ADVERTISEMENT

പിഎം ഗതിശക്തി പദ്ധതിയിലൂടെ ലോകോത്തര അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് പക്ഷേ, രാജ്യത്തെ സാധാരണക്കാർ അനുഭവിക്കുന്ന കോവിഡ്കാല പ്രതിസന്ധിയും ദുരിതവും വേണ്ടവിധം കാണാതെ പോവുന്നു. സ്വാതന്ത്ര്യത്തിന്റെ 100ാം വാർഷികം വരെയുള്ള 25 വർഷത്തിലേക്കുള്ള സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയും രൂപരേഖയുമെന്ന് അവകാശപ്പെടുന്ന ബജറ്റിൽ, ജനങ്ങളുടെ വരുമാനവും ക്രയശേഷിയും കൂട്ടാനുള്ള വഴികളൊന്നും തേടാതിരിക്കുന്നതു വർത്തമാനകാലത്തു നിരാശ ജനിപ്പിക്കും. അതേസമയം, ഡിജിറ്റൽ കറൻസി മുതൽ ഇ പാസ്പോർട്ട് വരെ നവ ഭാരതത്തിനായി വിവിധ ഡിജിറ്റൽ ജാലകങ്ങൾ തുറന്നുവയ്ക്കുന്നതാണ് ബജറ്റിലെ ഏറ്റവും വേറിട്ട കാഴ്ച.

സപ്തമേഖലകളിലായുള്ള വികസനപദ്ധതികളാണു പിഎം ഗതിശക്തി മാസ്റ്റർ പ്ലാൻ. 25,000 കിലോമീറ്റർ ദേശീയപാത ശൃംഖല, 400 വന്ദേഭാരത് ട്രെയിനുകൾ എന്നിവയടക്കം വിവിധ മേഖലകളിൽ അടിസ്ഥാന സൗകര്യവികസനത്തിനുളള പുതിയ പദ്ധതികൾ പ്രഖ്യാപിച്ചതിനോടൊപ്പം പഴയ പദ്ധതികളെ ബജറ്റ് മിനുക്കിവയ്ക്കുന്നുമുണ്ട്. അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു തുടങ്ങുന്നതിനു തൊട്ടുമുൻപുള്ള ബജറ്റ് അവതരണമായിട്ടും പ്രീണനപ്രഖ്യാപനങ്ങൾ വേണ്ടെന്നുവച്ചതു ശ്രദ്ധേയം തന്നെയാണ്. സ്വകാര്യമേഖലയിലെ അധിക മുതൽമുടക്കാണ് ഉൽപാദനവും തൊഴിലവസരവും മെച്ചപ്പെടാൻ സഹായിക്കുകയെന്ന കാഴ്ചപ്പാട് ഈ ബജറ്റിലും പ്രതിഫലിക്കുന്നു.

രാജ്യത്തെ പിടിച്ചുലച്ച കർഷക സമരത്തിനുശേഷം അവതരിപ്പിക്കപ്പെട്ട ബജറ്റ് പക്ഷേ, കർഷകാവശ്യങ്ങളെ കാര്യമായി എടുക്കുന്നില്ല. ഗോതമ്പ്, നെല്ല് എന്നിവ താങ്ങുവില നൽകി കേന്ദ്രം സംഭരിക്കുന്നതിലൂടെ 1.63 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് 2.37 ലക്ഷം കോടി രൂപ എത്തിക്കുമെന്ന് ബജറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, എല്ലാ വിളകൾക്കും താങ്ങുവില എന്നതാണു തങ്ങളുടെ ആവശ്യമെന്നു കർഷകസംഘടനകൾ ഇന്നലെ വ്യക്തമാക്കുകയുണ്ടായി. ബജറ്റ് കേൾക്കുമ്പോൾ, 2022ന് അകം കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന മുൻ പ്രഖ്യാപനം കർഷകജനതയെങ്കിലും മറന്നിരിക്കാൻ വഴിയില്ല.

കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി നിർമല സീതാരാമൻ. വിഡിയോ ചിത്രം: PTI
കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി നിർമല സീതാരാമൻ. വിഡിയോ ചിത്രം: PTI

ജനങ്ങളുടെ കൈവശം പണം എത്തിച്ചാൽ മാത്രമേ ഇപ്പോഴത്തെ ദുർഘട സാഹചര്യത്തെ നേരിടാനാകൂ എന്ന അടിസ്ഥാന കാര്യമാണു ധനമന്ത്രി ബജറ്റിൽ മറക്കുന്നത്. അടുത്ത സാമ്പത്തികവർഷം 8 – 8.5% വളർച്ചയാണു സാമ്പത്തിക സർവേ പ്രവചിച്ചത്. സാമ്പത്തികമേഖലയിലെ മൊത്തത്തിലുള്ള ചലനങ്ങൾ കോവിഡിനു മുൻപുള്ള അവസ്ഥയെക്കാൾ മെച്ചപ്പെട്ടുവരുന്നതായും സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. അതു പക്ഷേ, കോവിഡ് കാലത്തെ സങ്കീർണപ്രശ്നങ്ങളെ ബജറ്റിൽ കാണാതിരിക്കാനുള്ള ന്യായമല്ല തന്നെ. ഉയർന്നുനിൽക്കുന്ന പണപ്പെരുപ്പം കുറഞ്ഞ വരുമാനക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ധനമന്ത്രി കണ്ടില്ല. തൊഴിലില്ലായ്മ രൂക്ഷമാകുമ്പോഴും ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെ ബജറ്റിൽ കാര്യമായി പരിഗണിച്ചില്ലെന്നും പദ്ധതിക്കു നീക്കിവച്ച തുക പോരെന്നുമുള്ള വിമർശനം ശക്തമാണ്. അസംഘടിതമേഖലയിൽ പ്രവർത്തിക്കുന്നവരുടെ കോവിഡ്കാല ദുരിതം ബജറ്റ് കാണുന്നതേയില്ല. ആരോഗ്യമേഖലയിൽ വലിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല.

ആദായനികുതി ഇളവു കാത്തിരുന്നവർ, നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ലെന്നറിഞ്ഞു നിരാശരായിരിക്കുകയാണ്. നികുതി റിട്ടേൺ നൽകുന്നതിലെ പരിഷ്കരണം കർശന ഉപാധികളുള്ളതാണ്. ബ്ലോക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്താൻ ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി ഉടൻ നിലവിൽ വരുമെന്നതു സ്വാഗതാർഹമായ തീരുമാനം തന്നെ. വെർച്വൽ ആസ്തികളുടെ ഇടപാടിലെ ലാഭത്തിനു 30% എന്ന ഉയർന്ന നിരക്കിൽ നികുതി ഏർപ്പെടുത്തിയിട്ടുമുണ്ട്. ഇതുവഴി ക്രിപ്‌റ്റോകറൻസി ഇടപാടുകൾക്ക് പരോക്ഷമായി നിയന്ത്രണം കൊണ്ടുവരാൻ സർക്കാരിനു കഴിഞ്ഞേക്കും.

5g-budget-2022

രാജ്യം 5ജിയിലേക്ക് ഉടൻ നീങ്ങുമെന്നതു പുതിയ കാലത്തോടുള്ള അഭിവാദ്യമാണ്. ബാറ്ററി സ്വാപ്പിങ് രീതി അനുവദിക്കുക വഴി ഇലക്ട്രിക് വാഹനങ്ങൾക്കു നൽകുന്ന പ്രോത്സാഹനം പരിസ്ഥിതിസൗഹൃദപരം തന്നെ. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കുമുളള കൈത്താങ്ങ് ബജറ്റിലെ തെളിച്ചങ്ങളാണ്. പ്രതിരോധരംഗത്തെ സ്വയംപര്യാപ്തതയ്ക്കായുളള നീക്കവും പ്രതീക്ഷ നൽകുന്നു. 1.5 ലക്ഷം തപാൽ ഓഫിസുകളിലേക്കു കോർ ബാങ്കിങ് സേവനങ്ങളെത്തിക്കാനുള്ള തീരുമാനവും ഏറെ സ്വാഗതാർഹമാണ്. സ്കൂൾ തലത്തിൽ ഓൺലൈൻ പഠനത്തിനു കൂടുതൽ ചാനലുകൾ, ഡിജിറ്റൽ സർവകലാശാല, ഗ്രാമങ്ങളിലേക്കുള്ള ഭാരത്‌നെറ്റ് ഒപ്റ്റിക്കൽ ഫൈബർ ശൃംഖല തുടങ്ങിയ പ്രഖ്യാപനങ്ങൾ ഈ മേഖലകളിലെല്ലാം മുൻപേ പറക്കുന്ന പക്ഷിയായ കേരളത്തിന് അധിക പ്രയോജനം ചെയ്തേക്കില്ല.

സംസ്ഥാനങ്ങളുമായി ചേർന്നുള്ള വികസനം ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. സംസ്ഥാനങ്ങൾക്കു സാധാരണ വായ്പയ്ക്കു പുറമേ, ഒരു ലക്ഷം കോടി രൂപ പലിശരഹിത വായ്പയായി അനുവദിക്കുന്നുമുണ്ട്. അതേസമയം, ജിഎസ്ടി നഷ്ടപരിഹാരം അഞ്ചു വർഷത്തേക്കു കൂടി നീട്ടുക എന്നതടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിന്റെ സൂചനയില്ല. കൂടുതൽ കേന്ദ്ര വിഹിതം, ദേശീയ ആരോഗ്യ മിഷനു 100% ഫണ്ട്, തിരിച്ചെത്തുന്ന പ്രവാസികൾക്കു പാക്കേജ്, വാക്സീൻ നിർമാണത്തിനു ഫണ്ട് തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.

ധനമന്ത്രി അവകാശപ്പെടുന്നത് 2047ലെ ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നുവെന്നാണ്. എന്നാൽ ഇക്കാര്യത്തിൽ സുപ്രധാന മേഖലകളിലെ വെല്ലുവിളികളെ അഭിസംബോധന െചയ്യുന്ന സമഗ്ര നയരേഖയാകാൻ കേന്ദ്ര ബജറ്റിനു കഴിഞ്ഞിട്ടില്ലെന്നതു പറയാതെവയ്യ.

English Summary: Union Budget-2022, Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com