ADVERTISEMENT

കേരളത്തിന്റെ വാർത്താവഴിയിൽ ശ്രദ്ധേയ സ്ഥാനമുള്ള ‘മാതൃഭൂമി’ ശതാബ്ദി വർഷത്തിലേക്കു പദമൂന്നുന്നു. സ്വാതന്ത്ര്യസമരത്തിന്റെ നെരിപ്പോടിൽ, ദേശീയതയുടെ സ്വപ്നങ്ങളുമായി പിറന്ന്, മലയാളിജീവിതത്തിൽ ആഴത്തിൽ വേരുപടർത്തിയ സഹോദരപത്രം നൂറിന്റെ നിറവിലേക്കെത്തുമ്പോൾ അഭിമാനത്തോടെയും അതിരറ്റ ആഹ്ലാദത്തോടെയും ‘മലയാള മനോരമ’ അഭിവാദ്യമർപ്പിക്കുകയാണ്.   

സമരതീക്ഷ്ണതയുടെ 99 വർഷങ്ങളാണു മാതൃഭൂമി പിന്നിടുന്നത്. ദേശീയ പ്രസ്ഥാനത്തെ സേവിക്കാനുള്ള ഉപകരണമായാണ് 1923 മാർച്ച് പതിനെട്ടിനു മാതൃഭൂമി മലബാറിലെ വായനക്കാരിൽ എത്തിത്തുടങ്ങിയതെങ്കിലും സ്വാതന്ത്ര്യത്തിൽ അവസാനിക്കുന്നതായിരുന്നില്ല പത്രത്തിന്റെ ആത്യന്തിക ലക്ഷ്യം. ആദ്യത്തെ മുഖപ്രസംഗത്തിലെഴുതിയതുപോലെ, മനുഷ്യജീവിതത്തെ മഹത്തായെ‍ാരു ബാധ്യതയായും ദേശീയ സ്വാതന്ത്ര്യത്തെ ആ ബാധ്യത നിറവേറ്റുന്നതിനുവേണ്ട സാഹചര്യം സൃഷ്ടിക്കുന്നതിനാവശ്യമായ ഉപാധിയായുമാണു മാതൃഭൂമി വീക്ഷിച്ചത്. ആ വലിയ ലക്ഷ്യത്തിലേക്കുള്ള യാത്ര ശ്രദ്ധേയമായെ‍ാരു നാഴികക്കല്ലിലെത്തുകയാണ് ഇപ്പോൾ.

സ്വാതന്ത്ര്യ സമരത്തിന്റെ അമരത്തുനിന്ന മഹാരഥന്മാരുടെ ചിന്തകളിൽ മുളപൊട്ടിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണു മാതൃഭൂമി. 1921 ഏപ്രിലിൽ കോൺഗ്രസിന്റെ ചരിത്രപ്രസിദ്ധമായ ഒറ്റപ്പാലം സമ്മേളനത്തോടെ വേരുറച്ചതു രണ്ട് ആശയങ്ങൾക്കാണ്. ആദ്യത്തേത് െഎക്യകേരളം. രണ്ടാമത്തേതു മാതൃഭൂമിയും. ഒറ്റപ്പാലം സമ്മേളനം കഴിഞ്ഞു രണ്ടു വർഷത്തിനകം മാതൃഭൂമി പിറക്കുകയും ചെയ്തു. കെ.പി.കേശവമേനോൻ, കെ.മാധവൻ നായർ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, കെ.കേളപ്പൻ തുടങ്ങിയ മഹാരഥന്മാരുടെ കൂട്ടായ്മയിലും നേതൃത്വത്തിലും നിർവഹണത്തിലും മാതൃഭൂമി ചരിത്രത്തിൽ വളർന്നുപന്തലിച്ചു. ഇപ്പോഴിതാ, ശതാബ്ദി വർഷത്തിലേക്കു ധന്യതയോടെ പ്രവേശിക്കുന്നു. 

ചരിത്രത്തിലൂടെയുള്ള ഈ പ്രയാണം എപ്പോഴും മിനുമിനുത്ത പാതകളിലൂടെയായിരുന്നില്ല. പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്ന ഒരു പത്രത്തിനും അത് അങ്ങനെയാകുകയുമില്ല. സ്വാതന്ത്ര്യസമര സന്ദേശത്തിന്റെ പ്രചാരണം ലക്ഷ്യമിട്ട മാതൃഭൂമിക്കും ബ്രിട്ടിഷ് ഭരണാധികാരികൾ ഏറെ ക്ലേശങ്ങൾ സൃഷ്ടിച്ചു. സ്ഥാപിതമായ 1888 മുതൽ പ്രതിബദ്ധതയുടെ മാധ്യമവഴികളിലൂടെ സഞ്ചരിച്ച മലയാള മനോരമ, നീതിക്കുവേണ്ടിയും സ്വേച്ഛാധിപത്യത്തിനെതിരെയും ശബ്‌ദമുയർത്തിയതുകൊണ്ട് ഒൻപതു വർഷം നിശ്ശബ്‌ദമാക്കപ്പെട്ടതും ഈ വേളയിൽ ഓർമിച്ചുപോകുന്നു. അതുകൊണ്ടുതന്നെ, നമ്മുടെ രാജ്യം സ്വാതന്ത്യ്രം നേടിയ വലിയ വാർത്ത റിപ്പോർട്ട് ചെയ്യാൻപോലും മനോരമയ്ക്ക് അവസരം നിഷേധിക്കപ്പെട്ടു. എന്നിട്ടും, സ്വാതന്ത്യ്രത്തിലേക്കു തിരിച്ചുവരവുണ്ടായത് ഈ നാടിന്റെയാകെ കൈത്താങ്ങു കൊണ്ടാണ്.

സ്ഥാപനകാലം തെ‍ാട്ടുള്ള ആവേശവും പ്രതിബദ്ധതയുമാണ് ഈ പുതിയ കാലത്തിലൂടെയും മാതൃഭൂമിയെ നയിക്കുന്നത്. ഏറ്റവുമധികം കാലം മാനേജിങ് ഡയറക്ടറായിരുന്ന എം.പി.വീരേന്ദ്രകുമാറാണ്, കാലത്തിന്റെ ചുവരെഴുത്തുകൾ ഉൾക്കെ‍ാണ്ട് മാതൃഭൂമിയെ സാങ്കേതികമായി ശാക്തീകരിച്ചത്. കേരള നവോത്ഥാനത്തിന്റെ ചാലകശക്തിയായി പ്രവർത്തിച്ച മലയാള പത്രങ്ങളിൽ മാതൃഭൂമി മുൻനിരയിലാണ്. കേരളത്തിന്റെ സാമൂഹിക – സാംസ്കാരിക ജീവിതത്തിൽ ഈ പത്രം പുലർത്തിയ മാതൃകാപരമായ സമർപ്പണം ചരിത്രം എന്നും എടുത്തുവയ്ക്കും. സ്ഥാപകർ പകർന്നുനൽകിയ മൂല്യവത്തായ പത്രധർമത്തിന്റെ ഫലശ്രുതികളിലെ‍ാന്നാണ് ഈ ശതാബ്ദിവേള.  

മനോരമയ്ക്ക് ഒരു സഹപത്രം മാത്രമല്ല മാതൃഭൂമി, സഹോദര പത്രംതന്നെയാണ്. എത്രയോ നിർണായക വേളകളിൽ കൈകോർത്തു മുന്നേറിയിട്ടുണ്ട് ഇരു പത്രങ്ങളും. മാധ്യമ സ്വാതന്ത്ര്യത്തിനുനേരെ ഏറെ വെല്ലുവിളികൾ ഉയരുന്ന ഈ കാലത്ത്, മലയാളത്തിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച് ഇനിയുമെത്രയോ ദൂരം ഒരുമിച്ചുമുന്നേറാനുമുണ്ട്. മതനിരപേക്ഷതയിലും ജനാധിപത്യത്തിലുമൂന്നിയ മൂല്യവത്തായ പത്രപ്രവർത്തനം എന്നും സാമൂഹിക തിന്മകൾക്കെതിരെയുള്ള പോരാട്ടം തന്നെയാണ്.

മാതൃഭൂമിക്ക് എല്ലാ ഭാവുകങ്ങളും വിജയങ്ങളും ഹൃദയപൂർവം ആശംസിക്കുന്നു.

 

English Summary: Malayalam newspaper Mathrubhumi @ 100

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com