ക്രിമിനൽ നീതി നടത്തിപ്പിന്റെ മാതൃക
Mail This Article
നമ്മുടെ രാജ്യത്തു കുറ്റപത്രം നൽകപ്പെടുന്ന കേസുകളിൽ ചെറിയൊരു ശതമാനം മാത്രമാണു ശിക്ഷയിൽ എത്തുന്നത്. ഭൂരിഭാഗം പ്രതികളും വിട്ടയയ്ക്കപ്പെടുന്നതിൽനിന്നു മനസ്സിലാകുന്നത്, നിരപരാധികളെ കേസിൽപെടുത്തി അല്ലെങ്കിൽ വേണ്ടത്ര തെളിവു കണ്ടെത്താനായില്ല എന്നാണ്. ഇതിൽനിന്നു വ്യത്യസ്തമായി, ആലുവ കേസിന്റെ അന്വേഷണഘട്ടം മുതൽ കാണാനായ ശുഷ്കാന്തിയും പ്രതിബദ്ധതയും ക്രിമിനൽ നീതി നടത്തിപ്പ് എങ്ങനെ വേണമെന്നതിനു മാതൃകയാണ്. സമൂഹത്തിന്റെ മനഃസാക്ഷിയെ പിച്ചിച്ചീന്തുന്ന കേസുകളിൽ ശിക്ഷാവിധി ഇതുപോലെ ഒട്ടും വൈകാതെ വേണം.
ഈ കേസിന്റെ പ്രത്യേകതകളിലൊന്ന്, ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട കുഞ്ഞും പ്രതിയും ഇതരസംസ്ഥാനക്കാരാണ് എന്നതാണ്. കുറ്റവാളിക്കു തക്ക ശിക്ഷ കിട്ടണമെന്ന ആഗ്രഹമല്ലാതെ നാട്ടുകാർക്ക് ഈ കേസിൽ മറ്റു താൽപര്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.
ക്രിമിനൽ നീതിനിർവഹണ സംവിധാനത്തിന്റെ നെടുംതൂണുകളായ പൊലീസ്, പ്രോസിക്യൂഷൻ, കോടതി സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചതിന്റെ ഫലമായാണ് വേഗത്തിൽ തീർപ്പുണ്ടായത്. പ്രതിബദ്ധതയോടെ പ്രവർത്തിച്ച അന്വേഷണസംഘം 30 ദിവസത്തിനകം കുറ്റപത്രം നൽകി. 26 ദിവസത്തിനുള്ളിൽ വിസ്താരം പൂർത്തിയാക്കാൻ കോടതിക്കും കഴിഞ്ഞു. പ്രോസിക്യൂട്ടർ ജി.മോഹൻരാജിന്റെ മികവും എടുത്തുപറയണം.
കോടതി പ്രതിയുടെ മനോനില സംബന്ധിച്ചു ഡോക്ടർമാരോടും മാനസാന്തരപ്പെടാൻ സാധ്യതയുണ്ടോയെന്നു ജയിൽ അധികൃതരോടും റിപ്പോർട്ട് തേടിയെന്നാണ് അറിയുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയല്ലെന്നു ഡോക്ടർമാർ റിപ്പോർട്ട് നൽകി. റിപ്പോർട്ട് മറിച്ചായിരുന്നെങ്കിൽ കുറ്റക്കാരനെന്ന കണ്ടെത്തൽപോലും ദുർബലമായേനെ. അതുപോലെ പ്രതി പാവമാണെന്നും തെറ്റ് അബദ്ധത്തിൽ സംഭവിച്ചതാണെന്നും ജയിലിൽനിന്നു റിപ്പോർട്ട് വന്നാലോ? അതുവരെ ചെയ്തതെല്ലാം തകിടം മറിയും. ഭാഗ്യത്തിന് അതുണ്ടായില്ല. നിയമവും പ്രതിയുടെ പശ്ചാത്തലവും പെരുമാറ്റവും ഉൾപ്പെടെ വസ്തുതകൾ വിലയിരുത്തി ശിക്ഷയുടെ കാര്യം കോടതി സ്വയം തീരുമാനിക്കേണ്ടതാണ്.
അപൂർവങ്ങളിൽ അപൂർവവും ജീവപര്യന്തം ശിക്ഷ മതിയാകില്ലെന്നു ബോധ്യമുള്ളതുമായ കേസുകളിലാണു വധശിക്ഷ നൽകുന്നത്. വധശിക്ഷാ വിധികൾ പലതും വരാറുണ്ടെങ്കിലും നടപ്പാക്കൽ ചുരുക്കമാണ്. ഹൈക്കോടതിയുടെ അംഗീകാരത്തോടെ മാത്രമേ വധശിക്ഷാ വിധികളിൽ തുടർനടപടി സാധിക്കൂ.
കുറ്റവാളി സമൂഹത്തിനു ഭീഷണിയാണെന്നും ഇങ്ങനെയൊരാൾ ഇറങ്ങിനടക്കുന്നത് കുഞ്ഞുങ്ങളുമായി കഴിയുന്ന മാതാപിതാക്കൾക്കു സ്വസ്ഥമായി കിടന്നുറങ്ങുന്നതിനു തടസ്സമാണെന്നും പ്രതിക്ക് ചെയ്ത തെറ്റിൽ ഖേദമില്ലെന്നും പരിവർത്തനം ഉണ്ടാകുമെന്നു പ്രതീക്ഷയില്ലെന്നും കോടതി കണ്ടെത്തിയതിന്റെ ഫലമാണു വധശിക്ഷ. ഇത്തരം കുറ്റം ചെയ്യുന്നവർക്കു സമൂഹത്തിൽ തുടരാൻ അർഹതയില്ലെന്ന ശക്തമായ സന്ദേശമാണ് ഈ വിധി നൽകുന്നത്.
(കേരള ഹൈക്കോടതി മുൻ ജഡ്ജിയാണ് ലേഖകൻ)