ADVERTISEMENT

ജമ്മു കശ്മീർ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിട്ട് അഞ്ചു വർഷത്തോളമാകുന്നു. ഇതിനുമുൻപു തീവ്രവാദം ശക്തമായകാലത്ത്, 1990 മുതൽ 1996 വരെ ജമ്മു കശ്മീർ കേന്ദ്രഭരണത്തിനു കീഴിലായിരുന്നു. 2018 ജൂണിൽ പിഡിപി– ബിജെപി ഭരണസഖ്യം തകർന്നതോടെയാണ് 22 വർഷത്തിനുശേഷം കേന്ദ്ര സർ‌ക്കാർ സംസ്ഥാനത്തു രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത്. 2019 ഓഗസ്റ്റ് അഞ്ചിനു ഭരണഘടനയുടെ 370 –ാം വകുപ്പ് റദ്ദാക്കിയതോടെ കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും നഷ്ടമായി. തുടർന്നു സംസ്ഥാനത്തെ ലഡാക്ക്, ജമ്മു കശ്മീർ എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാന പദവി തിരിച്ചുനൽകുമെന്നാണു പാർലമെന്റിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. മണ്ഡല പുനർനിർണയം, വോട്ടർപട്ടിക പുതുക്കൽ എന്നിവയ്ക്കു ശേഷമായിരിക്കും തിരഞ്ഞെടുപ്പെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ നടപടികൾ ഏതാണ്ടു പൂർത്തിയായിട്ടും നിയമസഭാ തിരഞ്ഞെടുപ്പ് വൈകുന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ച.  

അംഗീകരിച്ച് സുപ്രീം കോടതി

മണ്ഡല പുനർനിർണയ കമ്മിഷൻ 2022 മേയിൽ നൽകിയ ശുപാർശകൾ വിവാദമായിരുന്നു. ഹിന്ദു ഭൂരിപക്ഷമായ ജമ്മുവിൽ ആറു സീറ്റ് പുതുതായി ചേർത്തപ്പോൾ മുസ്‌ലിം ഭൂരിപക്ഷമായ കശ്മീരിൽ ഒരെണ്ണമാണ് അധികം ചേർത്തത്; കശ്മീരിലാണു ജമ്മുവിനെക്കാൾ ജനസംഖ്യ കൂടുതലെങ്കിലും. രണ്ടു കശ്മീർ നിവാസികൾ മണ്ഡല പുനർനിർണയം ചോദ്യംചെയ്തു സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, സുപ്രീം കോടതി ഈ ഹർജികൾ ഈ മാസം 13നു തള്ളിയതു കേന്ദ്രനടപടിക്കു നിർണായക പിന്തുണയായി. കോടതിവിധിയിലുള്ളത് ഇതാണ്: ‘ഭരണഘടനയുടെ രണ്ടും മൂന്നും വകുപ്പുകൾ പ്രകാരം പാർലമെന്റിനു പുതിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രൂപീകരിക്കാൻ അധികാരമുണ്ട്.

ഇതുപ്രകാരമുള്ള ദ് ജമ്മു ആൻഡ് കശ്മീർ റീഓർഗനൈസേഷൻ ആക്ടാണ് രണ്ടു കേന്ദ്രഭരണ പ്രദേശങ്ങൾക്കു രൂപം നൽകിയത്. 2002ലെ ഡീലിമിറ്റേഷൻ ആക്ട് പ്രകാരമാണു മണ്ഡല പുനർനിർണയത്തിനു ഡീലിമിറ്റേഷൻ കമ്മിഷനെ ചുമതലപ്പെടുത്തുന്നത്. ഭരണഘടനയുടെ മൂന്നാം വകുപ്പു പ്രകാരമുള്ള നിയമം അനുസരിച്ചു രൂപീകരിച്ച പുതിയ സംസ്ഥാനത്തോ കേന്ദ്രഭരണ പ്രദേശത്തോ ഡീലിമിറ്റേഷൻ കമ്മിഷൻ മുഖാന്തരം മണ്ഡലങ്ങൾ പുനർനിർണയിക്കാം.’ അതിനാൽ, 2020 മാർച്ച് ആറിലെ കേന്ദ്ര ഉത്തരവുപ്രകാരം മണ്ഡലപുനർനിർണയ കമ്മിഷൻ രൂപീകരിച്ചതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നു ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും അഭയ്.എസ്.ഓക്കയും അടങ്ങിയ സുപ്രീം കോടതി ബെഞ്ച് വിധിച്ചു. 

ആദ്യം പഞ്ചായത്ത് തിരഞ്ഞെടുപ്പ്

ജമ്മു കശ്മീരിലെ മണ്ഡല പുനർനിർണയം ചോദ്യംചെയ്ത ഹർജി തള്ളിയ സാഹചര്യത്തിൽ, 370–ാം വകുപ്പു റദ്ദാക്കിയ കേന്ദ്ര നടപടിക്കെതിരായി സുപ്രീം കോടതിയിൽ നൽകിയിട്ടുള്ള ഹർജിക്കും ഇതേ വിധിയാണു വരാൻ പോകുന്നതെന്നു നിരീക്ഷകർ കരുതുന്നു. പുതിയ ഭൂനിയമം, പുതിയ താമസനിയമം എന്നിവയടക്കം ജമ്മു കശ്മീരിൽ സമൂലമായ മാറ്റങ്ങളാണു ബിജെപി കൊണ്ടുവന്നിട്ടുള്ളത്. ഇതു കശ്മീരിൽ വലിയതോതിൽ ജനസംഖ്യാപരമായ മാറ്റങ്ങളുണ്ടാക്കുമെന്നും കശ്മീർ പണ്ഡിറ്റുകൾക്കും കുടിയേറ്റക്കാർക്കുമെതിരെ തീവ്രവാദി ആക്രമണങ്ങൾ വർധിക്കാനിടയാക്കുമെന്നും ആശങ്കയുയർന്നിട്ടുണ്ട്. രാഷ്ട്രീയവും സാമ്പത്തികവുമായ ശക്തി തങ്ങൾക്കു ചോർന്നുപോകുന്നുവെന്ന വികാരം കശ്മീരിലുണ്ട്. 

ജനങ്ങൾക്കിടയിലെ അരക്ഷിതാവസ്ഥ ദുരീകരിക്കാനായി എത്രയും വേഗം തിരഞ്ഞെടുപ്പു നടത്തി ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണു പ്രാദേശിക പാർട്ടികളും കോൺഗ്രസും ബിജെപിയുടെ പ്രാദേശിക നേതൃത്വവും ഉയർത്തുന്നത്. എന്നാൽ, ബിജെപി കേന്ദ്രനേതൃത്വം ഈ തീരുമാനത്തിലേക്കെത്താൻ മടിച്ചുനിൽക്കുകയാണ്. 2024ൽ നടക്കേണ്ട പഞ്ചായത്തു തിരഞ്ഞെടുപ്പു ആദ്യം നടത്താനാണ് ബിജെപിയുടെ തീരുമാനം. പഞ്ചായത്തു തിരഞ്ഞെടുപ്പിലൂടെ ജനവികാരം മനസ്സിലാക്കാനാവുമെന്നും അതിനുശേഷം മതി നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനമെന്നും ബിജെപി കരുതുന്നുവെന്നാണു സൂചന.  

നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ സംസ്ഥാനപദവി പുനഃസ്ഥാപിക്കൂ എന്ന് ഈ മാസം 14നു നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറയുകയുണ്ടായി. എന്നാൽ, എന്നാണു തിരഞ്ഞെടുപ്പെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. വോട്ടർപട്ടിക തയാറാക്കൽ ഏതാണ്ടു പൂർത്തിയായി. ഇനി തിരഞ്ഞെടുപ്പു കമ്മിഷനാണു തിരഞ്ഞെടുപ്പു തീയതി തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരി 19നു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ പറഞ്ഞതു കാലാവസ്ഥയും സുരക്ഷയും അടക്കം ഒട്ടേറെ ഘടകങ്ങൾ പരിഗണിച്ചശേഷമായിരിക്കും തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുകയെന്നാണ്. ജമ്മു കശ്മീരിലെ സുരക്ഷാസ്ഥിതി വ്യാപകമായി മെച്ചപ്പെട്ടു എന്ന അമിത് ഷായുടെ അവകാശവാദത്തിനു വിരുദ്ധമാണ് തിരഞ്ഞെടുപ്പു കമ്മിഷണറുടെ സുരക്ഷാപ്രശ്നം സംബന്ധിച്ച പരാമർശം. 

കെട്ടിടങ്ങൾ ഇടിച്ചു നിരത്തുന്നതിൽ പ്രതിഷേധിച്ച് ശ്രീനഗറിൽ അടച്ചിട്ടിരിക്കുന്ന കടകൾ.   ചിത്രം:എപി
കെട്ടിടങ്ങൾ ഇടിച്ചു നിരത്തുന്നതിൽ പ്രതിഷേധിച്ച് ശ്രീനഗറിൽ അടച്ചിട്ടിരിക്കുന്ന കടകൾ. ചിത്രം:എപി

വൈകുന്നതിന് പിന്നിൽ

തിരഞ്ഞെടുപ്പു തീയതി സംബന്ധിച്ചു പല അനുമാനങ്ങളുണ്ട്. ആദ്യം പഞ്ചായത്തു തിരഞ്ഞെടുപ്പു നടത്തുന്നതു നിയമസഭാ തിര‍ഞ്ഞെടുപ്പ് ഇനിയും വൈകുമെന്നതിന്റെ സൂചനയായിട്ടാണു ചില രാഷ്ട്രീയകക്ഷികൾ കാണുന്നത്. 2014ൽ ലോക്സഭാ തിര‍ഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കും തിര‍ഞ്ഞെടുപ്പുണ്ടാകുമെന്നും ചിലർ കണക്കുകൂട്ടുന്നു. ജമ്മു കശ്മീരിൽ ജനങ്ങളെ ആകർഷിക്കാനുള്ള സ്വാധീനം ബിജെപിക്കില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയെ ആശ്രയിക്കുക മാത്രമാണു പോംവഴി. വിശേഷിച്ചും ജമ്മു, സാംബ, കഠ്‌വ, ഉധംപുർ പ്രദേശങ്ങളടങ്ങുന്ന ദോഗ്ര മേഖലയിൽ. പരമാവധി സീറ്റ് നേടണമെന്ന ലക്ഷ്യം മുന്നിലുണ്ടെങ്കിലും പാർട്ടിക്കു സ്വാധീനമുള്ള ജമ്മു മേഖലയിലും ഉയരുന്ന ജനരോഷം ബിജെപി മനസ്സിലാക്കുന്നുണ്ട്.  ജമ്മുവിലെ വ്യാപാരസമൂഹം അതൃപ്തരാണ്. നാണ്യപ്പെരുപ്പം തൊഴിലന്വേഷകരെയും സാധാരണജനങ്ങളെയും ബാധിച്ചിട്ടുണ്ട്. 

ഇടിച്ചുനിരത്തൽ ലക്ഷ്യം നേടുമോ?

സർക്കാർഭൂമിയിൽനിന്നു ജനങ്ങളെ ഒഴിപ്പിക്കാൻ വ്യാപകമായി നടത്തുന്ന ഇടിച്ചുനിരത്തൽ നടപടികൾ ഉയർത്തുന്ന കടുത്ത അരക്ഷിതാവസ്ഥയാണ് ബിജെപിയെ അസ്വസ്ഥമാക്കുന്നു. 2.5 ലക്ഷം ഏക്കറോളമുണ്ട് സർക്കാർ ഭൂമി. റോഷ്നി ആക്ട് പ്രകാരം 2001 മുതൽ 2007 വരെ സർക്കാർഭൂമിയിൽ ജനങ്ങൾക്ക് ഉടമസ്ഥാവകാശം പതിച്ചു നൽകിയിരുന്നു. വൈദ്യുത പദ്ധതികൾക്കായി പണം സമാഹരിക്കാനായിരുന്നു ഇത്. എന്നാൽ, 2018ൽ ലഫ്. ഗവർണർ സത്യപാൽ മാലിക് ഈ നിയമം റദ്ദാക്കി. ലക്ഷ്യം നേടുന്നതിൽ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി. ഈ നിയമംവഴി വൻഅഴിമതി നടന്നെന്നു ഹൈക്കോടതിയും വിലയിരുത്തി.

കഴിഞ്ഞ ജനുവരിയിൽ ജമ്മു കശ്മീർ ഭരണകൂടം റവന്യു വകുപ്പിനോടു സർക്കാർഭൂമി നിശ്ചിത സമയത്തിനകം വീണ്ടെടുക്കാൻ നിർദേശിച്ചു. പൊലീസിന്റെ സഹായത്തോടെ വ്യാപക ഇടിച്ചുനിരത്തലാണ് റവന്യു വകുപ്പു നടത്തിയത്. ഒരു സമുദായത്തെ മാത്രം ലക്ഷ്യമിട്ടാണ് ഇടിച്ചുനിരത്തലെന്ന് ആരോപിച്ചു വ്യാപക വിമർശനമുയർന്നു. കശ്മീരിലും ജമ്മുവിലെ ചില ഭാഗങ്ങളിലും ഈ നടപടി ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയും നിസ്സഹായതയും വർധിപ്പിച്ചു. സർക്കാർഭൂമിയിലുള്ള ചെറുകിട ഭൂവുടമകളെയും ബിസിനസുകാരെയും നടപടിയിൽനിന്ന് ഒഴിവാക്കി വൻകിട ഭൂമികയ്യേറ്റക്കാരെ മാത്രം ഒഴിപ്പിക്കാനുള്ള പദ്ധതി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയാറാക്കുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, ഇതു ജമ്മുവിൽ പാർട്ടിക്കു കുറച്ചു പിന്തുണ നേടിക്കൊടുത്തേക്കുമെങ്കിലും കശ്മീരിൽ തീരെ ഗുണം ചെയ്യില്ല. വീടുകളും വ്യാപാരസ്ഥാപനങ്ങളും ഇടിച്ചുനിരത്തിയ നടപടിയോടെ ബിജെപിയോടുള്ള കടുത്ത അതൃപ്തി വർധിച്ചിട്ടേയുള്ളൂ.

English Summary : Write up on Jammu Kashmir assembly election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com