ഹൃദയശുദ്ധിയുടെ തീർഥാടനം
Mail This Article
കൊട്ടും കുരവയും വാദ്യഘോഷങ്ങളുമില്ല. വലിയ ആൾക്കൂട്ടമില്ല. ആരവങ്ങളുമില്ല. അതീവ ലാളിത്യം പൂണ്ട ഒരു യാത്രയായിരുന്നു 1932ൽ നടന്നത്. മൂലൂർ എസ്.പത്മനാഭപ്പണിക്കരുടെ പത്തനംതിട്ട ഇലവുംതിട്ടയിലെ വസതിയായ കേരളവർമ സൗധത്തിൽനിന്നു ശിവഗിരി മഠത്തിലേക്കായിരുന്നു ആ പദയാത്ര. മഞ്ഞളരച്ചു കലക്കിയ വെള്ളത്തിൽ പിഴിഞ്ഞ് ഉണക്കിയ മുണ്ടുടുത്ത്, ഗുരുദേവകീർത്തനങ്ങൾ ആലപിച്ചുകൊണ്ടുള്ള പ്രയാണം. ആകെ 5 പേർ മാത്രം: പി.കെ.ദിവാകരപ്പണിക്കർ, പി.കെ.കേശവൻ, എം.െക.രാഘവൻ, കെ.എസ്.ശങ്കുണ്ണി, പി.വി.രാഘവൻ. ആത്മീയാന്വേഷകരുടെ അഭയകേന്ദ്രമായ ശിവഗിരി തീർഥാടനത്തിന്റെ തുടക്കം അങ്ങനെയായിരുന്നു.
1928 ജനുവരി 16. സമയം പകൽ മൂന്നു കഴിഞ്ഞു. വെയിൽ പടിഞ്ഞാറേക്കു ചായാൻ തുടങ്ങുന്നു. കോട്ടയത്തു നാഗമ്പടം ക്ഷേത്രമുറ്റത്തെ മാവിൻചുവട്ടിൽ ശ്രീനാരായണഗുരു ചാരുകസേരയിൽ വിശ്രമിക്കുകയാണ്. നാലു മണിക്കു വൈക്കത്തേക്കു യാത്ര നിശ്ചയിച്ചിരിക്കുന്നു. യാത്രയാക്കാൻ വന്ന യോഗം പ്രവർത്തകരും ശിഷ്യരും അരികിലുണ്ട്. ഈ സമയം ഏതാനും പേർ അരികിലെത്തി ഗുരുവിനെ വണങ്ങി. വല്ലഭശേരി ഗോവിന്ദൻകുട്ടി വൈദ്യരും ടി.കെ.കിട്ടൻ റൈറ്ററുമാണ് മുന്നിൽ. സ്വാമികൾ ചോദിച്ചു: ‘എന്താ വൈദ്യർ റൈറ്ററുമായി? വിശേഷിച്ചു വല്ലതുമുണ്ടോ?’
വല്ലഭശേരി പറഞ്ഞു:‘റൈറ്റർക്ക് ഒരു കാര്യം അറിയിച്ച് അനുവാദകൽപന വാങ്ങിപ്പാനുണ്ട്.’
തലേന്നാൾ ഉറ്റബന്ധു മൂലൂർ എസ്.പത്മനാഭപ്പണിക്കരുമായി ചർച്ച ചെയ്തു തയാറാക്കിയ കുറിപ്പ് റൈറ്റർ ഗുരുവിനു സമർപ്പിച്ചു. ശിവഗിരി തീർഥാടനത്തെക്കുറിച്ചുള്ളതാണ്. ഗുരു അതു സവിസ്തരം കേൾക്കുകയും തീർഥാടകർ അനുഷ്ഠിക്കേണ്ട കർത്തവ്യങ്ങളെക്കുറിച്ചു വ്യക്തമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.
യാത്രയ്ക്കു മുൻപ് 10 നാൾ ശരീരം, മനസ്സ്, ആഹാരം, വാക്ക്, പ്രവൃത്തി എന്നിവ ക്രമീകരിച്ച് ശ്രീബുദ്ധ ഭഗവാന്റെ പഞ്ചശുദ്ധി പാലിക്കണം. ശ്രീകൃഷ്ണന്റെ വസ്ത്രത്തിന്റെ നിറമായ മഞ്ഞതന്നെയാകാം വേഷം. മഞ്ഞയുടുക്കുന്നതുകൊണ്ട് ഗുണങ്ങളേറെ. മഞ്ഞൾപ്പൊടി ചേർത്ത വെള്ളത്തിൽ മുക്കി വെള്ളവസ്ത്രം മഞ്ഞയാക്കാം. യാത്ര കഴിഞ്ഞുവന്നു സോപ്പു പുരട്ടി കഴുകിയാൽ പഴയ വെണ്മ വീണ്ടെടുക്കാം. രോഗാണുകൾ അടുക്കുകയുമില്ല. തീർഥാടനത്തിനു വസ്ത്രം വാങ്ങാനുള്ള പണച്ചെലവുമില്ല. ശിവഗിരിയിൽ വിവിധ വിഷയങ്ങളെപ്പറ്റി പ്രഭാഷകരെ വരുത്തി പ്രഭാഷണം നടത്തണം. ഭക്തർ സ്മരണയുടെ മടിശീലയിൽ ജ്ഞാനത്തിന്റെ സമ്പാദ്യങ്ങളുമായി വേണം മടങ്ങാനെന്നും ഗുരു പറഞ്ഞു.
വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതികശാസ്ത്ര പരിശീലനം എന്നിവയാണ് തീർഥാടന ലക്ഷ്യങ്ങളായി ഗുരു വിഭാവനം ചെയ്തത്. തീർഥാടനമാരംഭിച്ച് 90 വർഷം കടന്നുപോകുമ്പോഴും ഇവയുടെ കാലിക പ്രസക്തി നിലനിൽക്കുന്നു. ഈ എട്ടു വിഷയങ്ങളിലും സമഗ്രമായ പുരോഗതി നേടാനുണ്ട്. തീർഥാടനത്തിനു ഗുരുദേവന്റെ അനുമതി ലഭിച്ചെങ്കിലും ആരംഭം കുറിക്കാനായത് നാലു വർഷത്തിനു ശേഷമാണ്. ശിവഗിരി തീർഥാടന സമ്മേളന വേദിയിൽ സ്ഥാപിക്കുന്ന ഗുരുദേവ വിഗ്രഹം മൂലൂർ വസതിയിൽനിന്നാണ് കൊണ്ടുവരാറുള്ളത്.
ഇക്കൊല്ലത്തെ തീർഥാടനത്തിനു പ്രത്യേകതകളേറെ. ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ നടന്ന ആലുവ സർവമത സമ്മേളനത്തിന്റെയും ഗുരുവിന്റെ അനുഗ്രഹമുണ്ടായിരുന്ന വൈക്കം സത്യഗ്രഹത്തിന്റെയും ശതാബ്ദി വേളയാണിത്. ഗുരുശിഷ്യനും മലയാളത്തിന്റെ മഹാകവിയുമായ കുമാരനാശാന്റെ 150–ാം ജന്മവാർഷികവും. ആധ്യാത്മികാനുഭൂതിയുടെ വേള മാത്രമല്ല ശിവഗിരി തീർഥാടനം. അറിവും ദർശനവും ശാസ്ത്രവും സമന്വയിക്കുന്ന തീർഥാടനം വ്യക്തിയുടെയും സമൂഹത്തിന്റെയും ഉന്നമനം ലക്ഷ്യമിടുന്നു; മനസ്സുകളെ പവിത്രീകരിക്കുന്നു
(സരസകവി മൂലൂർ എസ്.പത്മനാഭപ്പണിക്കരുടെ ചെറുമകനും മൂലൂർ സ്മാരകം മുൻ സെക്രട്ടറിയുമാണ് ലേഖകൻ)