ADVERTISEMENT

പി.പത്മരാജന്റെ  ‘മഞ്ഞുകാലം നോറ്റ കുതിര’ എന്ന നോവലിലെ നായകൻ ആർക്കിടെക്ട് പ്രശാന്ത് മേനോൻ മുംബൈയിൽനിന്നു മൈസൂരുവിലെ ഡോ.ഖാന്റെ വസതിയിൽ എത്തിയപ്പോൾ പുറത്താരും ഉണ്ടായിരുന്നില്ല. കെപിസിസി സംഘടനാ ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ ഇന്ദിരാഭവനിൽ നിന്നു വി.ഡി. സതീശന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ എത്തിയപ്പോഴും ഇങ്ങനെതന്നെയായിരുന്നു.

പ്രശാന്ത് കോളിങ് ബെൽ അടിച്ചില്ല; രാധാകൃഷ്ണൻ കോളിങ് ബെൽ കണ്ടതുമില്ല. പക്ഷേ, രണ്ടുപേരും വരാന്തയിലൂടെ നടന്നു. പ്രശാന്ത് മനസ്സിൽ പറഞ്ഞു: ‘‘ആരും അറിയാതെ പരിസരം പഠിക്കുന്നതിൽ ഒരു സുഖമുണ്ട്; മയങ്ങുന്ന ഇരയെ തൊട്ടുണർത്തുന്നതുപോലെയുള്ള സുഖം.’’ രാധാകൃഷ്ണന്റെ മനസ്സിലും സമാന ചിന്തയായിരുന്നോ? അധികം വൈകാതെ പ്രശാന്തിന്റെ അടുത്തേക്കു പരിചാരക സാറ വന്നു. അവർ ഒരുമിച്ചു ഖാന്റെ മുറിയിലേക്കു നടന്നു. രാധാകൃഷ്ണനെ തേടി പക്ഷേ, ആരും വന്നില്ല. അതിനാൽ രംഗം അവിടെ അവസാനിച്ചില്ല. അദ്ദേഹം ജനാലയിലൂടെ തലയിട്ടു. സംസ്ഥാന, ജില്ലാ ഭാരവാഹികൾ, ഭാരംവഹിക്കാൻ അധ്വാനിക്കുന്നവർ....ഗ്രൂപ്പ് യോഗം തന്നെ!. രാധാകൃഷ്ണൻ അകത്തേക്കു കടക്കുന്നു; അകത്തിരുന്നവർ പുറത്തേക്കു ചാടുന്നു. രാത്രി 10 കഴിഞ്ഞു നടന്ന രംഗത്തിന്റെ തിരക്കഥ അരമണിക്കൂറിനുള്ളിൽ പുറത്ത്. ഗ്രൂപ്പ് യോഗത്തിനിടെ സുധാകർജിയുടെ റെയ്ഡ്. റെയ്ഡാപ്പീസറായി എത്തിയതു രാധാകൃഷ്ണൻ. 

പിറ്റേന്നു ഗ്രൂപ്പ് യോഗത്തെക്കുറിച്ചു ചോദിച്ചപ്പോൾ സതീശനു സഹിച്ചില്ല. ക്ഷോഭക്കടൽ പുറത്തേക്കു തള്ളാതെ നിയന്ത്രിച്ചുകൊണ്ടു പറഞ്ഞു:‘‘ഞാനോ? ഏതു ഗ്രൂപ്പിൽ? വേറെ ഒരു പണിയുമില്ലാത്തവന്മാരാണു ഗ്രൂപ്പുമായി നടക്കുന്നത്. എനിക്കു വേറെ ഒരുപാടു പണിയുണ്ട്.’’ വൈകിട്ടു സുധാകരനും തള്ളിപ്പറഞ്ഞു റെയ്ഡിനെ. 

അല്ലെങ്കിലും ഗ്രൂപ്പ് എവിടെ? അതിന്റെ നേതാക്കൾ ആര്? കോൺഗ്രസിൽ കൺഫ്യൂഷന്റെ കാലമാണിപ്പോൾ.    ഒസി സാർ എ ഗ്രൂപ്പിന്റെ നായകനാണെങ്കിൽ ചെന്നിനായൻ ഐയുടെ തലപ്പത്ത്. വേണുവേട്ടന്റെ ഓടക്കുഴൽ ഗ്രൂപ്പ് അണിയറയിൽ തിളയ്ക്കുന്നതേയുള്ളൂ. അതിൽ സതീശാദികളും സുധാകർജിയുമൊക്കെ ഉണ്ടെന്നാണു വയ്പ്. വയ്പേയുള്ളൂ, പുറത്തു വിളമ്പലില്ല. എ ഗ്രൂപ്പിനൊരു പ്രശ്നം വന്നാൽ ഐക്കാരൻ ചെന്നിനായൻ ഇടപെട്ടിരിക്കും കട്ടായം. എയുടെ രക്ഷാകർത്താവും ചെന്നിനായകനാണോ? ചില നേരങ്ങളിൽ അങ്ങനെയും തോന്നും. ഒസി സാറിനു ഗ്രൂപ്പില്ലേ? ചെന്നിനായകനു തീറെഴുതിയോ? ആകെ കൂട്ടുപിണഞ്ഞു കിടക്കുകയാണിപ്പോൾ. 

വെള്ളത്തിൽ കിടക്കുന്ന ഉറുമ്പുകൂട്ടം കണക്കെയാണിപ്പോൾ കോൺഗ്രസിലെ ഗ്രൂപ്പുകൾ. രാവിലെ കാണുന്ന ഉറുമ്പുകൂട്ടമായിരിക്കില്ല ഉച്ചയ്ക്ക്. വലിയ കൂട്ടത്തിൽ നിന്നു ചെറിയ കൂട്ടത്തിലേക്കു കുറെയേറെപ്പേർ കൂട്ടുചേർന്നിട്ടുണ്ടാകും. വൈകിട്ടാകുമ്പോൾ നാലഞ്ചു കൂട്ടങ്ങൾ ഉണ്ടായിരിക്കും. ഗ്രൂപ്പ് നേതാക്കളെ ആകർഷിക്കാൻ ഇടത്തരം നേതാക്കൾ നടത്തുന്ന അധ്വാനത്തിനു കണക്കില്ല. വി.ഡി.രാജപ്പന്റെ പഴയ ഹാസ്യകഥാപ്രസംഗം ഓർമവരും ചിലപ്പോൾ. ഉത്സവപ്പറമ്പിൽ പെൺകുട്ടികളുടെ ശ്രദ്ധയാകർഷിക്കാൻ രാജപ്പൻ നാലഞ്ച് ട്യൂബ് ലൈറ്റുകൾ ഒരുമിച്ചു കെട്ടിയ തൂണിന്റെ ചുവട്ടിൽ നിൽക്കും. കുറച്ചു കഴിയുമ്പോൾ വെട്ടം മുഖത്തടിത്തു ട്യൂബ് ഏതാ താനേതാ എന്നറിയാൻ പറ്റാത്ത അവസ്ഥ ! അതേഗതിയിലാണു ഗ്രൂപ്പും നേതാക്കളും കോൺഗ്രസിൽ.

അ.സാ. നേരിടാൻ അ.ന; അല്ലാതെ അഴിമതിയല്ല

അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ഭാരവാഹികളോട് ഒരഭ്യർഥനയുണ്ട്. മലയാള ഭാഷയ്ക്കു നൽകുന്ന സംഭാവനകൾ പരിഗണിച്ചു നിങ്ങൾ നൽകുന്ന ‘ഭാഷയ്ക്കൊരു ഡോളർ’ പുരസ്കാരം നമ്മുടെ ഭരണപുംഗവന്മാർക്കു നൽകണം. നാട്ടിൽ കൊലപാതകവും പീഡനവും ഉൾപ്പെടെയുള്ള ക്രിമിനൽ സംഭവങ്ങൾ മുടക്കമില്ലാതെ നടക്കുന്നുണ്ട്. അതിനെ ചുരുക്കിയൊതുക്കാൻ ഭരണ മേലാളർ പുതിയൊരു പ്രയോഗം കണ്ടെടുത്തിരിക്കുകയാണ് - ‘ഒറ്റപ്പെട്ട സംഭവം’.

weekly-notes2

ഒരു ഭൂപ്രദേശത്ത് ഒറ്റപ്പെട്ട സംഭവങ്ങൾ സ്വാഭാവികമല്ലേ? അതിനെ പൊതുവൽക്കരിക്കാമോ? ഈ ചോദ്യങ്ങൾ കൂടിയാകുമ്പോൾ സംഗതി കോംപ്ലിമെന്റ്സാകും!. ‘പിണറായിക്കാലത്തെ 1001 ഒറ്റപ്പെട്ട സംഭവങ്ങൾ’ എന്നൊരു പുസ്തകം കൂടി പുറത്തു വരുന്നുണ്ടത്രേ! പുതിയൊരു ആപ്തവാക്യം കൂടി ഭരണമുഖ്യൻ മലയാളത്തിനു സംഭാവന ചെയ്തു; ‘അസാധാരണ സാഹചര്യം നേരിടാൻ അസാധാരണ നടപടികൾ.’ കോവിഡ്കാലത്തു മരുന്നുകച്ചവടത്തിന്റെ മറവിൽ നടന്ന കോടികളുടെ കൊള്ള മറക്കാനാകുമോ? തെളിവുകളുമായി നിയമസഭയിൽ പ്രതിപക്ഷത്തിന്റെ നൃത്തനൃത്യങ്ങൾ, വെല്ലുവിളികൾ. ഭരണപക്ഷത്തിനു പറയാൻ മറുപടികളില്ല. ആക്രോശത്തോടെ ഭരണമുഖ്യൻ അഴിമതിയാരോപണങ്ങൾ തള്ളി. ‘കോവിഡ്കാലത്തെ അടിയന്തര ഇടപെടലുകളെ അഴിമതിയായി ചിത്രീകരിക്കാനാവില്ല. അസാധാരണ സാഹചര്യം നേരിടാൻ അസാധാരണ നടപടികൾ.’ എത്ര ലളിതം, അതിലേറെ സമഗ്രം. ഏതു കാലത്തെ ഭരണാധികാരിക്കും അഴിമതിക്കണക്കുകൾ മുഖാമുഖം നിൽക്കുമ്പോൾ എടുത്തു വീശാം. 

കോവിഡിൽ ജനതയാകെ നരകിച്ചപ്പോൾ അതിന്റെ മറവിൽ കോടികൾകൊണ്ടു സ്വർഗം പണിയുകയായിരുന്നു സർക്കാരിനൊപ്പം നീന്തുന്നവർ. മരുന്നും ഉപകരണങ്ങളും വാങ്ങാൻ മരുന്നുവാങ്ങൽ കോർപറേഷൻ ചെലവഴിച്ചത് 1600 കോടി രൂപ. വാങ്ങിയവിലയും കൊടുത്തവിലയും തമ്മിൽ കൂട്ടാൻ ശ്രമിക്കുമ്പോൾ അവ പരസ്പരം കരണത്തടിക്കുകയാണത്രേ!. ചില കണക്കുകൾ ഒട്ടും ചേരാതെ കണ്ണുരുട്ടി വിരട്ടുന്നു. കണക്കുകൾ ഒപ്പിക്കാൻ ഒടുവിൽ കംപ്യൂട്ടറിലെ രണ്ടായിരത്തോളം ഫയലുകൾ മായ്ച്ചുകളഞ്ഞു. എന്നിട്ടും അങ്ങോട്ട് ഒക്കുന്നില്ലെന്നേ കണക്കുകൾ. കൊള്ളയാകെ വിശദമാക്കാൻ നാലഞ്ചു കൊല്ലമെങ്കിലും വേണ്ടിവരും. 

പിപിഇ കിറ്റ് 550 രൂപ നിരക്കിൽ ഓർഡർ ചെയ്തു. അന്നു വൈകിട്ടുതന്നെ 1550 രൂപയ്ക്കു ലക്ഷക്കണക്കിനു കിറ്റുകൾ വാങ്ങാനും തീരുമാനിച്ചു. കാലിന്റെ വലുപ്പമുള്ള കയ്യും വിരലിന്റെ വലുപ്പത്തിൽ കാലുമൊക്കെയുള്ള പിപിഇ കിറ്റാണു വന്നത്. ആരോഗ്യപ്രവർത്തകർക്കു കയറിൽ തൂങ്ങി ഇറങ്ങേണ്ടിവന്നു കിറ്റിനുള്ളിലേക്ക്. കേരളത്തിലെ കമ്പനികൾ 7 രൂപയ്ക്കു ഗ്ലൗസുമായി പിറകേ നടന്നിട്ടും വാങ്ങിയില്ല. പുറത്തുനിന്നുള്ള കമ്പനികളിൽ നിന്നു 12 രൂപയ്ക്കു കച്ചവടം ഉറപ്പിച്ചു. ഇങ്ങനെ നൂറുകണക്കിനു ക്രമക്കേടുകൾ. ദിവസവും ആറുമണി അഭ്യാസത്തിനുള്ള കുറിപ്പടികൾ തയാറാക്കുന്ന തിരക്കിലായിരുന്നതിനാൽ വിജയമുഖ്യൻ ഒന്നും അറിഞ്ഞില്ല, 

കോടികൾ എവിടേക്ക് ഒഴുകിയെന്നോ ആരൊക്കെ വാങ്ങിയെന്നോ നിശ്ചയമില്ല. നിയമസഭയിൽ ആണയിട്ടു പറഞ്ഞിട്ടും വിഷ്ണുനാഥനും സതീശനാശാനും സമ്മതിക്കുന്നുമില്ല. നിപ്പയെ തള്ളിയോടിച്ചതിനുള്ള പുരസ്കാരം സ്വീകരിക്കൽ, കോവിഡ്കാലത്തു മരുന്നും മനസ്സമാധാനവുമില്ലാതെ അമേരിക്കയിൽ നിന്നു വിളിച്ചവർക്ക് ആശ്വാസം വിതറൽ, ലോകമാധ്യമങ്ങളുടെ അഭിമുഖം മുതൽ ആദരിക്കൽ വരെയുള്ള ചടങ്ങുകൾ... ഇതിനിടെ ഇവിടത്തെ കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാനായില്ല. ക്ഷമിക്കൂ, പ്ലീസ്. 

താണുവീണു പറഞ്ഞിട്ടും പ്രതിപക്ഷം പക്ഷേ, അടങ്ങുന്നില്ല. മുഖ്യന്റെ പുതിയ ന്യായം ഏത് അഴിമതിയെയും പാടേ മായിക്കും. ‘അ.സാ. നേരിടാൻ അ.ന. അല്ലാതെ അഴിമതി ലവലേശമില്ലെന്നുറപ്പ്’. 

കൂട്ടപ്പൊരിച്ചിലിനിടെ കൈ കോർത്താൽ...

കപ്പിനും ചുണ്ടിനും മധ്യേ നഷ്ടപ്പെട്ടുവെന്ന് ഇനി കേരള ബിജെപിയിൽ ആരും പറയില്ല. പൂട്ടിനും താക്കോലിനും മധ്യേ എന്നേ പറയൂ. സുരേട്ടന്റെ   കാസർകോട്ടു നിന്നാണു പുതിയ വിശേഷം. ജില്ലാ കമ്മിറ്റി ഓഫിസ് ബിജെപിക്കാർ പൂട്ടിയിട്ടു. ബിജെപിക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപിഎം അംഗത്തെ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അംഗമാക്കാൻ ബിജെപിക്കാർ സഹായിക്കാമോ? സുരേട്ടനോട് ഒരു വർഷം മുൻപു പറഞ്ഞു; ഇതു ശരിയല്ലെന്ന്. എന്തു ചെയ്യാൻ, തിരക്കായതിനാൽ തീരുമാനം എടുക്കാനായില്ലത്രേ ഏട്ടന്. 

കുമ്പള പഞ്ചായത്തിൽ ലീഗും കോൺഗ്രസും ഭരിക്കുന്നു. പ്രതിപക്ഷത്തു സിപിഎമ്മും ബിജെപിയും. രണ്ടിടത്തായി ഇരുന്നു മടുത്തപ്പോൾ ചെറുതായൊന്നു തോളിൽ  കയ്യിട്ടെന്നേയുള്ളൂ. അതുകൊണ്ടു രാഷ്ട്രീയ ശത്രുതയൊന്നും അവസാനിച്ചിട്ടില്ല കേട്ടോ. തോളിൽ കയ്യിട്ട് ഇരിക്കുകയല്ലേ? ആ നിലയ്ക്കു സ്ഥിരം സമിതി തിരഞ്ഞെടുപ്പു വന്നപ്പോൾ നൈസായൊന്നു കൈകോർത്തു മത്സരിച്ചു. കൂട്ടപ്പൊരിച്ചിലിൽ ആരും തിരിച്ചറിയാത്തതിനാലാകാം, ബിജെപിക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബിജെപിക്കാരുടെ വോട്ടുവാങ്ങി സ്ഥിരം സമിതിയിൽ! ഏതു പാർട്ടിയിലുമുണ്ടല്ലോ അന്തസ്സുള്ള പ്രവർത്തകർ. പ്രതിഷേധിച്ചു മടുത്ത അവർ ജില്ലാ കമ്മിറ്റി ഓഫിസ് പൂട്ടിയിട്ടു. പ്രശ്നങ്ങൾ അവിടെ അവസാനിച്ചിട്ടില്ല. സുരേട്ടനു കാസർകോടും പണി കൊടുക്കുകയാണോ?

കാസർകോട് ദൂരെയായതിനാൽ വിവരം ഇതുവരെ എകെജി സെന്ററിൽ അറിഞ്ഞിട്ടില്ല. ഇപ്പോൾ കോൺഗ്രസുകാർക്കു കാര്യം മനസ്സിലായില്ലേ? കാര്യങ്ങൾ കൃത്യമായി അറിയാൻ കൂടിയാണു സിൽവർലൈൻ. ആ പാത വന്നാൽ 3.52 മണിക്കൂർ കൊണ്ടു കാസർകോട്ടുനിന്നു യഥാർഥവിവരം എകെജി സെന്ററിൽ അറിഞ്ഞേനെ.  എങ്കിൽ, കുമ്പളയിലെ സഖാക്കളെ തിളച്ച എണ്ണയിലിട്ടു പുഴുങ്ങുകയും ചെയ്തേനെ!

 

സ്റ്റോപ് പ്രസ്: സിപിഎം പൊളിറ്റ്ബ്യൂറോയുടെയും കേന്ദ്രകമ്മിറ്റിയുടെയും അംഗസംഖ്യ കുറച്ചേക്കും. 

 

പാർട്ടിയുടെ തലസ്ഥാനവും മാറ്റാവുന്നതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com