തവിയിൽ വിളമ്പുന്ന ഗുണപാഠങ്ങൾ
Mail This Article
സിപിഎം പിന്തുണയോടെ എംഎൽഎയായ സ്വതന്ത്രൻ എന്ന നിലയിൽ കെ.ടി.ജലീൽ അർധസഖാവാണ്. മുഖ്യമന്ത്രിയുൾപ്പെടെയുള്ള നേതാക്കൾ ജലീലിന്റെ കശ്മീർനയം തള്ളിപ്പറഞ്ഞതോടെ അരയിൽനിന്ന് കാലിറങ്ങിപ്പോയി; ഇപ്പോൾ കാൽസഖാവ്. കാൽസഖാവും സംഘവും കശ്മീരിൽ പോയത് അവിടത്തെ സ്വാതന്ത്ര്യ ജൂബിലിയാഘോഷങ്ങളിൽ സംബന്ധിക്കാനോ മറ്റോ ആയിരിക്കുമെന്നാണ് അപ്പുക്കുട്ടൻ വിചാരിച്ചത്. അല്ല സർ, എ.സി. മൊയ്തീൻ എംഎൽഎ അധ്യക്ഷനായുള്ള നിയമസഭാ സമിതിയുടെ കശ്മീർ സന്ദർശനത്തിന്റെ ഭാഗമായിരുന്നു അത്. കമ്മിറ്റിയുടെ പേര് പ്രവാസി ക്ഷേമകാര്യ സമിതി.വിവിധ സംസ്ഥാനങ്ങളിൽ സിറ്റിങ് നടത്തിനടത്തി കശ്മീരിലെത്തിയതായിരുന്നു സംഘം.
കേരളത്തിൽനിന്ന് എത്ര പ്രവാസികൾ കശ്മീരിലുണ്ട്, ചോദ്യം തിരിച്ചിട്ടാൽ കശ്മീരിൽനിന്നുള്ള എത്ര പ്രവാസികൾ കേരളത്തിലുണ്ട്, ഇരുകൂട്ടർക്കും ക്ഷേമമല്ലേ എന്നന്വേഷിക്കാനായിരുന്നിരിക്കണം കശ്മീർ സിറ്റിങ്. ബംഗാളിൽനിന്നും അസമിൽനിന്നുമൊക്കെയുള്ള ആഭ്യന്തര പ്രവാസികൾ കേരളത്തിൽ ധാരാളമുള്ളതുപോലെ കൂടുതൽ കശ്മീരികൾ കേരളത്തിലേക്കു വരണം എന്നു ക്ഷണിക്കാനായിരുന്നോ എന്നുമറിയില്ല.
ഇതൊന്നുമല്ലെങ്കിൽ, പ്രവാസി ക്ഷേമകാര്യ സമിതിക്കു കശ്മീരിൽ എന്താണു കാര്യം എന്ന ചോദ്യമുയരും. കശ്മീരിലെത്തിയ നിയമസഭാ കമ്മിറ്റി അവിടത്തെ ഗവർണറെക്കണ്ടു സംസാരിച്ചു എന്നു വാർത്ത വന്നിട്ടുണ്ട്. എന്താണു സംസാരിച്ചതെന്നു സമിതിയംഗങ്ങളിലാർക്കെങ്കിലും അറിയുമോ എന്നു വ്യക്തമല്ല. പൊതുഖജനാവിലെ പണം ചെലവഴിച്ചു പ്രവാസി ക്ഷേമകാര്യസമിതി കശ്മീരിൽപ്പോയത് എന്തിനാണെങ്കിലും കാൽസഖാവു പോയത് ഒരേയൊരു കാര്യത്തിനാണെന്ന് അദ്ദേഹത്തിന്റെ ഫെയ്സ്ബുക് കുറിപ്പുകളിൽനിന്നു വ്യക്തം.
അദ്ദേഹം പോയത് ഇൻവെർട്ടഡ് കോമ ഇടാൻവേണ്ടിയാണത്രേ. കശ്മീർ കേന്ദ്ര ഭരണപ്രദേശമായതിനാൽ ഒന്നല്ല, രണ്ടു കോമ വീതം ഇടാൻ അദ്ദേഹം തീരുമാനിച്ചു. ഡബിൾ ഇൻവെർട്ടഡ് കോമയിട്ടാലുള്ള ഗുണങ്ങളെപ്പറ്റി ബോധവൽക്കരിക്കുകയും അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയായിരുന്നു. ഡബിൾ ഇൻവെർട്ടഡ് കോമയിടുന്നതോടെ ഉദ്ധരണി ബലപ്പെടുമെന്നും പിന്നീട് ആ ഉദ്ധരണിയെ ആർക്കും തൊടാൻ കഴിയില്ലെന്നും അറിയാത്തവരോട് അദ്ദേഹം സഹതപിക്കുകയും ചെയ്തു. ഉദ്ധരണിക്കു പക്ഷേ, ചെറിയ തവി എന്നും അർത്ഥമുണ്ടെന്ന് അപ്പുക്കുട്ടൻ കണ്ടുപിടിച്ചു. തവിക്ക് ഇൻവെർട്ടഡോ അല്ലാത്തതോ ആയ കോമകൾ വേണ്ട എന്നതാണു വലിയൊരു സൗകര്യം. തവി തിരിച്ചുപിടിച്ചുള്ള പ്രയോഗങ്ങളും പ്രയോജനങ്ങളും വേറെ. ഇരുതവിയറിയരുതെന്നേയുള്ളു.
English Summary: Jaleel withdraws controversial remark– Tharangangalil Panachi