്കാര്യത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം ഇനിയും നീളുമെന്ന് ഉറപ്പായിരിക്കുകയാണ്. സുപ്രീം കോടതിവിധിയെത്തുടർന്നാണ്, 2019ലെ ഭേദഗതിവിജ്ഞാപനത്തിന്റെ ഭാഗമായി കേരളം പദ്ധതിരൂപരേഖ തയാറാക്കുന്നത്. മാനദണ്ഡങ്ങളിലുണ്ടാവുന്ന പ്രധാനമാറ്റങ്ങൾക്കു നമ്മുടെ തീരദേശത്തെ സംബന്ധിച്ചിടത്തോളം നിർണായക പ്രാധാന്യമുണ്ടായിട്ടും ഈ പ്ലാൻ വൈകുന്നതിനു ന്യായീകരണമില്ല. 

തീരപരിപാലന നിയമം ഭേദഗതി ചെയ്തു കേന്ദ്രം 2019 ജനുവരി 18ന് വിജ്ഞാപനം ഇറക്കിയെങ്കിലും മാർഗരേഖ സംസ്ഥാനത്തിനു ലഭിച്ചത് 2019 ജൂണിലാണെന്നു മുഖ്യമന്ത്രി സഭയെ അറിയിക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ തീരപരിപാലന പ്ലാൻ തയാറാക്കാൻ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തെ (എൻസെസ്) ചുമതലപ്പെടുത്തിയിരിക്കുകയാണ്. ആദ്യ കരടു തയാറാക്കിയപ്പോഴുള്ള അപാകത പരിഹരിക്കാൻ നിയോഗിച്ച മൂന്നംഗ സമിതിയുടെ നിർദേശപ്രകാരം, നഗരസ്വഭാവമുള്ള ഗ്രാമപ്പഞ്ചായത്തുകളെ തീരപരിപാലന നിയമത്തിലെ മൂന്നാം കാറ്റഗറിയിൽനിന്നു രണ്ടിലേക്കു മാറ്റാനുള്ള നടപടി പുരോഗമിക്കുന്നു. നിയമത്തിന്റെ പരിധിയിൽ വരുന്ന 245 പഞ്ചായത്തുകളിൽ 161 എണ്ണം ഇങ്ങനെ രണ്ടാം കാറ്റഗറിയിലാകും. 

പത്തു ജില്ലകളിലെ  ഇത്രയും പഞ്ചായത്തുകൾക്കു പുറമേ, 36 മുനിസിപ്പാലിറ്റികൾ, 5 കോർപറേഷനുകൾ എന്നിവയ്ക്കാണു വിജ്ഞാപനം ബാധകമാവുന്നത്. അന്തിമ തീരപരിപാലന പദ്ധതിക്ക് അംഗീകാരം ലഭിക്കുന്ന ദിവസം മുതലാണ് ഇതിലെ മാനദണ്ഡങ്ങൾ നടപ്പാകുക. അതുവരെ 2011ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി. കേന്ദ്ര വിജ്ഞാപനമിറങ്ങി 6 മാസത്തിനകം നൽകേണ്ടിയിരുന്ന പ്ലാൻ ഒരു വർഷം കഴിഞ്ഞാലും സമർപ്പിക്കാൻ സാധിക്കില്ലെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. 

അന്തിമാനുമതി വൈകുന്തോറും, നിയമപരമായി നടപ്പാക്കാനാകുന്ന നിർമാണപ്രവർത്തനങ്ങളും മറ്റും അനിശ്ചിതത്വത്തിൽ തുടരുമെന്നതാണു യാഥാർഥ്യം.  കേരളത്തിലെ 10 ജില്ലകളിൽ തീരദേശമേഖലാചട്ടം ലംഘിച്ചുള്ള നിർമാണത്തിന്റെ പേരിൽ 27,735 കേസുകളാണു കലക്ടർമാരുടെ അധ്യക്ഷതയിലുള്ള സമിതികൾ റിപ്പോർട്ട് ചെയ്തത്. 2011ലെ പ്ലാനിന്റെ അടിസ്ഥാനത്തിലാണു ചട്ടലംഘന നിർമിതികൾ കണക്കാക്കിയിരിക്കുന്നത്. പുതിയ വിജ്ഞാപനപ്രകാരം നിർമാണങ്ങൾക്കു തീരത്തുനിന്നുള്ള ദൂരപരിധി കുറച്ചതിനാൽ പകുതിയിലേറെ കെട്ടിടങ്ങളെയെങ്കിലും ഈ പട്ടികയിൽനിന്ന് ഒഴിവാക്കാനാകും. പക്ഷേ, അതിനു പദ്ധതി യാഥാർഥ്യമാകേണ്ടതുണ്ട്. 

തീരദേശ പരിപാലന പ്ലാൻ വൈകിയതിന്റെ പല അനുഭവങ്ങളും ഇതിനകം നമുക്കുണ്ടായിക്കഴിഞ്ഞു. 2011ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ മുൻപു തീരപരിപാലന പ്ലാൻ തയാറാക്കാൻ കേരളം 6 വർഷമാണെടുത്തത്. എൻസെസ് 2017 നവംബറിലാണ് ആ പ്ലാനിന്റെ കരടു സമർപ്പിച്ചത്. ഇതിന് അന്തിമ അംഗീകാരം ലഭിച്ചതാകട്ടെ 2019 ഫെബ്രുവരിയിലും. 2019ലെ വിജ്ഞാപനമനുസരിച്ചുള്ള പദ്ധതിയുടെ വൈകിയോട്ടമാണു കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. തീരപരിപാലന പദ്ധതി തയാറാക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമായ പൊതു അദാലത്ത് (പബ്ലിക് ഹിയറിങ്) കോവിഡ് കാലത്തു നടത്തുന്നതിലെ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. 

തടസ്സങ്ങളെന്തായാലും, തീരദേശജനതയുടെ ജീവിതമാണ് ഈ പ്ലാനിലുള്ളതെന്നു തിരിച്ചറിഞ്ഞ്, അത് എത്രയുംവേഗം പൂർത്തീകരിക്കാൻ സർക്കാർ മനസ്സുവച്ചേതീരൂ.

English summary: Coastal Regulation Zone kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com