ADVERTISEMENT

രാജ്യത്ത് ലഹരി ഉപയോഗം വല്ലാതെ വർധിക്കുന്നു. ഇതുമായി ബന്ധപ്പെട്ട മരണങ്ങളും ഏറുകയാണ്. കാലഹരണപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്തിയേ തീരൂ

അടുത്തകാലത്തായി ഇന്ത്യയിൽ ലഹരിമരുന്ന് ഉപയോഗം വർധിക്കുന്നതായാണു കാണുന്നത്, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ. സുപ്രീംകോടതി നിർദേശപ്രകാരം കേന്ദ്രസർക്കാർ നടത്തിയ സർവേയിൽ തെളിഞ്ഞത് പത്തിനും 17 ഇടയിൽ പ്രായമുള്ളവരിൽ 1.58 കോടിയോളം പേർ വിവിധ ലഹരിമരുന്നുകൾക്ക് അടിമകളാണെന്നാണ്. ഇതേ സർവേയിൽതന്നെ തെളിഞ്ഞ മറ്റൊരു ഞെട്ടിപ്പിക്കുന്ന വിവരം 3.1 കോടി ആളുകൾ കഞ്ചാവ് ഉപയോഗിക്കുന്നവരും 2.26 കോടി ആളുകൾ വേദനസംഹാരികൾ പോലെയുള്ള മരുന്നുകൾ ലഹരിക്കായി ഉപയോഗിക്കുന്നവരും ആണെന്നാണ്. 25 മുതൽ 77 ലക്ഷം വരെ ആളുകൾ രണ്ടിനും അടിമകളാണ്. മരുന്നുകൾ ലഹരിക്കായി ഉപയോഗിക്കുന്നവരിൽ ഇന്ത്യക്കാർ ലോക ശരാശരിയെക്കാൾ മൂന്നിരട്ടിയാണ്. 

കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ്. ലഹരി ഉപയോഗം മൂലമുണ്ടാകുന്ന മരണങ്ങളും വർധിക്കുന്നു. ആത്മഹത്യകളും അമിത ലഹരി ഉപയോഗവും ദീർഘകാല ഉപയോഗവും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന മരണങ്ങളുമാണ് അവ. 2021ലെ നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് (എൻഡിപിഎസ്) നിയമപ്രകാരം 10 ലക്ഷത്തിലധികം കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ലഹരിമരുന്ന് കടത്ത്, വിൽപന, ഉപയോഗം എന്നിവയും പതിന്മടങ്ങു വർധിച്ചിരിക്കുന്നു. ലഹരി ഉപയോഗവും മദ്യാസക്തിയും മൂലം 2018ൽ 7193 മരണങ്ങളുണ്ടായപ്പോൾ 2021ൽ അത് 10,560 ആയി. 2022ലെ കണക്ക് ഇതിലും ഉയരാനാണു സാധ്യത.

ഇതൊരു ദേശീയ പ്രതിസന്ധിയാണ്. എന്നാൽ, കേരളത്തിന്റെ കാര്യത്തിലും നമുക്ക് ആശ്വസിക്കാൻ ഒന്നുമില്ല. കേസുകളുടെ എണ്ണം നോക്കിയാൽ ഇവിടെയും ലഹരി ഉപയോഗം വല്ലാതെ വർധിക്കുന്നതായി കാണാം. 2019– 2021 കാലയളവിൽ വർഷം ശരാശരി കേസുകൾ 6409 ആയിരുന്നെങ്കിൽ ഈ വർഷം ഓഗസ്റ്റ് വരെ മാത്രം 16,128 കേസുകൾ റജിസ്റ്റർ ചെയ്യപ്പെട്ടു. ഈ കാലയളവിൽ 17,834 അറസ്റ്റുകളും രേഖപ്പെടുത്തി. 2019-21 കാലയളവിൽ അറസ്റ്റ് വർഷം ശരാശരി 7693 മാത്രമായിരുന്നു. സെപ്റ്റംബറിൽ നാലു ദിവസത്തിനുള്ളിൽ എടുത്തത് 652 ലഹരിക്കേസുകളാണ്. രാസലഹരി ഉപയോഗവും പെരുകുന്നു. മാനസികാരോഗ്യ പ്രശ്നങ്ങൾ, അവയവനാശം, അകാലമരണങ്ങൾ എന്നിവ ദുരന്തങ്ങളായി പിന്നാലെ വരുന്നു. 

കേരളത്തിനുപുറത്തുള്ള വൻനഗരങ്ങളിൽ നിന്നാണ് രഹസ്യ ചരക്കു സർവീസുകൾ വഴിയും കുറിയർ മാർഗവും ലഹരി മരുന്ന് കൂടുതലായി എത്തുന്നത്. സംസ്ഥാനത്തിനു പുറത്തുള്ള മലയാളി വിദ്യാർഥികളെ വാഹകരായി ഉപയോഗിച്ചു കേരളത്തിൽ ലഹരി മരുന്നു മാഫിയ പിടിമുറുക്കുന്നു എന്നതാണ് ഏറ്റവും നിർഭാഗ്യകരമായ കാര്യം. ഡാർക്ക് വെബ് വഴിയുള്ള രാജ്യാന്തര വിപണനവും അസാധാരണമല്ല. 

കണക്കുകളനുസരിച്ച്, കേരളത്തിലെ സ്കൂൾ –കോളജ് വിദ്യാർഥികൾക്കിടയിലുള്ള ലഹരി ഉപയോഗം അഞ്ചുവർഷമായി ഉയർന്നുകൊണ്ടേയിരിക്കുന്നു. സംസ്ഥാനത്തിന്റെ ഭാവി ആശങ്കയിലാക്കുന്നതാണിത്. അതേസമയം, ദേശീയ ലഹരി വിമുക്തി പദ്ധതിയുടെ സഹായം തേടി ജീവിതത്തിലേക്കു തിരിച്ചുവരുന്നവരുടെ എണ്ണം കുറയുന്നു. 2017–18ൽ 6642 പേർ വിമുക്തി നേടിയപ്പോൾ 2021– 22ൽ കണക്ക് 4887 മാത്രമാണ്. 

വിവിധ സാമൂഹിക പ്രസ്ഥാനങ്ങളും മതനേതൃത്വങ്ങളും യുവജനസംഘടനകളുമൊക്കെ ലഹരിവിരുദ്ധ ക്യാംപെയ്നുകൾ ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ട്. എന്നാൽ, ഈ അപകടസാഹചര്യത്തെ നേരിടാൻ ഈ പ്രചാരണങ്ങൾ മതിയാവില്ല. ലഹരിവിരുദ്ധ ബോധവൽക്കരണം തീർച്ചയായും അത്യാവശ്യമാണ്. അതോടൊപ്പം, ലഹരി തടയാൻ നിരീക്ഷണ, നിയന്ത്രണ പദ്ധതികളും ശക്തമാക്കണം. ലഹരി ഉൽപാദനവും വിതരണവും കടുത്ത നടപടികളിലൂടെ തടയേണ്ടതുണ്ട്. 

ദേശീയതലത്തിൽ പല നിയമങ്ങളിലും മാറ്റം വേണം. എൻഡിപിഎസ് ആക്ട് (1985) കാലഹരണപ്പെട്ടതും മാറ്റങ്ങൾ ആവശ്യമുള്ളതുമാണ്. ചെറിയ അളവിൽ കഞ്ചാവിന്റെ ഉപയോഗം ആരോഗ്യപരമായി സഹായകരമാണെന്ന വാദവുമുണ്ട്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോ. അംബേദ്കർ ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെ: ഉപദ്രവം കുറഞ്ഞ ലഹരി വസ്തു ലഭിച്ചില്ലെങ്കിൽ അതിന്റെ സ്ഥാനത്ത് മറ്റൊന്നു വരും; ഒരുപക്ഷേ കൂടുതൽ ഉപദ്രവകാരിയായത്. ഉദാഹരണത്തിന്, ഇന്ത്യയിൽ കഞ്ചാവ് നിരോധിക്കുകയും അതു കൈവശം വയ്ക്കുന്നതു കുറ്റകൃത്യമാണെന്ന നിയമം ഉണ്ടാവുകയും ചെയ്തപ്പോൾ ഹെറോയിന്റെ ഉപയോഗം കൂടി. 

ഇപ്പോൾ നിരോധിത പട്ടികയിൽപെടുത്തിയിട്ടുള്ള മരുന്നുകളുടെയും രാസവസ്തുക്കളുടെയും എണ്ണം വിപുലപ്പെടുത്തണം. ഒട്ടേറെ രാസവസ്തുക്കൾ ലഹരി വിതരണക്കാരുടെ കൈവശമെത്തുന്നത് ഉറപ്പായും തടയണം. അതുപോലെതന്നെ ലഹരി വിതരണക്കാർക്ക് എതിരെയുള്ള ശിക്ഷ കടുപ്പിക്കണം. ഒപ്പം, ലഹരി ഉപയോഗക്കാരും വിതരണക്കാരും രണ്ടാണെന്നു സർക്കാർ തിരിച്ചറിയണം. കുറഞ്ഞ അളവിൽ കഞ്ചാവ് വ്യക്തിപരമായി ഉപയോഗിക്കുന്നതു കുറ്റകൃത്യമല്ല എന്നു കണക്കാക്കണം. മദ്യവും പുകയിലയുംപോലെ അതിനു നികുതി ചുമത്തണം. അമിത ലഹരി ഉപയോഗങ്ങൾക്കു ഭരണകൂടം കൃത്യമായ ചികിത്സ നൽകുകയും വേണം.

ലഹരിക്ക് അടിമപ്പെടുക എന്നത് ഒരു രോഗമായി ഈ നിയമം കാണുന്നില്ല. ലഹരിവസ്തുക്കൾ വിൽക്കുന്നവരെയും അതു വ്യക്തിപരമായ ഉപയോഗത്തിനു കൈവശം വയ്ക്കുന്നവരെയും ഒരുപോലെ കുറ്റക്കാരായാണു കാണുന്നത്. ലഹരിക്ക് അടിമപ്പെട്ടു പോയവരെയും അവരുടെ കുടുംബത്തെയും ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനു സഹായിക്കുന്നതിനു പകരം സർക്കാർ ചെയ്യുന്നത് ലഹരി ഉപയോഗത്തിനു ശിക്ഷ വിധിക്കുക എന്നതാണ്. ലഹരിയിലേക്ക് ആളുകളെ നയിക്കുന്നതു തൊഴിലില്ലായ്മ, ദാരിദ്ര്യം, സമ്മർദം, മറ്റു മാനസിക പ്രശ്നങ്ങൾ തുടങ്ങിയവയാണെന്നും ഈ അവസ്ഥയെ പിഴ അടപ്പിച്ച് ഒഴിവാക്കാൻ പറ്റില്ലെന്നും സർക്കാർ മനസ്സിലാക്കണം. കൂടുതൽ അനുതാപപൂർണമായ നയസമീപനമാണ് ഈ വിഷയം ആവശ്യപ്പെടുന്നത്.

വാൽക്കഷണം

പാർലമെന്റിന്റെ ശീതകാല സമ്മേളനം ആറു ദിവസം മുൻപേ, ഡിസംബർ 23ന് അവസാനിപ്പിച്ചു. ഇത്തവണ വളരെ വൈകി ഡിസംബർ ഏഴിനു മാത്രമായിരുന്നു സമ്മേളനം തുടങ്ങിയത്. യുപിഎ സർക്കാരിന്റെ കാലത്ത് ശീതകാല സമ്മേളനം നവംബർ പതിനഞ്ചോടെ ആരംഭിച്ചു ക്രിസ്മസിനു മുൻപ് അവസാനിപ്പിക്കുകയാണു ചെയ്യുക. എൻഡിഎ സർക്കാരാകട്ടെ സമ്മേളനങ്ങൾ വെട്ടിച്ചുരുക്കിക്കൊണ്ടിരിക്കുന്നു. 

   മന്ത്രിമാർക്കു തിരഞ്ഞെടുപ്പു സംബന്ധമായ പ്രചാരണങ്ങൾക്കായി സംസ്ഥാനങ്ങളിൽ പോകേണ്ടതുണ്ടെന്നാണു സർക്കാർവാദം. പാർലമെന്റ് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ ആണിക്കല്ലും ജനപ്രതിനിധികൾക്കു പൊതുതാൽപര്യങ്ങൾ ഉന്നയിക്കാനുള്ള വേദിയുമാണ്. പക്ഷേ, ഈ വർഷം 57 ദിവസം മാത്രമാണു ലോക്സഭ പ്രവർത്തിച്ചത്. പാർലമെന്റിന്റെ ആദ്യ രണ്ടു ദശകക്കാലത്ത് പ്രതിവർഷം ശരാശരി 120 ദിവസം ലോക്സഭ ചേർന്നിരുന്നു. 

   ഇപ്പോഴത്തെ നിലയനുസരിച്ച് സർക്കാർ പാർലമെന്റിനെ കാണുന്നതു തീരുമാനങ്ങൾ പ്രദർശിപ്പിക്കാനുള്ള നോട്ടിസ് ബോർഡ് മാത്രമായാണ്.  ചർച്ചകളും പരസ്പര സംവാദങ്ങളുമാണ് ജനാധിപത്യത്തിന്റെ മനസ്സ് എന്ന ആശയത്തോടു രാജ്യം ഭരിക്കുന്നവർക്ക് ഒരു താൽപര്യവുമില്ല എന്നതു നിർഭാഗ്യകരമായ അവസ്ഥയാണ്.

English Summary: Alcohol use is on the rise among young people writes shashi tharoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com