ADVERTISEMENT

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം ഉയർത്തിക്കാട്ടിയ ചരിത്രകാരനായിരുന്നു ഇന്നലെ അന്തരിച്ച എം.ഗംഗാധരൻ. സാഹിത്യവിമർശന മേഖലയിലും അദ്ദേഹം നൽകിയതു ശ്രദ്ധേയ സംഭാവനകൾ

 

സാഹിത്യവിമർശകനും ചരിത്രകാരനുമായ എം.ഗംഗാധരൻ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു.   എഴുപതുകളിലെയും എൺപതുകളിലെയും സാഹിത്യ ചർച്ചകളിൽ നിറഞ്ഞുനിന്നിരുന്ന എം.ഗംഗാധരൻ ചരിത്രരചനാരംഗത്തു ശോഭിച്ച ഗവേഷകൻ കൂടിയായിരുന്നു. 1970നു ശേഷം മലബാർ കലാപം സംബന്ധിച്ച ചരിത്രരേഖകൾ പൊതുജനങ്ങൾക്കു തുറന്നുകിട്ടിയ സമയത്ത് അവ കേന്ദ്രീകരിച്ചു പഠനം നടത്തിയ ആദ്യ ചരിത്രകാരനാണു ഗംഗാധരൻ. മലബാർ കലാപമായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ വിഷയവും. കലാപത്തിന്റെ ചരിത്രപരവും സമകാലികവുമായ സാഹചര്യങ്ങളുടെ വിവരണത്തോടൊപ്പം കലാപത്തോടനുബന്ധിച്ചുണ്ടായ സംഭവങ്ങളുടെ വിലയിരുത്തൽകൂടിയാണ് ‘മലബാർ കലാപം’ എന്ന അദ്ദേഹത്തിന്റെ കൃതി. അനന്തരവനായ ഡോ.എം.ജി.എസ്.നാരായണനുമായി നല്ല അക്കാദമിക സൗഹൃദം പുലർത്തിയിരുന്നു എം.ഗംഗാധരൻ. 

ഗംഗാധരനുമൊത്തുള്ള ബാല്യകാല ജീവിതത്തെക്കുറിച്ച് എംജിഎസ് തന്റെ ആത്മകഥയായ ‘ജാലകങ്ങളി’ൽ ഇങ്ങനെ കുറിച്ചിരിക്കുന്നു: ‘പത്തായപ്പുരയുടെ കോണി കയറിച്ചെന്നാൽ മേലേത്തട്ടിൽ ഒരു വലിയ ഹാളും ചെറിയ കിടപ്പുമുറിയുമുണ്ട്. അവിടെ വലിയച്ഛനും വലിയമ്മയും എന്റെ അമ്മാവനെങ്കിലും ആറു മാസം മാത്രം എന്നെക്കാൾ കുറവുള്ള ഗംഗാധരനും എന്റെ താഴെയുള്ള രണ്ടു സഹോദരിമാരും ഞാനും താമസിച്ചു’. 

sivadasan
ഡോ.പി.ശിവദാസൻ

രണ്ടു തവണ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച എം.ഗംഗാധരൻ തന്റെ മികച്ച കഴിവുകൾ സാഹിത്യരംഗത്താണു കൂടുതൽ  പ്രയോഗിച്ചത്. എം.ഗോവിന്ദന്റെ ശിഷ്യപരമ്പരയിൽനിന്നു സ്വായത്തമാക്കിയ കഴിവുകളാണു സാഹിത്യ വിമർശനരംഗത്തു ശ്രദ്ധേയമായ കൃതികൾ രചിക്കുവാൻ അദ്ദേഹത്തിന് അവസരമൊരുക്കിയത്. 

ഗാന്ധിയൻ മൂല്യങ്ങളോടു ബന്ധം നിലനിർത്തിയിരുന്ന അദ്ദേഹം കേളപ്പജിയുടെ ആരാധകനായിരുന്നു, അങ്ങനെയാണു തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 

മഹാത്മാഗാന്ധിയെക്കുറിച്ചും വി.കെ.കൃഷ്ണമേനോനെക്കുറിച്ചും കൃതികളെഴുതിയ എം.ഗംഗാധരൻ ഒരു മാർക്സിസ്റ്റ് വിമർശകൻ കൂടിയായിരുന്നു. 

മാപ്പിള പഠനങ്ങൾ, വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി: മലബാർ കലാപത്തിലെ കലാപകാരികൾ, ദ് ലാൻഡ് ഓഫ് മലബാർ, ജാതിവ്യവസ്ഥ തുടങ്ങിയ പഠനങ്ങൾ അദ്ദേഹം ജനിച്ചുവളർന്ന പരപ്പനങ്ങാടിയിലെ അനുഭവങ്ങൾകൂടി ചാലിച്ചെഴുതിയവയാണ്. വിവിധ ജാതിമത സമൂഹങ്ങൾ ഒന്നിച്ചു ജീവിക്കുന്ന കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം ഉയർത്തിക്കാണിക്കുന്നവയാണ് എം.ഗംഗാധരൻ എന്ന ഗവേഷകന്റെ പഠനങ്ങൾ.

(കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം പ്രഫസറാണു ലേഖകൻ)

English Summary: Tribute to historian M.Gangadharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com