ജനാധിപത്യത്തിന് കരുത്തായി വിധി
Mail This Article
ഇന്ത്യൻ ജനാധിപത്യത്തിനു തിളക്കംകൂട്ടുന്ന നിർണായക വിധിയാണ് സുപ്രീം കോടതിയിൽനിന്നുണ്ടായിരിക്കുന്നത്. മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്തതിലുള്ള നീതിപാഠം വ്യക്തം: വിയോജിപ്പിന്റെ സ്വരങ്ങളെ എല്ലാകാലത്തും നിശ്ശബ്ദമാക്കാനാവില്ല.
രാജ്യത്ത് അഭിപ്രായപ്രകടനത്തിന്റെ പരമോന്നത വേദിയായ പാർലമെന്റിൽനിന്നു രാഹുലിനെ പുറത്താക്കുന്നതിലേക്കുവരെ എത്തിയ, ഗുജറാത്ത് കോടതികളിലെ തീരുമാനങ്ങളുടെ തിരുത്തലാണ് സുപ്രീം കോടതിയിൽനിന്നുണ്ടായിരിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിനു നേതൃത്വം നൽകി, പുത്തനുണർവിന്റെ പ്രതീകമായി രാഹുൽ മാറുന്ന വേളയിലെ വിധി കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾക്കു നൽകുന്ന ആത്മവിശ്വാസം വലുതാണ്.
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പുകാലത്ത് കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിന്റെ പേരിലുള്ള കേസിൽ സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽനിന്നു രണ്ടു വർഷം തടവെന്ന പരമാവധി ശിക്ഷ നൽകിയതു കൊണ്ടുമാത്രമാണ് ജനപ്രാതിനിധ്യ നിയമവും അയോഗ്യതാപ്രശ്നവും കേസിൽ വന്നത്. കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു രാഹുൽ. ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത്...’ എന്ന പരാമർശത്തിൽ മാപ്പു പറയില്ലെന്ന നിലപാട് രാഹുൽ ഗാന്ധി ബുധനാഴ്ച മറുപടി സത്യവാങ്മൂലത്തിൽ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ക്രിമിനൽ കേസും ജനപ്രാതിനിധ്യ നിയമവും ഉപയോഗിച്ചു വരിഞ്ഞുമുറുക്കി, ചെയ്യാത്ത കുറ്റത്തിനു മാപ്പു പറയിക്കാനുള്ള നീക്കം നിയമനടപടികളുടെ ദുരുപയോഗമാണെന്ന വാദം ഗൗരവത്തിലെടുത്തുകൊണ്ടുള്ള സുപ്രധാന നിരീക്ഷണങ്ങളാണു സുപ്രീംകോടതിയിൽനിന്നുണ്ടായത്. സുദീർഘമായ വിധിന്യായങ്ങളിലൂടെ സ്റ്റേ ആവശ്യം നിരസിച്ച സെഷൻസ് കോടതിയും ഹൈക്കോടതിയും പരമാവധി ശിക്ഷയുടെ കാരണങ്ങളിലേക്കു കടക്കാതിരുന്നതിനെ സുപ്രീം കോടതി പ്രത്യേകം വിമർശിച്ചു. പരമാവധി ശിക്ഷ വിധിക്കേണ്ടത് അസാധാരണ സാഹചര്യങ്ങളിലാണെന്നും അപകീർത്തിക്കേസ് ഗുരുതര കുറ്റങ്ങളുടെ ഗണത്തിൽപെടുന്നില്ലെന്നുമുള്ള രാഹുലിന്റെ വാദം ശരിവച്ചിരിക്കുകയാണ് സുപ്രീം കോടതി. ശിക്ഷ ഒരു ദിവസമെങ്കിലും കുറച്ചിരുന്നെങ്കിൽ ജനപ്രാതിനിധ്യ നിയമം ബാധകമാകുമായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്നു വിധിച്ചതു സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടിരുന്നുവെങ്കിൽ വയനാട് മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്കു നീങ്ങുമായിരുന്നു. എന്നാൽ, രാഹുൽ ഗാന്ധി എന്ന വ്യക്തിയുടെ അവകാശത്തിനപ്പുറത്ത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലുള്ളവരുടെ പൗരാവകാശംകൂടി കോടതി കണക്കിലെടുത്തിട്ടുണ്ട്. പരമാവധി ശിക്ഷ നൽകുന്നതിനു വലിയ പ്രത്യാഘാതങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി, രാഹുലിന്റെ പൊതുജീവിതത്തെയും അദ്ദേഹം ലോക്സഭാംഗമായ വയനാട് മണ്ഡലത്തെയും അതു ബാധിക്കുമെന്ന് എടുത്തുപറയുകയും ചെയ്തു. ഒരു മണ്ഡലം ജനപ്രതിനിധി ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്നത് ഗൗരവമുള്ള കാര്യമല്ലേ എന്ന ചോദ്യത്തിനു വലിയ മുഴക്കമുണ്ട്.
പാർലമെന്റിലേക്കുള്ള രാഹുൽ ഗാന്ധിയുടെ മടങ്ങിവരവിനു പരമോന്നത നീതിപീഠം വഴിയൊരുക്കിയതു രാജ്യത്തെ ജനാധിപത്യത്തിനു ശക്തി കൂട്ടുന്നു. സ്വതന്ത്രമായി ശബ്ദിക്കാൻ സാധിക്കുന്ന പ്രതിപക്ഷമില്ലാതെ ജനാധിപത്യം പൂർണമാകുന്നതെങ്ങനെ? ജനത്തിനായി ശബ്ദിക്കുകയെന്നതും അവർക്കായി ചോദ്യങ്ങൾ ഉന്നയിക്കുകയെന്നതും പ്രതിപക്ഷത്തിന്റെ അവകാശവും ഉത്തരവാദിത്തവുമാണ്. അങ്ങനെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്ന പ്രതിപക്ഷത്തിന്റെ മുഖ്യ നേതാവിനെത്തന്നെ സഭയിൽനിന്നു പുറത്താക്കിയ ജനാധിപത്യവിരുദ്ധമായ ഭീഷണസന്ദേശത്തെയാണു സുപ്രീം കോടതി വിഫലമാക്കുന്നത്. കരുത്തുള്ള പ്രതിപക്ഷംകൂടിയാണു ജനാധിപത്യത്തിനു ശക്തിയും സൗന്ദര്യവും നൽകുന്നതെന്ന് ഈ വിധി പറയാതെ പറയുന്നു.
സൂറത്ത് കോടതിയുടെ വിധി വന്നു മണിക്കൂറുകൾക്കുള്ളിൽ രാഹുലിനെ അയോഗ്യനാക്കിയ അതേ വേഗം ഇതു പുനഃസ്ഥാപിക്കുന്നതിലും ലോക്സഭാ സെക്രട്ടേറിയറ്റ് കാട്ടുമെന്നുതന്നെ കരുതാം. അപ്പോഴേ, പ്രതിപക്ഷത്തെ മാനിക്കുകയെന്ന ജനാധിപത്യ പൂർണത കൈവരൂ.
English Summary : Editorial about stay on disqualification of Rahul Gandhi