ADVERTISEMENT

ദുർവിധികളത്രയും ഏറ്റുവാങ്ങി, തങ്ങളാരെന്നോ എവിടെയെന്നോ ഇനി എങ്ങനെയെന്നോ തിരിച്ചറിയാതെ ജീവിതം തള്ളിനീക്കുന്ന എത്രയോ പേർ നമുക്കെ‍ാപ്പമുണ്ട്. സമൂഹത്തിന്റെയും സർക്കാർ സംവിധാനങ്ങളുടെയും ശ്രദ്ധയും കരുതലും കിട്ടേണ്ടവരാണു മനോദൗർബല്യമുള്ളവർ. മനസ്സിന്റെ സമനില തെറ്റി, ജീവിതം വഴിമുട്ടിനിൽക്കുന്നവർക്ക് ആശ്രയവും ചികിത്സയും നൽകാൻ സമർപ്പണത്തോടെ പ്രവർത്തിക്കേണ്ടതാണു സർക്കാരിന്റെ മാനസികാരോഗ്യ കേന്ദ്രങ്ങളെന്നാണു സങ്കൽപം. എന്നാൽ‌, ഈ സ്ഥാപനങ്ങൾ ഇവർക്കു നൽകുന്ന സൗകര്യങ്ങളിലും ശ്രദ്ധയിലും ഈ സമർപ്പണം അവകാശപ്പെടാനാകുമോ?

ലോക സ്കിസോഫ്രീനിയ ദിനമായി ആചരിച്ച ചൊവ്വാഴ്ച ഈ അശരണരുടെ സങ്കടജീവിതങ്ങളിലേക്ക് മലയാള മനോരമ സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുകയുണ്ടായി. തിരുവനന്തപുരം ഊളൻപാറ, കോഴിക്കോട് കുതിരവട്ടം, തൃശൂർ പടിഞ്ഞാറേക്കോട്ട എന്നിവിടങ്ങളിലെ സർക്കാർ വക മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നടത്തിയ അന്വേഷണം പരിഷ്കൃത സമൂഹത്തിനുമുന്നിൽ ഗൗരവമുള്ള ചോദ്യങ്ങളാണുയർത്തുന്നത്. മനോദൗർബല്യമുള്ളവരുടെ മനുഷ്യാവകാശങ്ങൾ ആദരിക്കപ്പെടണമെന്ന ബോധ്യത്തോടെ, ലോകം മുഴുവൻ കരുതലോടെയും ദയയോടെയും പ്രവർത്തിക്കുമ്പോൾ ‘ആരോഗ്യകേരളം’ അതു മറക്കുന്നതെന്തുകെ‍ാണ്ടാണ്?

നമ്മുടെ മാനസികാരോഗ്യ കേന്ദ്രങ്ങൾ നേരിടുന്ന പരിമിതികളേറെയാണ്. അശാസ്ത്രീയമായ സ്റ്റാഫ് പാറ്റേണിൽനിന്നു തുടങ്ങാം. സാധാരണ ആശുപത്രികളിലെ അതേ അനുപാതമായ 6 രോഗികൾക്ക് ഒരു നഴ്സും അറ്റൻഡറും എന്നത് മൂന്നു രോഗികൾക്കെന്ന വിധമാക്കിയാലേ 3 ഷിഫ്റ്റുകളിലായി പരിചരണം ഉറപ്പാക്കാനാകൂ എന്നു മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചാടിപ്പോകൽ മുതൽ ആത്മഹത്യകളും കൊലപാതകങ്ങളും വരെ പലപ്പോഴും ഉണ്ടാകുന്നു എന്നത് ഇവിടങ്ങളിലെ പാളിച്ചകൾക്കു തെളിവാണ്.

സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങൾ നേരിടുന്ന മുഖ്യ വെല്ലുവിളി വ്യക്തമാണ്: താങ്ങാനാവാത്തത്ര രോഗികൾ. രോഗം ഭേദമായിട്ടും ആരും ഏറ്റെടുക്കാനില്ലാതെയും പോകാൻ ഇടമില്ലാതെയും മൂന്നു മാനസികാരോഗ്യ കേന്ദ്രങ്ങളിലുമായി കഴിയുന്നതു നൂറുകണക്കിനു പേരാണ്. സർക്കാർ ഗ്രാന്റ് നൽകുന്ന പുനരധിവാസ കേന്ദ്രങ്ങളെല്ലാം നിറഞ്ഞിരിക്കുന്നു. കൂടുതൽ അഭയകേന്ദ്രങ്ങൾ ആരംഭിച്ച്, രോഗം ഭേദമായവരെ അവിടേക്കു മാറ്റിയാൽ തിരക്കു കുറയ്ക്കാനാകും. ഇപ്പോൾ കേരളത്തിലെ മാനസികാരോഗ്യകേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കപ്പെടുന്നതിൽ നല്ലൊരു ശതമാനം ഇതരസംസ്ഥാനക്കാരാണ്. ഇവരെ ചികിത്സിച്ചു ഭേദമാക്കിയാലും തിരികെ അയയ്ക്കാൻ കഴിയാറില്ല.

മനോദൗർബല്യമുള്ളവർക്ക് എത്രത്തോളം ശ്രദ്ധ നൽകുന്നുണ്ടെന്നതിൽ സർക്കാർ തീർച്ചയായും ആത്മപരിശോധന നടത്തേണ്ടതുണ്ട്. 2016ലെ ദേശീയ മാനസികാരോഗ്യ സർവേ പ്രകാരം, കേരളത്തിലെ മൊത്തം ജനങ്ങളിൽ 11.36% പേർ വിവിധ തരത്തിലുള്ള മാനസിക ദൗർബല്യങ്ങൾ നേരിടുന്നവരാണ്. എന്നാൽ, കേരളത്തിന്റെ ആരോഗ്യബജറ്റിന്റെ 1.16% മാത്രമാണ് മാനസികാരോഗ്യ മേഖലയ്ക്കുവേണ്ടി നീക്കിവയ്ക്കുന്നത് എന്നതിൽതന്നെ അവഗണന പ്രകടമല്ലേ? രാജഭരണകാലത്തു കേരളത്തിൽ സ്ഥാപിക്കപ്പെട്ട മൂന്നു സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങൾക്കപ്പുറത്തേക്ക് എന്തുകൊണ്ടു നമ്മുടെ മാനസികാരോഗ്യ ചികിത്സാ പദ്ധതികൾ വളർന്നില്ലെന്നതു ഗൗരവമുള്ള ചോദ്യമാണ്. ജില്ലാ ആശുപത്രികളോടനുബന്ധിച്ചു പ്രാദേശിക ചികിത്സാകേന്ദ്രങ്ങൾ തുറക്കാവുന്നതല്ലേ? കുതിരവട്ടം കേന്ദ്രത്തിലെ രോഗികൾക്കു വിതരണം ചെയ്യുന്ന മരുന്നുകളിൽ ഏറെയും ഗുണനിലവാരം കുറഞ്ഞ കമ്പനിയുടേതെന്നു വിവരാവകാശ രേഖകൾ പറയുന്നതും ഗൗരവമുള്ള കാര്യമാണ്.

മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടേണ്ടിവരുന്നവർക്കു ജീവിതകാലം മുഴുവൻ അപമാനത്തിന്റെ മുദ്രപോലെ രോഗി എന്ന ഇരട്ടപ്പേരു വീഴുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രോഗിക്കൊപ്പം സമൂഹത്തിനുകൂടി ചികിത്സ നൽകണമെന്ന ചിന്ത ശക്‌തമാകുന്നത്. കണ്ണീരിന്റെ നനവില്ലാതെ, ഒറ്റപ്പെടലിന്റെ വേദനയില്ലാതെ, ബന്ധനത്തിന്റെ ചങ്ങലക്കിലുക്കങ്ങൾ കേൾക്കാതെ ജീവിക്കാൻ മനോദൗർബല്യമുള്ളവർക്കും അവകാശമുണ്ട്. ഇക്കാര്യം മറക്കുമ്പോൾ ജീവിതത്തിന്റെ സൗഭാഗ്യമെന്നു പറയാവുന്ന സ്വബോധത്തെയാണു നാം മറക്കുന്നത്.

English Summary: Schizophrenia Patients

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com