ADVERTISEMENT

കുഞ്ഞുങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഓർമിപ്പിക്കുന്ന ശിശുദിനമായിരുന്നു ഇന്നലെ; കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനും നീതി ഉറപ്പാക്കാനുമുള്ള പോക്സോ നിയമം പ്രാബല്യത്തിലായതിന്റെ പതിനെ‍ാന്നാം വാർഷികദിനവും. അതുകെ‍‌ാണ്ടുതന്നെ, ഇന്നലെയുണ്ടായ ഈ ശിക്ഷാവിധിയിലെ പാഠവും കർശന താക്കീതും വരുംകാലത്തേക്കു കൂടിയുള്ളതാണ്. കുഞ്ഞുങ്ങൾക്കുനേരെ ക്രൂരത കാട്ടാനൊരുങ്ങുന്ന ഏതൊരാളെയും വിറകൊള്ളിക്കാൻമാത്രം കടുത്തതാണ് ഈ വിധിയെന്നു വിലയിരുത്തപ്പെടുന്നു.

ആലുവ മാർക്കറ്റിനു പിന്നിലെ മാലിന്യങ്ങൾക്കിടയിൽ, ചാക്കിൽ കെട്ടിയ നിലയിൽ ആ അഞ്ചു വയസ്സുകാരിയുടെ ജ‍ഡം കണ്ടെടുത്തപ്പോൾ ദേഹമാകെ ഗുരുതര മുറിവുകളുണ്ടായിരുന്നു. കെ‍ാടുംക്രൂരതയുടെ അങ്ങേയറ്റംവരെ അനുഭവിച്ച്, ജീവൻ വെടിയേണ്ടിവന്ന ആ ബാലികയ്ക്കു നാം നൽകേണ്ട പ്രായശ്ചിത്തം, ഇങ്ങനെയൊരു സംഭവം ഇനിയൊരിക്കലും ഇവിടെ നടക്കില്ലെന്ന് ഉറപ്പുവരുത്തുകതന്നെയാണ്. ആ ഉറപ്പിന്റെ പ്രഖ്യാപനമാണ് ഇന്നലെ എറണാകുളം പോക്സോ പ്രത്യേക കോടതിയിൽനിന്നുണ്ടായത്. ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ ബിഹാർ സ്വദേശി അസഫാക് ആലത്തിനു തൂക്കുകയറും അഞ്ചു ജീവപര്യന്തവും വിധിക്കുമ്പോൾ നീതിപീഠം തങ്ങളുടെ മനസ്സറിഞ്ഞിട്ടുണ്ടാകുമെന്ന് ഈ നാട്ടിലെ മാതാപിതാക്കളും പെ‍ാതുസമൂഹംതന്നെയും പറയുന്നു.

ആ നരാധമന്റെ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ബാലിക കേരളത്തെ ഇപ്പോഴും കരയിക്കുന്നുണ്ട്. അവളിൽനിന്ന് കൊടുംവേദനയോടെ ഉയർന്നുപൊങ്ങി, അമർന്നുമാഞ്ഞ നിസ്സഹായ നിലവിളി ഇനിയും എത്രയോ കാലം നമ്മുടെ ഉറക്കംകെടുത്തുകയും ചെയ്യും. ആ ഒടുവിലത്തെ കരച്ചിലിനും അവളുടെ ഉറ്റവർക്കുണ്ടായ തീരാനഷ്ടത്തിനും മുന്നിൽ ഈ ശിക്ഷാവിധി പരിഹാരമല്ലെങ്കിലും ഇതിലെ മുന്നറിയിപ്പ് വ്യക്തം: കുഞ്ഞുങ്ങളുടെ നേർക്കു കെ‍ാടുംക്രൂരത കാട്ടാൻ ഇനിയെങ്കിലും ഇവിടെ ആർക്കും ധൈര്യമുണ്ടാകരുത്.

പ്രതി ചെയ്ത കുറ്റം അത്യപൂർവമാണെന്നാണു പ്രോസിക്യൂഷൻ വാദിച്ചത്. ഗുരുതര സ്വഭാവമുള്ള 3 പോക്സോ കുറ്റങ്ങളും കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകൽ, പീഡനം, മൃതദേഹത്തോടുള്ള അനാദരം, തെളിവു നശിപ്പിക്കൽ തുടങ്ങിയവയുമടക്കം 13 കുറ്റങ്ങൾ കോടതി ശരിവച്ചിട്ടുണ്ട്. ജൂലൈ 28നാണ് കുറ്റകൃത്യം നടന്നത്. അന്നു രാത്രിതന്നെ പ്രതിയെ കസ്റ്റഡിയിലെടുത്ത പെ‍ാലീസ്, റെക്കോർ‍‍ഡ് വേഗത്തിൽ അന്വേഷണം പൂർത്തിയാക്കിയാണു കുറ്റപത്രം സമർപ്പിച്ചത്. വിചാരണ പൂർത്തിയാക്കി നൂറാം ദിവസം, പ്രതി കുറ്റക്കാരനാണെന്നു പോക്സോ പ്രത്യേക കോടതി വിധിച്ചു. ഇന്നലെ, നൂറ്റിയെ‍ാൻപതാം ദിവസം ശിക്ഷാവിധിയുമുണ്ടായി. ഇങ്ങനെയെ‍ാരു കേസിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് മാതൃകാപരമായ വേഗവും കാര്യക്ഷമതയും അന്വേഷണത്തിലും വിചാരണയിലും പ്രകടിപ്പിച്ച പെ‍ാലീസും പ്രോസിക്യൂഷനും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

ആലുവയിലെ ആ കുഞ്ഞിന്റെ ദാരുണമരണത്തിനുശേഷവും ചെറുതും വലുതുമായ അതിക്രമങ്ങൾ‌ പലതും നമ്മുടെ കുഞ്ഞുങ്ങളുടെ നേർക്ക് ഇവിടെയുണ്ടായിട്ടുണ്ട്. ഏഴു വർഷത്തിനുള്ളിൽ കേരളത്തിൽ കൊല്ലപ്പെട്ടത് 214 കുട്ടികളാണെന്ന സങ്കടക്കണക്ക് നെഞ്ചുപിടഞ്ഞേ കേൾക്കാനാകൂ. 2016 മുതൽ 2023 മേയ് വരെ കുട്ടികൾക്കെതിരെയുണ്ടായ അക്രമങ്ങളുടെ എണ്ണം 31,364 ആണ്. ഇക്കാലയളവിൽ 9604 കുട്ടികൾക്കു നേരെ ലൈംഗികാതിക്രമം നടന്നു. കുട്ടികളോടുള്ള ഇത്തരം അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കാവുന്നതല്ല. ജനപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും ശിശുക്ഷേമസമിതി പ്രവർത്തകരും ഉൾപ്പെട്ട ജാഗ്രതാസമിതികളുടെ കാര്യക്ഷമമായ പ്രവർത്തനം ഈ വല്ലാത്ത കാലത്തിന്റെ ആവശ്യംതന്നെയാണ്.

ക്രൂരതയുടെ അങ്ങേയറ്റംവരെ അനുഭവിക്കേണ്ടിവരുന്ന പെൺകുട്ടികളുടെ അശരണമായ കരച്ചിൽ കാതിൽ മുഴങ്ങുമ്പോൾ നാടിന് ഉറങ്ങാനാകുന്നതെങ്ങനെ? നമ്മുടെ കുഞ്ഞുങ്ങളെ കാത്തുസൂക്ഷിക്കാൻ സർക്കാരും സമൂഹവും എടുക്കേണ്ട ശക്തമായ നിലപാട് ഓർമിപ്പിക്കുകകൂടിയാണ് ഇന്നലെയുണ്ടായ വിധി. സാമൂഹിക ജാഗ്രതയുടെ കരവലയത്തിനുള്ളിൽ സുരക്ഷിതരായും സന്തുഷ്ടരായും അവർ ജീവിക്കുന്നുവെന്ന് എന്തു വിലകെ‍ാടുത്തും നാം ഉറപ്പുവരുത്തിയേതീരൂ.

അതെ. ചില കോടതിവിധികൾ കുറ്റവാളികൾക്കുവേണ്ടി മാത്രമുള്ളതല്ല.

English Summary:

Death sentence for Aluva child murder case culprit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com