ADVERTISEMENT

നന്മയും മനുഷ്യത്വവും മറന്നുപോകുന്ന കാലമാണിതെന്നു പറയുമ്പോഴും നമുക്കൊപ്പമുള്ള ചിലർ സ്വയം സ്നേഹത്തിന്റെ വിളംബരമായിത്തീരുന്നതു നാം കാണുന്നു. തിന്മയും സ്നേഹരാഹിത്യവും വൈരാഗ്യവുമെ‍ാക്കെ നിറഞ്ഞുവരുന്ന കാലത്ത്, പ്രത്യാശയും ആത്മവിശ്വാസവും നൽകുന്ന വാർത്തകൾക്കു മൂല്യമേറെയാണ്. ഇന്നലെ നാം വായിച്ച രണ്ടു സ്നേഹവാർത്തകളിൽനിന്ന് അതുകൊണ്ടുതന്നെ നന്മയുടെ പരിമളം പരക്കുന്നു.

ചിതയിലെ തീയണഞ്ഞിട്ടും, മരണത്തിനും മായ്ക്കാനാകാത്ത മതസാഹോദര്യത്തിന്റെ സന്ദേശം ജ്വലിച്ചുനിൽക്കുന്ന കഥ കേട്ടത് മലപ്പുറം ജില്ലയിലെ നരണിപ്പുഴയിൽനിന്നാണ്. സമ്പാദ്യക്കുടുക്കകൾ പൊട്ടിച്ച്, ജപ്തിയിൽനിന്നു സഹപാഠിയുടെ വീട് കൂട്ടുകാർ തിരിച്ചുപിടിച്ച കഥയാവട്ടെ തൃശൂർ ജില്ലയിലെ വരന്തരപ്പിള്ളിയിൽനിന്നും.

നാലു പതിറ്റാണ്ടായി കുടുംബാംഗത്തെപ്പോലെ കഴിഞ്ഞിരുന്ന ഇതരമതസ്ഥന് അദ്ദേഹത്തിന്റെ മതാചാരപ്രകാരം അന്ത്യയാത്രയൊരുക്കിയപ്പോൾ ആ കുടുംബം നരണിപ്പുഴയിൽ സാഹോദര്യത്തിന്റെ സന്ദേശമെഴുതുകയായിരുന്നു. അലിമോനും സഹോദരീപുത്രൻ മുഹമ്മദ് റിഷാനും ചേർന്നു രാജന്റെ ചിതയ്ക്കു തീകൊളുത്തിയപ്പോൾ അതിരുകളില്ലാത്ത സ്നേഹവായ്പോടെ നാടും നാട്ടുകാരും ചേർന്നുനിന്നു. മതസാഹോദര്യമാണു കേരളത്തിന്റെ മുദ്രാമുഖമെന്നും നമ്മുടെ ജീവവായുവായ ഒരുമ കൂടുതൽ തിളങ്ങട്ടെ എന്നുമുള്ള ഓർമപ്പെടുത്തലാണ് അവിടെനിന്നു നാം കേട്ടെടുക്കേണ്ടത്. 

വരന്തരപ്പിള്ളി സിജെഎംഎ എച്ച്എസ്എസിലെ ആറാംക്ലാസുകാരനു വീടുവിട്ടിറങ്ങേണ്ട അവസാന ദിവസമായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച; ബാങ്ക് ജപ്തി ചെയ്ത വീടും സ്ഥലവും ലേലം വിളിക്കുന്ന ദിവസം. ഹൃദ്രോഗിയായ അമ്മയ്ക്കും നിത്യരോഗിയായ അമ്മൂമ്മയ്ക്കുമൊപ്പം ആ ബാലൻ തെരുവിലാകുന്ന സാഹചര്യം സ്കൂളിലെ കൂട്ടുകാരും അധ്യാപകരുമറിഞ്ഞു. 2,59,728 രൂപയുടെ കടം തീർക്കാൻ അവർ കൈകോർത്തപ്പോൾ സ്വരൂപിച്ചത് 2.98 ലക്ഷം രൂപയാണ്. ആ തുകകെ‍ാണ്ട് ബാങ്കിലെ കടം തീർക്കുക മാത്രമല്ല ചെയ്തത്. ബാക്കിത്തുക ആ വിദ്യാർഥിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കാനുമായി. പൊതുലേലത്തിനു 2 ദിവസം മുൻപ്, 16നുതന്നെ മുഴുവൻ തുകയും അടച്ചു ബാധ്യത ഒഴിവാക്കാനായത് ആ സ്കൂളിലുള്ളവർക്ക് ഇനിയും ഇത്തരം കാരുണ്യദൗത്യങ്ങളേറ്റെടുക്കാൻ ആത്മവിശ്വാസം പകരും; മറ്റുള്ളവർക്ക് ഇതു പ്രചോദനമാകുകയും ചെയ്യും.

മനുഷ്യന്റെ ആത്യന്തികനന്മ വിളംബരം ചെയ്യുകയാണ് ഈ രണ്ടു സംഭവങ്ങളും. നിശ്ചയദാർഢ്യവും സ്നേഹത്തിന്റെ കൈകോർക്കലുമുണ്ടെങ്കിൽ വലുതും ചെറുതുമായ എത്രയോ സാഫല്യങ്ങൾ നമുക്കു സാധ്യമാക്കാമെന്ന ഓർമപ്പെടുത്തലുമാണ്. സഹജീവിസ്‌നേഹം നിറഞ്ഞ നിസ്വാർഥ ദൗത്യങ്ങൾക്ക് ഫലശ്രുതി ഉണ്ടാവുമെന്ന അടിസ്ഥാനപാഠം നമുക്കു മറക്കാനുള്ളതല്ല; മനസ്സിലെന്നേക്കും എടുത്തുവയ്ക്കാനുള്ളതാണ്. അശരണർക്കു താങ്ങാവാൻ, ഒരുമയുടെ കൈക്കുമ്പിൾ നിറയ്ക്കുന്ന ക്ലേശയജ്ഞങ്ങളിൽ പങ്കുചേരുന്നവരെ കേരളത്തിൽ മിക്കയിടത്തും കാണാം. 

ഇങ്ങനെ പുറംലോകമറിഞ്ഞും അറിയാതെയും എത്രയോ പേർ ചുറ്റുമുള്ളവരുടെ ജീവിതത്തിൽ നന്മയുടെ കയ്യെ‍ാപ്പിട്ടുപോരുന്നു. ഈ സംഭവങ്ങൾ അതിലെ സ്നേഹാർദ്രത കൊണ്ടുമാത്രമല്ല, അമൂല്യമായ സന്ദേശങ്ങൾകൊണ്ടുകൂടി ശ്രദ്ധേയമാകുന്നുണ്ട്. തിന്മ നിഴൽവീഴ്ത്തുന്ന ഈ കാലത്തു കേരളം ഹൃദിസ്ഥമാക്കേണ്ട നന്മയുടെ അടയാളവാക്യങ്ങൾകൂടി ഇതിൽനിന്നു വായിച്ചെടുക്കാം.

ജീവന്റെ വില തിരിച്ചറിയുന്നവർ ഏതൊരു സമൂഹത്തിന്റെയും സൗഭാഗ്യമാണെന്നതു വീണ്ടുമോർമിക്കേണ്ടതുണ്ട്. നന്മയുടെ തുടിപ്പുകൾ അറിയിക്കുന്ന സ്േനഹവഴികളിൽനിന്ന് ഇങ്ങനെയുള്ള നല്ല വാർത്തകൾ ഇനിയും നാം കേട്ടുകൊണ്ടേയിരിക്കട്ടെ. അഭിനന്ദനവാക്കുകൾക്കു പകരം, ഈ സുമനസ്സുകൾ കാണിക്കുന്ന മാതൃകകളുടെ സ്നേഹാവർത്തനങ്ങൾ കൊണ്ടാവണം കേരളം ഇവരെ അഭിവാദ്യം ചെയ്യേണ്ടത്.

English Summary:

Editorial about a declaration of love

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com