ADVERTISEMENT

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തെ 6800 ഭാഷകളിൽ പാതിയെങ്കിലും അപ്രത്യക്ഷമാകുമെന്നാണ് ഏകദേശ കണക്ക്. ഭീഷണമായ ഈ സാഹചര്യത്തിൽ, ശക്‌തിസൗന്ദര്യങ്ങളോടെ നമ്മുടെ മലയാളം വാമൊഴി - വരമൊഴിച്ചന്തങ്ങളിൽ എന്നും നിലനിൽക്കാൻ എന്തുചെയ്യണമെന്ന ചോദ്യം കുറെക്കാലമായി ഉയരുന്നുണ്ട്. ഭാഷയ്ക്കു നവോർജം നൽകാനുള്ള ഏതു ശ്രമവും അതുകെ‍‍ാണ്ടുതന്നെ ഭാഷാസ്നേഹികളുടെ ഹൃദയം പ്രതീക്ഷയാൽ നിറയ്ക്കുന്നു. ഒന്നാം ക്ലാസിൽ അക്ഷരമാല പഠിപ്പിക്കാൻ സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്കരിച്ച ശുഭവാർത്തയാണ് ഈ കേരളപ്പിറവി ആഘോഷത്തെ കൂടുതൽ മധുരിപ്പിച്ചത്. 

അക്ഷരമാലപോലും നമ്മുടെ കുട്ടികൾക്ക് അപ്രാപ്യമാക്കിയതുപോലുള്ള അപമാനങ്ങളാണു സമീപകാലത്ത് മലയാളത്തിനുനേരെ ഉണ്ടായത്. പ്രൈമറി ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ വർഷങ്ങളായി മലയാളം അക്ഷരമാല ഇല്ലാത്തതു വലിയ എതിർപ്പിനു കാരണമായി. ഇതെച്ചെ‍ാല്ലി നിയമസഭയിൽവരെ പ്രതിഷേധം അലയടിക്കുകയും ചെയ്തു. 2013ൽ പാഠ്യപദ്ധതിയും പാഠപുസ്തകവും പരിഷ്കരിച്ചപ്പോഴാണ് അക്ഷരമാല പുറത്തായത്. പാഠപുസ്തകങ്ങളിൽ അക്ഷരമാല മടക്കിക്കൊണ്ടുവരണമെന്ന് ഭാഷാ മാർഗനിർദേശക വിദഗ്ധസമിതിയും എഴുത്തുകാരും ഭാഷാവിദഗ്ധരുമടക്കം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.  

തുടർന്ന് മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശപ്രകാരം, കഴിഞ്ഞ അധ്യയനവർഷം മുതൽ ഒന്നും രണ്ടും ക്ലാസുകളിലെ മലയാളം പുസ്തകങ്ങളിൽ അക്ഷരമാല വീണ്ടും പ്രത്യേകമായി ചേർക്കുകയായിരുന്നു. ഇതിനിടെ, കേരളത്തിൽ പാഠ്യപദ്ധതിപരിഷ്കരണ നടപടികളും ആരംഭിച്ചു. ഇതനുസരിച്ചുള്ള പുതിയ പാഠപുസ്തകങ്ങൾ അടുത്തവർഷം സ്കൂളുകളിലെത്തുകയാണ്. എന്നാൽ, അക്ഷരപഠനം ആവശ്യമില്ലെന്ന സമീപനമാണ് പുതിയ പാഠ്യപദ്ധതിക്കായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‌സിഇആർടി) തയാറാക്കിയ ചട്ടക്കൂടിന്റെ കരടിലുണ്ടായിരുന്നത്. കേട്ട്, സംസാരിച്ച്, എഴുതി, വായിച്ചു പഠിക്കുക എന്നതാണു ഭാഷാപഠനത്തിന്റെ ശാസ്ത്രീയരീതി എന്ന വാദമാണ് ഈ സമീപനത്തിനു പിന്നിൽ. ചട്ടക്കൂടിൽ ഭാഷാപഠനരീതി വിശദമാക്കുന്ന ഭാഗത്ത്, ‘കുട്ടികളെ പഠിപ്പിക്കേണ്ടത് എഴുത്തു ഭാഷയിലാണ്, കേവലം അക്ഷരങ്ങളല്ല’ എന്നു നിർദേശിക്കുന്നുണ്ട്. ‘ഒന്ന് രണ്ട് ക്ലാസുകളിൽ അവതരണ രീതിയാണു സ്വീകരിക്കേണ്ടത്. ഭാഷ സ്വാഭാവികമായും സമഗ്രമായും ആർജിക്കാൻ ഈ രീതിയാണ് ഫലപ്രദം’ എന്നും പറയുന്നു.

നിലവിലെ പാഠ്യപദ്ധതിയിൽ ഒന്നാം ക്ലാസിൽ അക്ഷരം പ്രത്യേകം പഠിപ്പിക്കുന്നില്ല. എന്നാൽ, അക്ഷരം പഠിക്കാതെ എങ്ങനെയാണ് എഴുതാനും വായിക്കാനും പഠിക്കുന്നതെന്ന വാദത്തിനായി ഭാഷാസ്നേഹികളാകെ ഒരേ സ്വരം നൽകിയപ്പോൾ ആ ആവശ്യം കരുത്തോടെ മുഴങ്ങി. ഇതു പരിഗണിച്ച്, സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിനായി എസ്‌സിഇആർടി തയാറാക്കിയ ചട്ടക്കൂട് പരിഷ്കരിച്ചതോടെ ഭാഷയ്ക്കുവേണ്ടിയുള്ള അടിസ്ഥാന ആവശ്യങ്ങളിലെ‍‍ാന്ന് സാക്ഷാത്ക്കരിക്കപ്പെടുകയാണ്. മലയാളത്തിനു കരുത്തു പകരാൻ ഇനിയുള്ള ശ്രമങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായുള്ള ഔദ്യോഗിക ഭാഷാ ഉന്നതതലസമിതിയുടെ ശ്രദ്ധയും നേതൃത്വവുമുണ്ടാകണം.

ഭാഷയ്ക്കു നവോന്മേഷം നൽകാനുള്ള ചുവടുവയ്പുകളിലെ‍‍ാക്കെയും സംസ്ഥാന സർക്കാരും സമൂഹവും ഓർത്തുവയ്ക്കേണ്ടെ‍ാരു കഥയുണ്ട്; കാറ്റലന്റെ കഥ. സ്‌പെയിനിലെ കാറ്റലോണിയയിൽ സംസാരഭാഷയായിരുന്ന കാറ്റലൻ 1700കളിൽ മൃതമായിത്തീർന്നു. നാവൊഴിഞ്ഞുപോയ ആ ഭാഷയ്‌ക്കു പക്ഷേ, കഴിഞ്ഞ നൂറ്റാണ്ടിൽ പുനർജനനമുണ്ടായതു ചരിത്രമാണ്. ബാർസിലോന സർവകലാശാലയുടെയും ഭാഷാസ്‌നേഹികളായ ഒരു ജനതയുടെയും കൈകോർത്തുള്ള പ്രവർത്തനങ്ങളിലൂടെയാണു കാറ്റലൻ വീണ്ടും സജീവഭാഷയായിത്തീർന്നത്. കാറ്റലോണിയയിലെ ഔദ്യോഗികഭാഷയുമായി മാറി കാറ്റലൻ. സജീവഭാഷയായതുകൊണ്ടു പെട്ടെന്നൊന്നും ഒരു മരണം മലയാളത്തിനുണ്ടാവുകയില്ല. എങ്കിലും, ലോകത്ത് ഇപ്പോൾത്തന്നെ മരണാസന്നമായ ഒട്ടേറെ ഭാഷകളുണ്ടെന്ന തിരിച്ചറിവിൽ കരുതിയിരിക്കുകതന്നെ വേണം നമ്മളും. 

നമ്മുടെ ഭാഷയുടെ അക്ഷരചൈതന്യം കൈവിടാതെ കാത്തുസൂക്ഷിക്കാം; മലയാളത്തിന്റെ പ്രൗഢി വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് കൈകോർത്ത് ഊർജം പകരാം. നമ്മുടെ കുട്ടികൾക്കു മലയാളത്തിന്റെ സ്നേഹത്തണലിൽ പുതിയ കാലത്തിലേക്ക് ആത്മവിശ്വാസത്തോടെ സഞ്ചരിക്കാനാവണം. അഴകെഴും മലയാളത്തിന്റെ അനുസ്യൂതി ഒരുകാലത്തും ഇടറാതിരിക്കട്ടെ.

English Summary:

Malayalam alphabet will be taught in first standard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com