ADVERTISEMENT

കുടുംബവും അതിന് അടിസ്ഥാനമാകുന്ന വിവാഹവും: ഇന്നു സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അ‍ഞ്ചംഗ ഭരണഘടനാ ബെഞ്ച് വിശദവാദത്തിനായി പരിഗണിക്കുന്ന വിഷയമാണിത്. ഒരേ ലിംഗക്കാർ – പുരുഷനും പുരുഷനും, സ്ത്രീയും സ്ത്രീയും, ട്രാൻസ്ജെൻഡറും ട്രാൻസ്ജെൻഡറും– തമ്മിൽ വിവാഹിതരാകുന്നത് അനുവദിക്കാമോ, ആ വിവാഹത്തിലൂടെ കുടുംബമുണ്ടാകുമോ എന്നതാണ് ചോദ്യം. 

ഇല്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. ഭാരതീയ സംസ്കാരവും സമൂഹവും അതിന്റെ മൂല്യങ്ങളും വ്യക്തിനിയമങ്ങളും, പുരുഷനും സ്ത്രീയുമായുള്ളതിനെ മാത്രമാണ് വിവാഹമായി അംഗീകരിക്കുന്നത്. ആയതിനാൽ, ഒരേ ലിംഗക്കാർ തമ്മിലുള്ള വിവാഹം നിയമപരമാക്കുന്നത് മൂല്യങ്ങളുടെയും വ്യക്തിനിയമങ്ങളുടെയുമൊക്കെ ബാലൻസ് തെറ്റിക്കുമെന്നു ന്യായം. വിവാഹവും കുടുംബവും  സുപ്രധാന സാമൂഹിക സ്ഥാപനങ്ങളാണ്. അവയെ വ്യക്തികളുടെ സ്വകാര്യ വിഷയങ്ങൾ മാത്രമാക്കി, ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ വ്യാഖ്യാനത്തിൽ നിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും കേന്ദ്രം പറയുന്നു.

കേന്ദ്രത്തിന്റേത് എന്നു പറയുമ്പോൾ ബിജെപിയുടെയും ആർഎസ്എസിന്റെയും നിലപാടാണ്. ട്രാൻസ്ജെൻഡറുകളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നാണ് ആർഎസ്എസ് വാദിച്ചിട്ടുള്ളത്. അതിൽ‍ പക്ഷേ, ഒരേ ലിംഗക്കാർ തമ്മിലുള്ള വിവാഹത്തെ അവർ‍ ഉൾപ്പെടുത്തുന്നില്ല. ദേശീയ പാർട്ടികളിൽ സിപിഎം മാത്രമാണ് ഒരേ ലിംഗക്കാരുടെ വിവാഹത്തെ അനുകൂലിച്ചിട്ടുള്ളത്. അത്തരം വിവാഹത്തിനു നിയമസാധുത നൽകണമെന്നത് അവരുടെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിലും പറഞ്ഞിട്ടുണ്ട്. ദേശീയമല്ലാതായി മാറിയ സിപിഐയും എൻസിപിയും സിപിഎമ്മിനെപ്പോലെതന്നെ വിഷയത്തെ കാണുന്നു. എൻസിപിയുടെ സുപ്രിയ സുലെ, ഒരേ ലിംഗക്കാരുടെ വിവാഹത്തിനു സാധുത നൽകാൻ പ്രത്യേക വിവാഹനിയമം ഭേദഗതി ചെയ്യണമെന്ന ബിൽ ലോക്സഭയിൽ അവതരിപ്പിച്ചിട്ടുമുണ്ട്.

പുതിയ കാലത്തിന്റെ പല വിഷയങ്ങൾക്കുമൊപ്പം നിൽക്കാൻ തുടങ്ങിയിട്ടുള്ള കോൺഗ്രസ്, ഒരേ ലിംഗ വിവാഹവിഷയത്തിൽ ഒൗദ്യോഗികമായി നിലപാടെടുത്തിട്ടില്ല. വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നൊക്കെ നേതാക്കൾ പറയുമെങ്കിലും, മതങ്ങളുടെ താൽപര്യങ്ങൾ‍ക്കു വിരുദ്ധമായി ഈ വിഷയത്തെക്കുറിച്ചു പരസ്യമായി എന്തെങ്കിലും പറയുക കോൺഗ്രസിന് എളുപ്പമല്ല; മതാതീത പുരോഗമനവാദം പാർട്ടിക്കില്ല. എന്നാൽ, ശശി തരൂർ, മനീഷ് തിവാരി, അഭിഷേക് സിങ്‌വി തുടങ്ങിയ കോൺഗ്രസുകാർ ഒരേ ലിംഗ വിവാഹത്തിനു നിയമസാധുത നൽകണമെന്ന ചിന്താഗതിക്കാരാണ്. ഇവരുടെകൂടെയാണ് തൃണമൂൽ നേതാവ് ഡെറക് ഒബ്രയൻ. ഇദ്ദേഹത്തിന്റെ പാർട്ടി അഭിപ്രായം പറഞ്ഞിട്ടില്ല. അങ്ങനെ മിണ്ടാതിരിക്കുന്ന ഒട്ടേറെ പാർട്ടികളുണ്ട്. എന്തായാലും, വിഷയത്തിൽ രാഷ്ട്രീയമായി അഭിപ്രായ ഐക്യമില്ല.

സുപ്രീം കോടതിയുടെ കാര്യമെടുത്താൽ, ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ അന്തസ്സോടെയുള്ള ജീവിതമെന്നാണ് കോടതി വ്യാഖ്യാനിച്ചിട്ടുള്ളത്.

പുരുഷൻ, സ്ത്രീ എന്ന പോലെ, മൂന്നാം ലിംഗമായി ട്രാൻസ്ജെൻഡറുകളെ അംഗീകരിച്ച് ഭരണഘടനാപരമായ അവകാശങ്ങൾ ഉറപ്പാക്കണമെന്ന് 2014ൽ‍ കോടതി വിധിച്ചു; സ്വകാര്യത മൗലികാവകാശമെന്നും ഏതു ലിംഗത്തോടുള്ള താൽപര്യമെന്നത് അതിലുൾപ്പെടുമെന്നും 2017ൽ വ്യാഖ്യാനിച്ചു. 2018ൽ അവർ സ്വവർഗ ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കി. പരമ്പരാഗത കുടുംബ നിർവചനങ്ങളുടെ പരിധിയിൽപെടാത്ത ‘കുടുംബ’ങ്ങൾക്കും സാമൂഹികക്ഷേമ ആനുകൂല്യങ്ങൾക്ക് അവകാശമുണ്ടെന്ന് കഴിഞ്ഞ വർഷം വിധിച്ചു.

മറ്റുള്ളവരെപ്പോലെ, ‘എൽ‍ജിബിടിക്യുഐഎ+’ വ്യക്തികളും മനുഷ്യർതന്നെയാണെന്നും അവർക്കും അവകാശതുല്യത ഉറപ്പാക്കപ്പെടണമെന്നും നിലപാടുള്ളയാളാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്. അഭിഭാഷകൻ സൗരഭ് കൃപാലിനെ ഡൽഹി ഹൈക്കോടതിയിൽ ജ‍ഡ്ജിയാക്കണമെന്ന ശുപാർശ, സൗരഭിന്റെ പങ്കാളി പുരുഷനാണെന്ന കാരണംകൂടി പറഞ്ഞ് കേന്ദ്ര സർക്കാർ തള്ളിയിരുന്നു. സർക്കാർ പറഞ്ഞ കാരണം അംഗീകരിക്കാൻ പറ്റില്ലെന്നാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയം പറഞ്ഞത്. 

ഈ പംക്തിക്കുവേണ്ടി, സുപ്രീം കോടതിയിലെ ഹർജിക്കാരിലൊരാളായ ഉത്കർഷ് സക്സേനയോടു സംസാരിച്ചു. ഉത്കർഷ് ഓക്സ്ഫഡ് സർവകലാശാലയിലും ജീവിതപങ്കാളി അനന്യ കോട്ടിയ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും ഗവേഷകരാണ്. 15 വർഷമായുള്ള ബന്ധം. സ്വവർഗതൽപരരായതിനാൽ സമൂഹത്തിൽ‍ ഒറ്റപ്പെടലിനും അപമാനമേൽക്കലിനും അങ്ങനെ ജീവിതം മടുക്കുന്നതിനുമുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. എന്നാൽ, താനും അനന്യയുമായുള്ള ബന്ധം ഇരുവർക്കും ധൈര്യമായി വളരാനും അക്കാദമികമായി മികവു നേടാനും സഹായിച്ചുവെന്നാണ് ഉത്കർഷ് പറയുന്നത്. 

ഉത്കർഷിന്റെ അഭിപ്രായത്തിൽ, ഒരേ ലിംഗക്കാർ തമ്മിലുള്ള വിവാഹമെന്നതിനെ ബുദ്ധിജീവികളുടെയോ ആക്ടിവിസ്റ്റുകളുടെയോ സമൂഹത്തിലെ വരേണ്യ വിഭാഗത്തിന്റെയോ വിഷയമായി കാണരുത്. ഇത് ഒരു വിഭാഗം മനുഷ്യരുടെ അന്തസ്സോടെയുള്ള ജീവിതത്തിന്റെയും ജീവിതസുരക്ഷയുടെയും വിഷയമാണ്. ഒരേ ലിംഗത്തിലുള്ളവർ പങ്കാളികളായിരിക്കുന്നത് ഇപ്പോൾ കുറ്റകരമല്ലെന്നേയുള്ളൂ. ബന്ധത്തിനു നിയമപരിരക്ഷയില്ല. പങ്കാളികൾ ചേർന്ന് കുഞ്ഞിനെ ദത്തെടുക്കാൻ തടസ്സമുണ്ട്. പങ്കാളികളിലൊരാൾ ദത്തെടുത്താൽ, മറ്റെയാൾക്ക് ആ കുഞ്ഞിൽ അവകാശമില്ല. അതുകൊണ്ടുതന്നെ ദത്തെടുത്തയാളിന്റെ കാലശേഷം കുഞ്ഞ് വീണ്ടും അനാഥത്വത്തിലാവും. പങ്കാളികളിലൊരാൾ‍ക്ക് അസുഖം ബാധിച്ചാൽ, ചികിത്സ സംബന്ധിച്ചു തീരുമാനമെടുക്കാൻപോലും മറ്റേയാൾക്ക് അവകാശമില്ല. സ്വത്തവകാശത്തിലും ഇതേ വിഷയമുണ്ട്. അതുകൊണ്ട്, വൈകാരികതയ്ക്കപ്പുറം തങ്ങളുടെ ആവശ്യത്തിന്റെ പ്രായോഗികവശം പരിഗണിക്കേണ്ടതുണ്ടെന്നാണ് ഉത്കർ‍ഷ് പറയുന്നത്. 

യുഎസും യുകെയും ഫ്രാൻസും ഉൾപ്പെടെ മുപ്പതിലേറെ രാജ്യങ്ങൾ ഒരേ ലിംഗക്കാരുടെ വിവാഹം നിയമപരമാക്കിയിട്ടുണ്ട്. ഏഷ്യയിൽ തയ്‌വാനിൽ മാത്രമാണ് അനുകൂല നിയമമുള്ളത്. പ്രത്യേക വിവാഹ നിയമത്തിൽ തങ്ങൾക്ക് അനുകൂലമായ വ്യവസ്ഥ ഉൾപ്പെടുത്തണമെന്നാണ് സുപ്രീം കോടതിയിലെ ഹർജിക്കാരിൽ ഏറെപ്പേരും ആവശ്യപ്പെടുന്നത്. ചിലർ വ്യക്തിനിയമങ്ങളുടെ ഭേദഗതിയും ആവശ്യപ്പെടുന്നു. 

സ്ത്രീയും പുരുഷനും തമ്മിലുള്ളതല്ലാത്തത് വിവാഹമല്ലെന്നാണ് സർ‍ക്കാർ കോടതിയിൽ‍ പറഞ്ഞിട്ടുള്ള ദേശീയ നയം. എന്നാൽ‍, അസാധാരണമായവ അംഗീകരിക്കാനാവില്ലെന്നതു ഭാരതീയരീതിയല്ലെന്നും ബ്രിട്ടിഷുകാർ കെട്ടിയേൽപിച്ചതാണെന്നും ഹർജിക്കാർക്കു വാദമുണ്ട്. രാജ്യത്തിന്റെ വൈവിധ്യത്തെക്കുറിച്ചു പറഞ്ഞിട്ടു ചെലവാകാത്ത കാലത്താണ് അവർ വ്യക്തികളുടെ വൈവിധ്യത്തെക്കുറിച്ചു പറയുന്നത്. നോക്കാം, കോടതി എന്തു പറയുന്നുവെന്ന്.

English Summary : Writeup about same gender marriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com