നീതിയെഴുത്തിന്റെ നേർഭാഷ
Mail This Article
ഇത്രയും കാലം ശീലിച്ചുപോന്ന പല ഭാഷാപ്രയോഗങ്ങളിലും ശൈലികളിലും ഒളിച്ചിരിക്കുന്ന ജെൻഡർ വിവേചനത്തിന്റെ ധ്വനികൾ വൈകിയാണെങ്കിലും നാം തിരിച്ചറിയുന്ന കാലമാണിത്. ഭാഷയിലെ അത്തരം ജെൻഡർ മുൻവിധികൾ തിരുത്തി സുപ്രീം കോടതി പുറത്തിറക്കിയ പുതിയ ശൈലീപുസ്തകം ഈ ദിശയിൽ ചരിത്രമുദ്രയാകുന്നു. നവകാലത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞുള്ള ഈ ഉദ്യമം സ്ത്രീകളും ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെയുള്ളവർക്കു നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.
പിന്നിട്ട കാലത്തിന്റെ പഴഞ്ചൻശേഷിപ്പുകൾ തിരുത്തിക്കുറിക്കുകയാണു സുപ്രീം കോടതി. പല മിഥ്യാധാരണകളും ഈ ഹാൻഡ് ബുക്ക് പൊളിച്ചെഴുതുന്നുണ്ട്. സ്ത്രീകൾക്കെതിരായ തെറ്റായ പദപ്രയോഗങ്ങൾ എണ്ണിയെണ്ണിപ്പറയുന്ന പുസ്തകം അവയ്ക്കു പകരം കോടതികൾ ഉപയോഗിക്കേണ്ട ബദൽ വാക്കുകൾ നിർദേശിക്കുന്നുമുണ്ട്. കുടുംബത്തെ പോറ്റുന്നയാൾ (breadwinner) എന്നതിനുപകരം ‘തൊഴിലുള്ളയാൾ’ എന്നും സ്ത്രീയുടെ ശുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ‘ആർത്തവ കാര്യങ്ങൾ’ എന്നുമൊക്കെ മാറ്റിക്കുറിക്കുമ്പോൾ ഈ പുസ്തകത്തിൽ മാറിയ കാലം മുഖംനോക്കുന്നു. കാലത്തിനു പുറംതിരിഞ്ഞുനിൽക്കുന്ന വാക്കുകളും പ്രയോഗങ്ങളും കോടതിരേഖകളിൽനിന്ന് ഇനി ഒഴിവാകും.
കേരളത്തിലെ സെഷൻസ് കോടതി മുതൽ ഹൈക്കോടതി വരെ പുറപ്പെടുവിച്ച ചില ഉത്തരവുകളിലെ പദപ്രയോഗങ്ങളുടെ ദൗർബല്യം ശൈലീപുസ്തകം ചൂണ്ടിക്കാട്ടുന്നു. യുവതി ദുർബലയും പല വിധത്തിൽ ചൂഷണത്തിനിരയാകാൻ സാധ്യതയുള്ളവളുമാണെന്ന് ഹൈക്കോടതിയുടെ ഒരു വിധിയിൽ വന്നത് എടുത്തുപറയുന്നുണ്ട്. സ്ത്രീ പ്രകോപനപരമായാണ് വസ്ത്രം ധരിച്ചതെന്നു കേസിലെ പ്രതി ജാമ്യാപേക്ഷയ്ക്കൊപ്പം ഹാജരാക്കിയ ചിത്രത്തിൽ വ്യക്തമാണെന്നും അതുകൊണ്ട് പീഡനക്കുറ്റം നിലനിൽക്കില്ലെന്നും കോഴിക്കോട് സെഷൻസ് കോടതിയുടെ ഒരു ഉത്തരവിൽ പറഞ്ഞതാണ് മറ്റൊരു ഉദാഹരണം.
കോടതിയിലെ രഹസ്യവിചാരണവേളയിൽപോലും ചിലപ്പോഴൊക്കെ സ്ത്രീ നേരിടേണ്ടിവരുന്ന അനുചിതവും അമാന്യവുമായ ചോദ്യങ്ങളും പ്രയോഗങ്ങളുംകൂടി അവസാനിപ്പിക്കേണ്ടതുണ്ട്. മുൻവിധി കലർന്ന അത്തരം പദപ്രയോഗങ്ങൾ ആത്മാഭിമാനത്തെ മുറിവേൽപിക്കുന്നുവെന്നു പലപ്പോഴും സ്ത്രീകൾ ചൂണ്ടിക്കാട്ടാറുണ്ട്. പീഡനക്കേസുകളിൽ മാത്രമല്ല, ലൈംഗികാതിക്രമ കേസുകളിലും വിചാരണ രഹസ്യമായിരിക്കണമെന്നും സാധ്യമെങ്കിൽ അതിജീവിതയെ വിസ്തരിക്കുന്നത് ഒറ്റദിവസംകൊണ്ടു പൂർത്തിയാക്കണമെന്നും സുപ്രീം കോടതി വിചാരണക്കോടതികളോടു നിർദേശിച്ചതു കഴിഞ്ഞ വർഷമാണ്. ലൈംഗികാതിക്രമ കേസുകളിൽ പരാതിപ്പെടുന്നവർക്കു കോടതിനടപടികൾ ഉപദ്രവമായിത്തീരുന്ന സ്ഥിതിയുണ്ടെന്നും കോടതി അന്നു വിലയിരുത്തി.
രാജ്യത്താദ്യമായി പൂർണമായും സ്ത്രീപക്ഷത്തുനിന്ന് എഴുതപ്പെട്ടതെന്ന സവിശേഷതയോടെ പൊതുജനാരോഗ്യ ബിൽ കേരള നിയമസഭ പാസാക്കിയതു കഴിഞ്ഞ മാർച്ചിലാണ്. ഉടമസ്ഥ, ഉദ്യോഗസ്ഥ, രോഗമുക്ത എന്നിങ്ങനെ സ്ത്രീവിശേഷണങ്ങളുള്ള ആ ബിൽ നാം ശീലിച്ചുപോന്ന പുരുഷകേന്ദ്രീകൃത ഭാഷയിലുള്ള തിരുത്തലായിരുന്നു. ജെൻഡർ തുല്യതയിലേക്കുള്ള സഞ്ചാരത്തിൽ അതൊരു നിർണായക അടയാളപ്പെടുത്തലാണുതാനും. എങ്കിലും, സ്ത്രീകളെ തുല്യരായി അംഗീകരിക്കുന്നതിൽ കേരളത്തിന് എത്രത്തോളം മുന്നേറാനായി എന്നതിൽ തീർച്ചയായും ആത്മപരിശോധനയുടെ ആവശ്യമുണ്ട്.
സമത്വത്തിന്റെയും സഹവർത്തിത്വത്തിന്റെയും സാധ്യതകളുറപ്പിക്കുന്ന നല്ല മാറ്റങ്ങൾക്കായി സർക്കാരും പൊതുസമൂഹവും വഴിവെട്ടേണ്ടതുണ്ട്. സ്കൂൾതലത്തിൽതന്നെ ജെൻഡർ സമത്വത്തിന്റെ ആധാരശില പാകേണ്ടതാണെന്നതിൽ സംശയമില്ല. നമ്മുടെ കുട്ടികൾ പുതിയ കാലത്തെ അഭിമുഖീകരിക്കുന്നതു വേർതിരിവുകളുടെയും വിവേചനത്തിന്റെയും കണ്ണട ധരിച്ചുകൊണ്ടാവരുത്. അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും എത്ര വലിയ മാതൃകകളാണെങ്കിലും ട്രാൻസ്ജെൻഡറുകളെയും സ്ത്രീകളെയും പുരുഷസമൂഹം എത്രത്തോളം അംഗീകരിക്കുന്നുണ്ടെന്ന ചോദ്യം ഗൗരവമുള്ളതാണ്.
വനിതാ സംവരണത്തിനും അവകാശ പ്രഖ്യാപനങ്ങൾക്കുമൊക്കെ അപ്പുറത്ത് വനിതകൾക്കു സമൂഹത്തിൽ അവസരസമത്വം ഉറപ്പാക്കുമ്പോഴാണു ജനാധിപത്യഭാരതം പക്വത നേടുന്നത്. സ്ത്രീയും പുരുഷനും തുല്യരാണെന്നും തുല്യനീതിയും തുല്യബഹുമാനവും അർഹിക്കുന്നവരാണെന്നുമുള്ള ബോധ്യം വ്യക്തിയിലും വീടുകളിലും സമൂഹത്തിലും ഉണ്ടാകേണ്ടതു പരമപ്രധാനമാണ്. ഇപ്പോൾ സുപ്രീം കോടതി നടത്തിയ ചരിത്രപരമായ ഈ പൊളിച്ചെഴുത്ത് എല്ലാ മേഖലയ്ക്കും മാതൃകയാകേണ്ടതുണ്ട്.
English Summary : Editorial about court language style book