സുഹൃത്തായി കാണാത്ത ചൈന
Mail This Article
ചൈനയുടെ ദൃഷ്ടിയിൽ ഇന്ത്യ എതിരാളിയാണ്. അവരുടെ ലോകാധിപത്യത്തിനുള്ള പ്രയാണത്തിലെ വിലങ്ങുതടി. ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കുക’ എന്നതാണ് 1962 മുതൽ ചൈനയുടെ മുദ്രാവാക്യം. അങ്ങനെയുള്ള ചൈനയെ പ്രകീർത്തിക്കുന്നതും അവരുടെ വിജയത്തിൽ ആഹ്ലാദിക്കുന്നതും നമുക്ക് അഭികാമ്യമല്ല
ഇന്ത്യക്കാർ ഏതു ലോകരാജ്യത്തെയും വിലയിരുത്തേണ്ടത് ആ രാജ്യത്തിന് ഇന്ത്യയുമായി സഹകരിക്കാൻ യോഗ്യതയും കഴിവുമുണ്ടോ എന്നു പരിശോധിച്ചിട്ടാണ്. ആ രാജ്യത്തിന്റെ രാഷ്ട്രീയ തത്വശാസ്ത്രവും വികസനശേഷിയും സാമ്പത്തികശക്തിയുമെല്ലാം പ്രധാനമാണെങ്കിലും അവയെല്ലാം രണ്ടാമതു കണക്കിലെടുക്കേണ്ടതാണ്. ഇന്ത്യയ്ക്ക് ആ രാജ്യവുമായി ഇതുവരെയുണ്ടായിരുന്ന ബന്ധങ്ങളും ഇടപെടലുകളും പ്രത്യേകം പരിഗണിക്കണം. ചരിത്രത്തിൽ ഏതെങ്കിലും സംഘട്ടനങ്ങൾ അവരുമായിട്ടുണ്ടായിട്ടുണ്ടെങ്കിൽ അവയുടെ കാരണവും പരിണതഫലവും പരിശോധിക്കേണ്ടിയിരിക്കുന്നു. അന്നത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ, അതിനുള്ള സാധ്യതകൾ എന്താണെന്നും അവരുടെ ഭാവിപരിപാടികളിൽ ഇന്ത്യ എങ്ങനെ കാണപ്പെടുന്നു എന്നതും വളരെ പ്രധാനപ്പെട്ടതാണ്.
ആ രാജ്യം ഇന്ത്യയുടെ താൽപര്യങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് അവരുടെ ഭാവി കാണുന്നതെന്നു നമുക്ക് ഉറപ്പുണ്ടാകണം. അതൊരു അയൽരാജ്യമാണെങ്കിൽ ഇന്ത്യയുമായുള്ള അതിർത്തിയിൽ അവരുടെ പ്രവർത്തനം സൗഹൃദപരമാണോ എന്നും അതിർത്തികൾ രേഖപ്പെടുത്താനുള്ള സാധ്യതയുണ്ടോ എന്നും പരിശോധിക്കണം. അവരുമായി നമുക്കുള്ള സാമ്പത്തിക ബന്ധത്തിനു ചൂഷണസ്വഭാവമുണ്ടോ എന്നു പരിശോധിക്കേണ്ടതുമുണ്ട്. അവർക്കു നമ്മുടെ മിത്രങ്ങളോടും ശത്രുക്കളോടുമുള്ള ബന്ധവും അതുപോലെ പ്രധാനം.
ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താൽ, ചൈന–ഇന്ത്യ സൗഹൃദത്തിനോ സഹകരണത്തിനോ ഒരു സാധ്യതയുമില്ല എന്നു മനസ്സിലാക്കാം. നേരെമറിച്ച്, അവരുടെ ദൃഷ്ടിയിൽ ഇന്ത്യ അവരുടെ എതിരാളി തന്നെയാണ്. അവരുടെ ലോകാധിപത്യത്തിനുള്ള പ്രയാണത്തിൽ ഒരു വിലങ്ങുതടിയായി നിൽക്കുന്നത് ഇന്ത്യയാണെന്ന് അവർ കരുതുന്നു. പോരെങ്കിൽ, നമ്മുടെ അതിരുകൾ നിശ്ചയിക്കാതെയിരുന്നാൽ അവർക്ക് എപ്പോൾ വേണമെങ്കിലും ഇന്ത്യയെ ആക്രമിക്കാനുള്ള അവസരവും നിലനിൽക്കുന്നു.
നമ്മുടെ ധാരാളം പ്രദേശങ്ങൾ വർഷങ്ങളായി അവരുടെ കൈവശമുണ്ട്. 2020ലും ഏകദേശം ആയിരം ചതുരശ്ര കിലോമീറ്റർ സ്ഥലം അവർ പിടിച്ചെടുത്തു. ‘ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കുക’ എന്നതാണ് 1962 മുതൽ അവരുടെ മുദ്രാവാക്യം. അങ്ങനെയുള്ള ചൈനയെ പ്രകീർത്തിക്കുന്നതും അവരുടെ വിജയത്തിൽ ആഹ്ലാദിക്കുന്നതും നമുക്ക് അഭികാമ്യമായി തോന്നുന്നില്ല.
ചൈനയുടെ സാമ്പത്തികശക്തിയും സൈനികശക്തിയും സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും വിജയമാണെന്നു കരുതുന്നതിലും അപാകതകളുണ്ട്. 1972ൽ അമേരിക്കൻ ക്യാപ്പിറ്റലിസത്തെ ആശ്ലേഷിച്ചതിനു ശേഷമാണ് ‘ചൈനീസ് പ്രത്യേകതകളുള്ള സോഷ്യലിസം’ എന്ന പേരിൽ ചൈന പുരോഗതി കൈവരിച്ചത്. ഇത്രയും നേട്ടം കൈവരിച്ചതിനുശേഷം ചൈന അമേരിക്കയ്ക്കെതിരായി യുദ്ധത്തിനു തയാറെടുക്കുക മാത്രമല്ല, യഥാർഥ സോഷ്യലിസത്തിലേക്കു മടങ്ങിപ്പോകാൻ ശ്രമിക്കുകയുമാണ്.
ഇന്നു രാജ്യം നേരിടുന്ന സാമ്പത്തികവും പരിസ്ഥിതി സംബന്ധവുമായ ഗുരുതര പ്രശ്നങ്ങൾ ക്യാപ്പിറ്റലിസത്തിന്റെ സംഭാവനകളാണെന്നു മനസ്സിലാക്കി വലിയ മാറ്റങ്ങൾ വരുത്തുകയാണ് അവർ. കൊറോണ വൈറസ് സൃഷ്ടിച്ചതു ചൈനയല്ലെങ്കിൽപോലും അതിന്റെ തീവ്രത മാസങ്ങളോളം രഹസ്യമാക്കിവച്ചതുകൊണ്ടാണ് അതൊരു മഹാമാരിയായിത്തീർന്നത് എന്നതിൽ സംശയമില്ല. അതിന്റെ കുറ്റബോധം മൂലമാണു ചൈന മറ്റു രാജ്യങ്ങളെ കോവിഡിനെതിരായ പ്രവർത്തനങ്ങളിൽ സഹായിക്കുന്നത്. അല്ലെങ്കിൽതന്നെയും സംഭാവനകൾകൊണ്ടു സ്വാധീനം നേടുക എന്നതാണല്ലോ ചൈനയുടെ നയം.
രണ്ടു വികസ്വര രാജ്യങ്ങളെന്ന നിലയിൽ ഇന്ത്യയും ചൈനയും സഹകരിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. വ്യാപാരത്തിലും പരിസ്ഥിതി കാര്യങ്ങളിലും ഇരുരാജ്യങ്ങളും വളരെയധികം സഹകരിച്ചു. എന്നാൽ, ഇന്ന് അമേരിക്കയെപ്പോലെ വികസ്വര രാജ്യങ്ങളെ ദ്രോഹിക്കുന്ന സമീപനമാണു ചൈനയുടേതും.ചൈനയുടെ വിപ്ലവത്തിലും അതിന്റെ വളർച്ചയിലും സന്തോഷിച്ചവരാണ് ഇന്ത്യക്കാർ. 1962നു ശേഷവും, ചൈനയുമായി സഹകരിക്കാനുള്ള പ്രധാന കരാറുകൾ 1988ലും 1993ലും നമ്മൾ ഒപ്പിടുകയുണ്ടായി. അതിർത്തിയെപ്പറ്റിയുള്ള ഉന്നതതല ചർച്ചകൾ തുടർന്നുകൊണ്ടേയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റുമായി പതിനഞ്ചു തവണ കൂടിക്കാഴ്ച നടത്തി. എന്നിട്ടും ഈ മഹാമാരിയുടെ കാലത്ത് ഇന്ത്യയെ ആക്രമിച്ച ചൈന, ഇന്ത്യയെ അമേരിക്കയുടെ സ്വാധീനവലയിലേക്കു തള്ളിവിടുകയായിരുന്നു. എന്നിട്ടും ക്വാഡിനെ(ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മ) ഒരു സൈനിക സഖ്യമായി മാറ്റാതെ സ്വതന്ത്രമായ ഇന്ത്യ–പസിഫിക്കിനു വേണ്ടി പരിശ്രമിക്കുകയാണ് ഇന്ത്യ. ഇവയെല്ലാം മനസ്സിൽ വച്ചുകൊണ്ടു വേണം നാം ചൈനയെ വിലയിരുത്താൻ.
(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്നു ലേഖകൻ)
Content highlights: India-china Conflit, Socialism, India